വിമാന യാത്രക്ക് സമാനമായ സൗകര്യങ്ങള്‍; ഫ്ലിക്‌സ് ബസ് ദക്ഷിണേന്ത്യയിലേക്ക്
text_fieldsവിമാന യാത്രക്കു സമാനമായ സൗകര്യങ്ങള്‍ നൽകുന്ന, ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്‌സ് ബസ് ദക്ഷിണേന്ത്യയിലേക്കും സർവീസ് വ്യാപിപ്പിക്കുന്നു. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് ഉത്തരേന്ത്യയില്‍ സേവനം ആരംഭിച്ച ഫ്ലിക്‌സ് ബസ് ഈ മാസം 10 മുതല്ലാണ് സേവനം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്. വിശാലമായ സീറ്റിനൊപ്പം കപ് ഹോൾഡർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബസിനുള്ളിൽ യാത്രക്കാർക്ക് ലഭിക്കും. ആദ്യഘട്ടത്തില്‍ ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. ഇതിനായി ബെംഗളൂരുവില്‍ കമ്പനി ഒരു ഹബ്ബും ആരംഭിച്ചു.
വൈകാതെ ബെലഗാവി, കോയമ്പത്തൂർ, മധുര, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും ഭാവിയിൽ കേരളത്തിലേതുൾപ്പെടെ 33 നഗരങ്ങളിലേക്കും സര്‍വീസ് ലഭ്യമാക്കും. ദക്ഷിണേന്ത്യയിലേക്കുള്ള കമ്പനിയുടെ പ്രവര്‍ത്തനം കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. ബംഗളൂരു നഗരത്തിനു ചുറ്റും ആരംഭിച്ച പുതിയ റൂട്ടുകള്‍ക്ക് 99 രൂപയുടെ പ്രത്യേക പ്രമോഷണല്‍ നിരക്കും ഫ്ലിക്‌സ് ബസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന യാത്ര നിരക്കും പ്രഫഷനല്‍ സമീപനവുമായി എത്തുന്ന ഫ്ലിക്‌സ് ബസ് യാത്ര ആസ്വാദ്യകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
അഞ്ഞൂറും ആയിരവും കിലോമീറ്റര്‍ അകലെയുള്ള നഗരങ്ങളിലേക്ക് സുഖപ്രദമായി യാത്ര ചെയ്യാനായി 2011ല്‍ ജര്‍മ്മനിയില്‍ സ്ഥാപിക്കപ്പെട്ട പാസഞ്ചര്‍ ബസ് ശൃംഖലയാണ് ഫ്ലിക്‌സ് ബസ്. വിമാന സര്‍വീസുകള്‍ പോലെ ഒറ്റ ക്ലിക്കില്‍ യാത്ര ബുക്ക് ചെയ്യാനും ബസുകള്‍ തത്സമയം ട്രാക്ക് ചെയ്യാനുമുള്ള സൗകര്യം ഫ്ലിക്‌സ് ബസിനുണ്ട്. യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ചാര്‍ജ് വളരെ കുറവാണ്. സര്‍വീസ് ആരംഭിച്ച് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ജര്‍മ്മനിയില്‍ മാര്‍ക്കറ്റ് ഉണ്ടാക്കിയ കമ്പനി ഇന്ന് യൂറോപ്പിലെ 40 രാജ്യങ്ങളിലായി ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. വര്‍ഷത്തില്‍ എട്ടു കോടി യാത്രക്കാരും പതിനാറായിരം കോടി രൂപയുടെ വരുമാനവുമായി കമ്പനി കുതിക്കുകയാണ്.
യുറോപ്പില്‍ നഗരത്തിനുള്ളില്‍ ബസും ട്രാമും അടുത്ത നഗരത്തിലേക്ക്, കൂടുതല്‍ ദൂരത്തിലേക്ക് ട്രെയിൻ, വിമാന സര്‍വീസുകൾ എന്നിങ്ങനെയായിരുന്നു യാത്രാരീതി. ട്രെയിന്‍ സര്‍വീസുകള്‍ നല്ലതാണെങ്കിലും പലപ്പോഴും വിമാനയാത്രയേക്കാള്‍ ചെലവ് കൂടുതലാണ്. ആകര്‍ഷകമായ ടിക്കറ്റ് രീതികളിലൂടെ യൂറോപ്പിലെ യാത്രാസംസ്‌കാരം തന്നെ ഫ്ലിക്‌സ് ബസ് മാറ്റിമറിച്ചു. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ വിനോദസഞ്ചാരികൾക്കും ഫ്ലിക്‌സ് ബസ് വലിയ സഹായമായി. ഫ്ലിക്‌സ് ബസിന്‍റെ കടന്നുവരവ് ഇന്ത്യയിലും പൊതുഗതാഗത രംഗത്ത് ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.