വെറും 120 സെക്കൻഡ്, ഇൗ ബൈക്കുകൾ വിറ്റുതീർന്നത് ശരവേഗത്തിൽ
text_fieldsവെറും 120 സെക്കൻഡ് കൊണ്ട് രണ്ട് ബൈക്ക് മോഡലുകൾ വിറ്റുതീരുക എന്നത് ആരെയാണ് അമ്പരപ്പിക്കാത്തത്. അങ്ങിനെയൊരു അത്ഭുതം സംഭവിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡിന്. 120ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി.ടി.650 മോഡലുകളാണ് ശരവേഗത്തിൽ വിറ്റഴിഞ്ഞത്.
ബൈക്കുകളുടെ ആനിവേഴ്‌സറി എഡിഷന്‍ പതിപ്പ് കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയപ്പോൾതന്നെ വൻതോതിൽ ജനപ്രീതിയാർജിച്ചിരുന്നു. ഇന്ത്യന്‍ വിപണിക്കായി ആനിവേഴ്‌സറി എഡിഷന്റെ 120 യൂനിറ്റാണ് അനുവദിച്ചിരുന്നത്. ഡിസംബര്‍ ആറിനാണ് ബുക്കിങ് തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ബുക്കിങ് ആരംഭിച്ചു. രണ്ട് മിനിറ്റിനുള്ളില്‍തന്നെ 120 എണ്ണവും വിറ്റുപോയി. ബുക്കിങ്ങിലെ മുന്‍ഗണന അനുസരിച്ച് വിതരണം നടത്തുമെന്ന് എൻഫീൽഡ് അധികൃതർ അറിയിച്ചു.
ഇന്ത്യ, യൂറോപ്പ്, അമേരിക്ക, സൗത്ത്-ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ വിപണികള്‍ക്കായി ആനിവേഴ്‌സറി എഡിഷന്‍ മോഡലുകളുടെ 480 യൂനിറ്റുകളാണ് നിർമിച്ചത്. ഇതില്‍ 60 വീതം 120 എണ്ണമാണ് ഇന്ത്യക്കായി അനുവദിച്ചത്. റോയലിന്റെ ലണ്ടനിലേയും ഇന്ത്യയിലേയും ജീവനക്കാരാണ് ബൈക്ക് ഡിസൈന്‍ ചെയ്തത്. ബ്ലാക്ക് ക്രോം നിറത്തിലുള്ള ടാങ്ക്, വശങ്ങളില്‍ നല്‍കിയിട്ടുള്ള ആനിവേഴ്‌സറി എഡിഷൻ ബാഡ്ജിങ്ങ്, കറുപ്പ് നിറത്തിെൻറ ആധിക്യം എന്നിവയാണ് പ്രത്യേകതകൾ. മറ്റ് ആക്‌സസറീസ് കിറ്റുകൾ കൂടാതെ അഞ്ച് വർഷത്തെ വിപുലീകൃത വാറന്റിയും കമ്പനി ആനിവേഴ്‌സറി എഡിഷനുകൾക്ക് നൽകുന്നുണ്ട്.
റോയലിെൻറ ചരിത്രം
1901 നവംബറില്‍ ലണ്ടനില്‍ നടന്ന സ്റ്റാന്‍ലി സൈക്കിള്‍ ഷോയിലാണ് ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിക്കുന്നത്. എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും കരുത്തരായ രണ്ട് മോഡലുകളാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി.ടി.650എന്നിവ. 650 ഇരട്ടകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ പ്ലാന്റിലാണ് വാഹനത്തിന്റെ ടാങ്കിലെ നിറം വികസിപ്പിച്ചത്.
പാരലല്‍ ട്വിന്‍ എഞ്ചിനുമായി 2019-ലാണ് ബൈക്കുകൾ നിരത്തിലെത്തിയത്. 648 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. 7100 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി പവറും 4000 ആര്‍.പി.എമ്മില്‍ 52 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ്.
അതേസമയം, റോയൽ എൻഫീൽഡിന്റെ ആഭ്യന്തര മോട്ടോർസൈക്കിൾ വിൽപ്പന 2021 നവംബറിൽ 24 ശതമാനം ഇടിഞ്ഞ് 44,830 യൂനിറ്റുകളായി. കയറ്റുമതി എണ്ണം 2020 നവംബറിൽ രേഖപ്പെടുത്തിയ 4,698 യൂനിറ്റുകളിൽ നിന്ന് 45 ശതമാനം ഉയർന്ന് കഴിഞ്ഞ മാസം 6,824 യൂനിറ്റിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.