വാഹനങ്ങൾക്ക് ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം; തീരുമാനം 8-10 ദിവസത്തിനകം
text_fieldsരാജ്യത്തെ വാഹനങ്ങളിൽ ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന് സൂചന നൽകി കേന്ദ്രം. വരുന്ന 8-10 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം വെളിപ്പെടുത്തി. വാഹനരംഗത്തെ തുടർച്ചയായ പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഫ്ലക്സ് എഞ്ചിനുകളും നിർബന്ധമാക്കുന്നത്. നേരത്തേ രാജ്യത്ത് വിൽക്കുന്ന ഇന്ധനത്തിൽ എഥനോൾ ചേർക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനമാണ് വിൽക്കുന്നത്. ഇത് പടിപടിയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. എഥനോൾ ചേർത്ത ഇന്ധനവും ഫ്ലക്സ് എഞ്ചിനും തമ്മിൽ ബന്ധമുണ്ട്. അതിനാലാണ് തുടർച്ചയായ നീക്കങ്ങളിലേക്ക് സർക്കാർ കടക്കുന്നത്.
എന്താണീ ഫ്ലക്സ് എഞ്ചിൻ
ഫ്ലക്സ് എഞ്ചിനുകൾ എന്നത് പുതിയൊരു ആശയമല്ല. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് ശതമാനം മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചന നൽകിയത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്നെയാണ്. 'ഞാൻ ഗതാഗത മന്ത്രിയാണ്. ഞാൻ വാഹന വ്യവസായത്തെകുറിച്ച് ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ പോകുന്നു. പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഫ്ലക്സ് ഇന്ധന എഞ്ചിനുകളും നിർമിക്കണമെന്നതാണ് അത്. ആളുകൾക്ക് 100 ശതമാനം ക്രൂഡ് ഓയിൽ അല്ലെങ്കിൽ 100 എഥനോൾ ഉപയോഗിക്കാം എന്നൊരു ഒാപ്ഷൻ കൊടുക്കേണ്ടതുണ്ട്. 8-10 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമാകും'-2020-21 ലെ റോട്ടറി ഡിസ്ട്രിക്റ്റ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പറഞ്ഞു.
ഫ്ലക്സ് ഇന്ധന എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിപ്പിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ ഇതിനകം തന്നെ എഥനോൾ മിശ്രിത പെട്രോളാണ് ഉപയോഗിക്കുന്നത്. 2025 മുതൽ 2023 വരെ രണ്ട് വർഷത്തിനുള്ളിൽ 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
പ്രതീക്ഷകൾ നിരവധി
ഒരുപാട് പ്രതീക്ഷകളുമായാണ് കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലക്സ് എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത് കൊണ്ടുവരുന്നത്. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്തെ എണ്ണ ഇറക്കുമതി ചിലവ് കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും പെട്രോളിെൻറ നിലവിലെ വില ലിറ്ററിന് 100 രൂപയ്ക്ക് പുറത്താണ്. എന്നാൽ എഥനോൾ വില ലിറ്ററിന് 60-62 രൂപയുമാണ്. കൂടാതെ, എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ മലിനീകരണ തോതും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.