ഇനിമുതൽ ടോൾ ബൂത്തുകളിൽ പണപ്പിരിവ് ഇല്ല; പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്രം
text_fieldsപൊതുജനത്തിന്‍റെ പണം വാങ്ങി അവന് റോഡ് നിർമിച്ചുകൊടുക്കുന്ന ഏർപ്പാട് നമ്മുടെ രാജ്യത്ത് തുടങ്ങിയിട്ട് ഏറെക്കാലമായി. എങ്ങിനെ പണപ്പിരിവ് ഇല്ലാതാക്കാം എന്നതിനുപകരം പിരിക്കാൻ എങ്ങിനെ കൂടുതൽ നൂതനമായ മാർഗങ്ങൾ കണ്ടെത്താം എന്ന ആലോചനയിലുമാണ് ഭരണകൂടം. റോഡിലിറങ്ങുന്ന ഒറ്റൊരാളെയും വെറുതേവിടരുത് എന്ന ലക്ഷ്യത്തോയൊണ് ഇത്തരം സംവിധാനങ്ങൾ നടപ്പാക്കുന്നത്. ഇതിനായി കുറച്ചുനാൾ മുമ്പ് മോദി സർക്കാർ നടപ്പാക്കിയതാണ് ഫാസ്ടാഗ്. ഇപ്പോൾ അതിലും മികച്ച രീതിയിൽ പൊതുജനത്തിന്‍റെ പണം കവരാനുള്ള അന്വേഷണത്തിലുമാണ് കേന്ദ്ര സർക്കാർ.
ഇന്ത്യയിൽ ഉടനീളമുള്ള ഹൈവേകളിൽ ഫാസ്‍ടാഗുകൾക്ക് പകരം ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് വാർത്തകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കിക്കൊണ്ട് പകരം വാഹനങ്ങളില്‍ നിന്ന് ജി.പി.എസ് ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. രാജ്യസഭയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ കഴിയുമെന്ന് ഗഡ്കരി സൂചന നൽകി. ഇതിനായി ദേശീയ പാതകളിൽ ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനത്തിനായി കേന്ദ്രം കൺസൾട്ടൻസിയെ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്താണ് പുതിയ രീതി?
ഹൈവേകളിൽ സ്ഥാപിച്ച ക്യാമറകളിലൂടെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം സിസ്റ്റം ഉപയോഗിച്ചാണ് പുതിയ രീതിയിൽ ടോൾ പിരിക്കുക. വാഹനം സഞ്ചരിക്കുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ ഈടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിലവിൽ ഫാസ്ടാഗുകൾ പ്ലാസകളിൽ RFID അടിസ്ഥാനമാക്കിയുള്ള ടോൾ ശേഖരണമാണ് ഉപയോഗിക്കുന്നത്. അതായത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കും.
2021 ഫെബ്രുവരി 15 മുതൽ ടോൾ ഫീസ് അടയ്‌ക്കുന്നതിന് ഫാസ്‌ടാഗുകൾ നിർബന്ധിതമാക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) എല്ലാ ഫാസ്ടാഗ് ഉപയോക്താക്കളോടും ഫെബ്രുവരി 29 ന് മുമ്പ് KYC നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. NHAI-യുടെ വൺ വെഹിക്കിൾ വൺ ഫാസ്‌റ്റാഗ് നയം നടപ്പിലാക്കാനാണ് ഈ നീക്കം. ഒരു വാഹനം ഒന്നിലധികം ഫാസ്‌ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇവയെല്ലാം ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.
ജി.പി.എസ് അടിസ്ഥാന ടോൾ സിസ്റ്റം പ്രവർത്തിക്കുന്നതെങ്ങിനെ?
ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇനി നോക്കാം. പുതിയ ജി.പി.എസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് ടോൾ ഫീ ഈടാക്കും വിധമാണ് സജ്ജീകരിച്ചിരിക്കുക. പുതിയ സംവിധാനത്തിൻ്റെ പരീക്ഷണം കേന്ദ്രം ഇതിനകം രണ്ടിടങ്ങളിൽ നടത്തിയതായി ഗഡ്കരി പറഞ്ഞു. ഒരു വാഹനം സഞ്ചരിക്കുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും.
സഞ്ചരിച്ച ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുന്ന അക്കൗണ്ടുകളുമായി നമ്പർ പ്ലേറ്റുകൾ ലിങ്ക് ചെയ്യും. അതുവഴി ടോൾ ബൂത്തുകളിൽ വാഹനങ്ങൾ നിർത്തുന്നതു വഴിയുള്ള സമയ നഷ്ടം, ഇന്ധന നഷ്ടം പോലുള്ളr ഒഴിവാകും. ഫാസ്ടാഗ് സ്‌കാൻ ചെയ്യുന്നതിന് വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്തിയിടുന്നത് പലപ്പോഴും നീണ്ട ക്യൂകൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി ജി.പി.എസ് മാറുമെന്നാണ് മോദി സർക്കാറിന്‍റെ കണക്കുകൂട്ടൽ.
2021 മുതലാണ് ഹൈവേകളിൽ ടോൾ അടയ്‌ക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും ഫാസ്‌ടാഗ് നിർബന്ധമാക്കുന്നത് ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ഫീസിൻ്റെ ഇരട്ടി പിഴയായി നൽകണം. ഇത് നടപ്പിലാക്കി മൂന്ന് വർഷത്തിന് ശേഷമാണ് ജി.പി.എസ് അധിഷ്ഠിത ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം അവതരിപ്പിക്കുന്നത്. പുതിയ സംവിധാനം യാഥാർഥ്യമായാൽ ഫാസ്ടാഗുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും. തുടർന്ന് രാജ്യത്തെ ടോൾ പ്ലാസകൾ പതിയെ ഇല്ലാതാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.