ഹാർലിയുടെ രണ്ടാമത്തെ ബൈക്കും ഉടനെത്തും; ‘നൈറ്റ്സ്റ്റർ 440’ ട്രേഡ്മാർക് ചെയ്ത് ഹീറോ മോട്ടോർകോപ്പ്
text_fieldsഹാര്‍ലി ഡേവിഡ്‌സണ്‍ ബഡ്ജറ്റ് ബൈക്കുമായി രാജ്യത്ത് തിരിച്ചുവരവ് നടത്തിയത് അടുത്തിടെയാണ്. മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പുതിയ മത്സരത്തിന് തിരികൊളുത്തി അവതരിച്ച പുതിയ മോഡലുകളില്‍ ഒന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്സ് 440. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുമായി കൈകോര്‍ത്ത് നിര്‍മിച്ച എക്സ്440-യുടെ അവതരണ വേളയില്‍ തന്നെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ സൂചിപ്പിച്ചിരുന്നു. എക്സ്440 പ്ലാറ്റ്‌ഫോം വെറും ഹാര്‍ലി എക്സ്440 റോഡ്‌സ്റ്ററില്‍ മാത്രം ഒതുക്കില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം.
ഇതേ പ്ലാറ്റ്‌ഫോമില്‍ ഹീറോയുടെ ബാഡ്ജില്‍ പുത്തന്‍ ബൈക്ക് അടുത്ത വര്‍ഷം അരങ്ങേറുമെന്ന് നേരത്തെ ഉറപ്പായതാണ്. ഇപ്പോള്‍ ഹാര്‍ലിയുടെ രണ്ടാമത്തെ 440 സിസി ബൈക്കിനെ കുറിച്ച് ചില സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹീറോയും ഹാര്‍ലിയും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി അടുത്ത പ്രധാന ഉല്‍പ്പന്നത്തിനായി പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ 'നൈറ്റ്സ്റ്റര്‍ 440' എന്ന പേര് ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുകയാണ്.
എക്സ്440 മോട്ടോര്‍സൈക്കിള്‍ പോലെ തന്നെ വരാനിരിക്കുന്ന ഹാര്‍ലി ഡേവിഡ്സണ്‍ നൈറ്റ്സ്റ്റര്‍ 440-യും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യും. ബ്രാന്‍ഡിന്റെ രണ്ടാമത്തെ 440 സിസി മോട്ടോര്‍സൈക്കിളായിരിക്കും ഇത്. ഹാര്‍ലിയുടെ സ്‌പോര്‍ട്‌സ് ബൈക് ശ്രേണിയില്‍ വരുന്ന മോട്ടോര്‍സൈക്കിളാണ് നൈറ്റ്സ്റ്റര്‍. ഇതിന് സമാനമായി എക്സ്440-യുടെ സ്‌പോര്‍ട്ടിയര്‍ പതിപ്പായിരിക്കും നൈറ്റ്‌സ്റ്റര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സ്440-യും നൈറ്റ്‌സ്റ്ററും ഒരേ എഞ്ചിനായിരിക്കും പങ്കിടുക. പുത്തന്‍ ലോഞ്ചുകളിലൂടെ ഇന്ത്യയിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കാനാണ് ഹീറോ-ഹാര്‍ലി സഖ്യത്തിന്റെ ശ്രമം. ഇതേപാതയിലാണ് ട്രയംഫ്-ബജാജ് സഖ്യവും നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.