ഹാർലിയുടെ പ്രാദേശിക താരകങ്ങളിൽ രണ്ടാമനായി എക്സ് 500; ആഗോള അരങ്ങേറ്റം ചൈനയിൽ
text_fieldsആഗോള പ്രശസ്തമായ അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ അടുത്തിടെയാണ് ഇന്ത്യയിൽ നിന്ന് കച്ചവടം മതിയാക്കി വണ്ടി കയറിയത്. ചൈനയിലും ഹാർലിയുടെ അവസ്ഥ ഏതാണ്ട് ഇതുപോലൊക്കെ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണികളായ രണ്ടെണ്ണത്തിൽ ഹാർലിക്ക് സ്വന്തം നിലക്ക് പച്ചപിടിക്കാനായില്ലെന്ന് സാരം. പിന്നീടാണ് പുതിയൊരു പദ്ധതിക്ക് ഹാർലി തുടക്കം കുറിച്ചത് പ്രാദേശിക സഹകരണത്തിലൂടെ വിപണി പിടിക്കുക എന്നതായിരുന്നു അത്. ഇതിനായി ഇന്ത്യയിൽ ഹീറോയും ചൈനയിൽ ക്യു.ജെ മോട്ടോഴ്സുമാണ് ഹാർലിക്ക് ഒപ്പമുള്ളത്.
ഇന്ത്യക്ക് വേണ്ടിയുള്ള പ്രാദേശിക ഹാർലി ബൈക്കിന്റെ നിർമാണത്തിലാണ് ഹീറോ ഇപ്പോൾ. എന്നാൽ ചൈനയിൽ ക്യു.ജെ മോട്ടോഴ്സുമായി ചേർന്നുള്ള രണ്ടാമത്തെ വാഹനം കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. എക്സ് 500 ആണ് ആഗോള അരങ്ങേറ്റം നടത്തിയത്. ക്യു.ജെ മോട്ടോറുമായുള്ള ഹാർലി ഡേവിഡ്‌സണിന്റെ സഖ്യത്തിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണിത്. ഹാർലി ഡേവിഡ്‌സൺ എക്സ് 350 ആയിരുന്നു ആദ്യത്തേത്.
നിയോ-റെട്രോ സ്റ്റൈലിംഗുള്ള മോട്ടോർസൈക്കിളാണ് എക്സ് 500. ബെനെല്ലി ലിയോൺസിനോയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ വാഹനം. ഇതേ ക്യൂ.ജെ മോട്ടോഴ്സാണ് ഇപ്പോൾ ബെനല്ലിയുടേയും ഉടമസ്ഥർ എന്നതാണ് രസകരം. പ്രധാനമായും ഒരേ പ്ലാറ്റ്‌ഫോമാണ് ഇരു മോഡലുകളും ഉപയോഗിക്കുന്നത്. വ്യത്യസ്‌തമായ ഡിസൈൻ ശൈലിയാണെങ്കിലും, രണ്ട് ബൈക്കുകളും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ധാരാളം സാമ്യതകൾ ഉണ്ടെന്ന് മനസ്സിലാക്കാം.
ഡാസ്ലിങ് ബ്ലാക്ക്, വൈബ്രന്റ് ഓറഞ്ച്, ബ്രൈറ്റ് സിൽവർ എന്നിങ്ങനെ മൂന്ന് കളൾ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. എക്സ് 500 -ന്റെ വില 44,388 യുവാൻ ( ഏകദേശം 5.29 ലക്ഷം) രൂപയാണ്.ആറ് സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്ന 500 സിസി ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് എക്സ് 500 -ന്റെ ഹൃദയം. 47.5 bhp കരുത്തും 46 Nm ടോർകും എഞ്ചിൻ പുറത്തെടുക്കും.
എക്സ് 500 ചൈനീസ് വിപണിയിൽ മാത്രം വിൽക്കാൻ നിർമിച്ചിരിക്കുന്ന മോഡലാണ്. എന്നാൽ ഹാർലിയും ഹീറോയും ചേർന്ന് ഇന്ത്യക്കായി നിർമിക്കുന്ന മോട്ടോർസൈക്കിളുകൾക്ക് ചൈനയിലെ എക്സ് 350, എക്സ് 500 എന്നിവയോടൊക്കെ സാമ്യമുണ്ടാകാൻ സാധ്യത തള്ളിക്കളയാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.