പണമുണ്ടോ? ഫോർമുല വൺ കാർ വാങ്ങാൻ അവസരമുണ്ട്; വിലയൽപ്പം കൂടുതലാണെന്നുമാത്രം
text_fieldsവാഹനപ്രേമികളുടെ സ്വപ്ന ഭൂമിയാണ് ഫോർമുല വൺ ട്രാക്കുകൾ. ഫോർമുല വണ്ണിലെ ഇരമ്പിയാർക്കുന്ന ആരാധകർക്ക് ബൂം ബൂം ശബ്ദത്തിൽ കുതിച്ചുപായുന്ന റേസിങ് കാറുകൾ നൽകുന്ന അനുഭൂതി ചില്ലറയല്ല. ലോകത്തിൽ ഏറ്റവും വേഗത്തിൽ ആക്സിലറേറ്റ് ചെയ്യുന്ന വാഹനങ്ങളാണ് ഫോർമുല വൺ കാറുകൾ. മണിക്കൂറിൽ 350 കിലോമീറ്ററിലധികം വേഗതയിൽ ഇവ കുതിച്ചുപായും. ഒരു റേസിലെ ശരാശരി വേഗം മണിക്കൂറിൽ 250 കിലോമീറ്ററിലധികമായിരിക്കും. മനുഷ്യ നിർമിതമായ അത്ഭുതം എന്ന് നിലംപറ്റിയോടുന്ന ഇൗ വാഹനങ്ങളെ തീർച്ചയായും വിശേഷിപ്പിക്കാം. ഇത്തരമൊരു വാഹനം സാധാരണക്കാരന് ലഭ്യമാക്കാനൊരുങ്ങുകയാണ് ലേല കമ്പനിയായ സോത്തബി. 2002, 2003 ഫോർമുല വൺ സീസണുകളിൽ കിമി റൈക്കനൻ എന്ന മക്ലാരൻ എഫ് വൺ ഡ്രൈവർ ഒാടിച്ച ഫോർമുല വൺ കാറാണ് ലേലത്തിനുവയ്ക്കുന്നത്.
2002 സീസണിൽ മക്ലാരൻ എഫ് 1 കാർ ഏഴ് തവണയും 2003 സീസണിൽ അഞ്ച് തവണയും ട്രാക്കിലെത്തിയിട്ടുണ്ട്. സെപ്റ്റംബർ 17 ന് നാണ് വാഹനം ലേലം ചെയ്യുന്നത്. 2,724,795 ഡോളർ അഥവാ 20,03,43,549.65 രൂപയാണ് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. ലേലം കടുത്താൽ വില പിന്നേയും കുതിക്കും.
2002 മക്ലാരൻ എംപി -17 ഡി
2002 മക്ലാരൻ എംപി -17 ഡി എന്നാണ് കാറിെൻറ പേര്. വാഹനം രൂപകൽപന ചെയ്തത് അഡ്രിയാൻ ന്യൂ, മൈക് കോഫ്ലാൻ, നീൽ ഓട്ലി, പീറ്റർ പ്രൊഡ്രോമൗ എന്നിവരാണ്. 3.0 ലിറ്റർ മെഴ്‌സിഡസ് ബെൻസ് V10 എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 18,500 ആർപിഎമ്മിൽ 845 എച്ച്പി പവർ ഒൗട്ട്പുട്ട് പുറെത്തടുക്കാൻ കഴിയും. ഈ പ്രത്യേക ഫോർമുല വൺ കാറിെൻറ ഷാസി നമ്പർ MP4-17A-06 ആണ്. 2002 ജൂൺ 21-23 കാലയളവിൽ ജർമ്മനിയിലെ നർബർഗ്രിങിൽ നടന്ന യൂറോപ്യൻ ഗ്രാൻഡ് പ്രിയിലാണ് കാർ അരങ്ങേറ്റം കുറിച്ചത്.
ഫിന്നിഷ് ഡ്രൈവർ കിമി റൈക്കോനൻ ഈ കാറുമായി അന്ന് ഗ്രിഡിൽ ആറാം നമ്പരായി യോഗ്യത നേടി. റൂബൻസ് ബാരിക്കെല്ലോയുടെയും മൈക്കൽ ഷൂമാക്കറുടെയും ഫെരാരി സഖ്യത്തിന് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് റേസിൽ റൈക്കനൻ ഫിനിഷ് ചെയ്തത്. 2003 സീസണിൽ കാർ നവീകരിക്കുകയും ആ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തു അന്ന് നടന്ന അഞ്ച് മത്സരങ്ങളിൽ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രീയിൽ വിജയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.