വിവിധ സേവനങ്ങൾ വാട്‌സ്ആപ്പ് വഴിയും; പുതിയ നീക്കവുമായി ഹീറോ മോട്ടോഴ്സ്
text_fieldsവിൽപ്പനക്കും വിൽപ്പനാനന്തര സേവനത്തിനും വാട്‌സ്ആപ്പ് സൗകര്യം ഏർപ്പെടുത്തി ഹീറോ മോട്ടോർ കോപ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഇതിനായി ഹീറോ ഒരുക്കുക. രാജ്യത്ത് കോവിഡ് രണ്ടാംതരംഗ ഭീഷണി ഉയർത്തുന്നതിനിടെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഹീറോ അതിന്‍റെ സാന്നിധ്യം വർധിപ്പിക്കുന്നത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ സേവനം വാഗ്ദാനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഹീറോയുടെ പുതിയ നീക്കം.
ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ ഉൾപ്പടെ ഉപയോഗിക്കാൻ കഴിയും. ഷോറൂമുകളിലെ തിരക്കുകുറക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. 'വാട്‌സ്ആപ്പ് വഴി വിൽപ്പന, സേവന ഓപ്ഷനുകൾ നൽകുകയെന്ന ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്'-ഹീറോ മോട്ടോകോർപ്പിലെ സെയിൽസ് ആൻഡ് ആഫ്റ്റർസെയിൽസ് ഹെഡ് നവീൻ ചൗഹാൻ പറഞ്ഞു. ഉപയോക്താക്കൾക്ക് എല്ലാ ഹീറോ മോട്ടോകോർപ്പ് ഉപഭോക്തൃ ടച്ച് പോയിന്‍റുകളിലും ലഭ്യമായ ക്യു ആർ കോഡ് സ്കാൻ ചെയ്തോ മൊബൈൽ ഫോണുകളിൽ നിന്ന് +918367796950 എന്ന നമ്പറിൽ വിളിച്ചോ വാട്‌സ്ആപ്പ് സേവനങ്ങൾ ആവശ്യപ്പെടാം.
വാഹന ബുക്കിങ്, അറ്റകുറ്റപ്പണികൾക്കിടെ തത്സമയ സ്റ്റാറ്റസ് പരിശോധന, ഏറ്റവും അടുത്തുള്ള വർക്ക്ഷോപ്പ് വിവരങ്ങൾ, ഡിജിറ്റൽ ഇൻവോയ്സ് തുടങ്ങി വിവിധ സൗകര്യങ്ങൾ വാട്സ്ആപ്പിൽ ലഭിക്കും. കോവിഡ് രണ്ടാം തരംഗം വാഹന വ്യവസായത്തിൽ വീണ്ടും കരിനിഴൽ വീഴ്ത്തുകയാണ്. ഡിജിറ്റൈസേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിർമാതാക്കളെ നിർബന്ധിക്കുന്നുണ്ട്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങളും കർഫ്യൂകളും ഏർപ്പെടുത്തിയതോടെ ഉപഭോക്താക്കൾ ഷോറൂമിൽ എത്താനും ബുദ്ധിമുട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.