റാലി ട്രാക്കുകളെ മിന്നിക്കാൻ എക്സ് പൾസ് 200 4വി; സാഹസികർക്ക് കണ്ണടച്ച് വാങ്ങാം
text_fieldsറാലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എക്സ് പൾസിന് പുതിയ വകഭേദവുമായി ഹീറോ. എക്സ് പൾസ് 200 4വി റാലി എഡിഷനാണ് കമ്പനി പുറത്തിറക്കിയത്. വാഹനത്തിൻറെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചതും സസ്പെൻഷൻ സെറ്റപ്പ് മെച്ചപ്പെടുത്തിയതും ഓഫ് റോഡ് സവിശേഷതയെ മികവുറ്റതാക്കും. ഹീറോ മോട്ടോകോർപ്പിന്റെ റാലി എഡിഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ മോഡൽ ബൈക്ക് പ്രേമികളുടെ സാഹസികതയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമാണ്.
സ്റ്റാൻഡേർഡ് എക്സ് പൾസ് 200 4വിയിൽ നിന്നുള്ള ഏറ്റവും വലിയ മാറ്റം 37എം.എം നീളമുളള അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ഫോർക്ക് പിൻ മോണോഷോക്ക് സസ്പെൻഷനാണ്. ഈ മാറ്റങ്ങൾ 270 എം.എം ഗ്രൗണ്ട് ക്ലിയറൻസും 885 എം.എം സീറ്റ് ഉയരവും വാഹനത്തിന് നൽകും. മികച്ച റൈഡിങ് പൊസിഷൻ ലഭിക്കുന്നതിന് മാറ്റംവരുത്തിയ ഗിയർ ലിവറും 40 എംഎം ഉയരമുള്ള ഹാൻഡിൽബാർ റൈസറുകളും ഹീറോ വാഗ്ദാനം ചെയ്യുന്നു. ഉയരമുള്ള സൈഡ് സ്റ്റാൻഡാണ് നൽകിയിരിക്കുന്നത്.
കാഴ്ച്ചയിൽ സാധാരണ എക്സ് പൾസിൽനിന്ന് വേർതിരിക്കാൻ കുറച്ച് മാറ്റങ്ങളും നൽകിയിട്ടുണ്ട്. 'റാലി കോഡ്' പെയിന്റ് സ്കീം റാലി പതിപ്പിന് മാത്രമുള്ളതാണ്. സിലിണ്ടർ ഹെഡിലെ റെഡ് ഫിനിഷിങും പ്രത്യേകതയാണ്. ഹീറോയുടെ ഡാക്കർ റേസറായ സി.എസ്. സന്തോഷിന്റെ ഓട്ടോഗ്രാഫാണ് മറ്റൊരു വിഷ്വൽ ടച്ച്. ഓഫ്-റോഡ് ഫോക്കസ്ഡ് ബ്ലോക്ക് പാറ്റേൺ മാക്സിസ് ടയറുകൾ റാലി പതിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. സാധാരണ എക്സ് പൾസ് 200 4വിയിലെ അതേ സിയറ്റ് ടയറുകളാണ് ഇവിടേയും ലഭിക്കുന്നത്. 1,52,100 രൂപയാണ് ഹീറോ എക്സ് പ്ലസ് 200 4വി റാലി എഡിഷന്റെ വില. ഹീറോയുടെ ഓൺലൈൻ സെയിൽസ് പ്ലാറ്റ് ഫോം 'ഇഷോപ്പ്' വഴി വാഹനം ജൂലൈ 22 മുതൽ 29 വരെ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.