ആക്ടീവയുടെ 20 വർഷങ്ങൾ, ഒരു രാജ്യത്തിെൻറ വാഹനസ്വപ്നങ്ങൾ മാറിമറിഞ്ഞ വിധം
text_fieldsഇന്ത്യൻ വാഹനലോകം ഹൻഡ്രഡ് സി.സി ബൈക്കുകളിലും അതിെൻറ കരുത്തിലും അഭിരമിച്ചിരുന്ന കാലത്താണ് ആക്ടീവയെന്ന പുതുക്കക്കാരനുമായി ഹീറോ വരുന്നത്. അന്നുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ചിലത് ആക്ടീവയിലുണ്ടായിരുന്നു. പരിചിതമായ ചിലത് ഇല്ലാതിരുന്ന വാഹനം കൂടിയായിരുന്നു ആക്ടീവയെന്നും പറയാം. ഇല്ലാതിരുന്നത് ഗിയർ ആയിരുന്നു. ഒരു വാഹനത്തിന് അത്യാവശ്യം വേണ്ടത് എന്ന് നാം കണക്കാക്കുന്ന ഗിയർ ഇല്ലാത്ത സ്കൂട്ടറായിരുന്നു ആക്ടീവ.
അതിനുമുമ്പും ചില ഗിയറില്ലാ സ്കൂട്ടറുകൾ നമ്മുക്കുക്കുണ്ടായിരുന്നു. കൈനറ്റിക് ഹോണ്ട, ബജാജ് സ്പിരിറ്റ് തുടങ്ങി ഇൗ വിഭാഗത്തിൽ ചില മിന്നലാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവർക്കില്ലാത്ത ചിലത് ആക്ടീവയിലുണ്ടായിരുന്നു. ഇന്ധനക്ഷമത എന്ന മാന്ത്രികതയായിരുന്നു ഒന്നാമത്തേത്. 'എത്ര കിട്ടും' എന്ന ഇന്ത്യക്കാരെൻറ ആവലാതി പരിഹരിക്കാൻ ആക്ടീവക്കായി. രണ്ട്, ഹോണ്ടയെന്ന ജാപ്പനീസ് ബ്രാൻഡിെൻറ വിശ്വാസ്യതയും അറ്റകുറ്റപണികളിലെ കുറവുമായിരുന്നു. ഇതെെൻറയെല്ലാം ചുവടുപിടിച്ച് ആക്ടീവ വളർന്നു. 2001ൽ വിപണിയിലെത്തിയ വാഹനം 20 വർഷം പിന്നിടുേമ്പാൾ 2.20 കോടി എണ്ണം വിറ്റഴിച്ച് ഒരു വടവൃക്ഷമായി മാറിയിട്ടുണ്ട്. ഇതിനിടെ ആറ് തലമുറ ആക്ടീവകൾ വിപണിയിലെത്തുകയുംചെയ്തു.
നിലവിൽ ഹോണ്ടയുടെ കിരീടത്തിലെ പൊൻതൂവലാണ് ആക്ടീവ. രണ്ട് പതിറ്റാണ്ടെന്ന സുപ്രധാന നാഴികക്കല്ല് പിന്നിടുേമ്പാൾ ഹോണ്ട ആക്ടീവ 6 ജി യുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആനിവേഴ്സറി എഡിഷൻ എന്ന ഗോൾഡൻ ബാഡ്ജ് ഉൾപ്പടെ പ്രത്യേകമായ ചാര നിറത്തോടുകൂടിയാണ് സ്പെഷൽ പതിപ്പ് വിപണിയിൽ എത്തുന്നത്. മുന്നിലും പിന്നിലും പ്രത്യേക സ്റ്റീൽ വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ടീവ 6 ജി ഈ വർഷം ആദ്യം 63,912 രൂപ വിലയിലാണ് പുറത്തിറക്കിയത്. ലോഞ്ച് ചെയ്തശേഷം രണ്ട് പ്രാവശ്യം വിലവർധിപ്പിച്ചിരുന്നു.
ഹോണ്ടയുടെ പേറ്റൻറ് പിജിഎം-ഫൈ (പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ), ഇഎസ്‌പി (മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ), എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) എന്നിവ ഉൾക്കൊള്ളുന്ന 109.51 സിസി എയർ-കൂൾഡ് എഞ്ചിനാണ് വാഹനത്തിന്. 7.79 പിഎസ് പവറും 8.79 എൻഎം ടോർക്കുമാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. ഫുൾ എൽഇഡി ഹെഡ്ലെറ്റ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, പുതിയ ടെലിസ്‌കോപ്പിക് സസ്‌പെൻഷനോടുകൂടിയ 12 ഇഞ്ച് വീൽ എന്നിവ ആക്ടീവ 6 ജിയിലെ പ്രധാന സവിശേഷതകളാണ്. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയൻറുകളിൽ ആനിവേഴ്സറി പതിപ്പ് ലഭ്യമാണ്. യഥാക്രമം 66,816 രൂപ, 68,316 രൂപയുമാണ് വില (എല്ലാ വിലകളും എക്സ് ഷോറൂം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.