പ്രതീക്ഷ കാത്തോ ഹോണ്ട? 102 കി.മീ റേഞ്ച്, എടുത്തുമാറ്റാവുന്ന ബാറ്ററി, പുറത്തിറക്കിയത് രണ്ട് ഇ.വികൾ
text_fieldsപെട്രോൾ സ്കൂട്ടറുകളിലെ അതികായനാണ് ഹോണ്ട ആക്ടിവയെന്ന് നിസ്സംശയം പറയാം. എല്ലാ സ്കൂട്ടറുകളെയും 'ആക്ടിവ' എന്ന് വിളിക്കുന്ന നിലയിലേക്ക് വാഹനപ്രേമികൾക്കിടയിൽ തരംഗമായ മോഡലാണ് ആക്ടിവ. പല ജനറേഷനുകളായി അവതരിപ്പിച്ച് ഇന്നും ചൂടപ്പംപോലെ വിറ്റുപോകുന്ന സ്കൂട്ടർ. അതിന്‍റെ നിർമാതാക്കൾ ഇലക്ട്രിക് ഇരുചക്രവാഹനം വിപണിയിലെത്തിക്കുന്നു എന്ന വാർത്ത കേട്ടതുമുതൽ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരുന്നത്. കാത്തിരിപ്പ് ഇതാ യാഥാർഥ്യമായിരിക്കുന്നു. ഒന്നിന് പകരം രണ്ട് ഇ.വി മോഡലുകളാണ് ഹോണ്ട ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.
ജനപ്രിയ മോഡലായ ആക്ടീവയുടെ ഇലക്ട്രിക് പതിപ്പായ ‘ആക്ടീവ ഇ’ ആണ് ഇതിലൊന്ന്. 'ക്യുസി1' ആണ് രണ്ടാമത്തെ മോഡൽ. ഒറ്റനോട്ടത്തിൽ ഒരേപോലെ തോന്നിപ്പിക്കുന്ന രണ്ട് മോഡലുകളും തമ്മിൽ കാഴ്ചയിൽ നേരിയ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. ബാറ്ററി, റേഞ്ച്, കണക്ടിവിറ്റി തുടങ്ങിയ മറ്റ് ഫീച്ചറുകളിലാണ് കാര്യമായ വ്യത്യാസം. ഊരിമാറ്റാവുന്ന രണ്ട് യൂനിറ്റ് ബാറ്ററിയാണ് ‘ആക്ടീവ ഇ’ക്ക് നൽകിയിട്ടുള്ളത്. ഫിക്സഡ് ബാറ്ററിയാണ് ‘ക്യുസി1’ൽ ഉള്ളത്.
ക്യുസി1 ബേസ് വേരിയന്‍റും ‘ആക്ടീവ ഇ’ ടോപ്പ് വേരിയന്‍റുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാപ്പ് ചെയ്യാവുന്ന ഒരു ജോഡി 1.5 kWh ബാറ്ററികളാണ് ‘ആക്ടീവ ഇ'യിലുണ്ടാവുക. രണ്ട് ബാറ്ററികളാകുമ്പോൾ ശേഷി മൂന്ന് കിലോവാട്ട് അവറായി ഉയരും. ഇത് പൂർണ്ണമായി ചാർജ് ചെയ്താൽ 102 കിലോമീറ്റർ സഞ്ചരിക്കാനാവും. 22 എന്‍.എം ആണ് മാക്‌സിമം ടോര്‍ക്ക്. ആറ് കിലോവാട്ടാണ് മാക്‌സിമം പവര്‍. മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗം. ചാർജ് കഴിയുന്ന ബാറ്ററികൾ സ്വാപ്പിങ് സ്റ്റേഷനിൽ നിന്ന് മാറ്റിയെടുക്കുന്ന രീതിയിലാണ് ഹോണ്ട വിഭാവനം ചെയ്തിരിക്കുന്നത്. ഈ രീതിയിൽ, ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കാം. എന്നാൽ, ബാറ്ററി സ്റ്റേഷനുകളുടെ വിപുലമായ നെറ്റ് വർക്ക് ഈ സംവിധാനത്തിന് ആവശ്യമാണ്.
ഏഴ് ഇഞ്ച് ടിഎഫ്ടി ആന്‍ഡ്രോയിഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍, ഹോണ്ട റോഡ് സിങ്ക് ഡുവോ എന്ന കണക്റ്റഡ് ടെക്നോളജി, റിവേഴ്‌സ് മോഡ്, ഇക്കോണ്‍, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിങ് മോഡുകള്‍, സ്മാര്‍ട് കീ, സ്മാര്‍ട് ട്രാക്കിങ്, സ്മാര്‍ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് അണ്‍ലോക്ക്, കോള്‍ ആന്‍ഡ് മ്യൂസിക് കണ്‍ട്രോള്‍, എല്‍ഇഡി ഹെഡ്ലാമ്പും ഇന്‍ഡിക്കേറ്റേഴ്‌സും, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ത്രീ സ്റ്റെപ് അഡ്ജസ്റ്റു ചെയ്യാവുന്ന സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് സസ്‌പെന്‍ഷനും, മുന്നില്‍ 160 എംഎം ഡിസ്‌കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കും, 12 ഇഞ്ചിന്റെ ട്യൂബ്‌ലെസ് ടയറുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് ‘ആക്ടീവ ഇ'യുടെ മറ്റ് സവിശേഷതകൾ.
അതേസമയം, ഫിക്സഡ് ബാറ്ററിയാണ് ബേസ് വേരിയന്‍റായ ക്യുസി1ൽ. 80 കിലോമീറ്ററാണ് റേഞ്ച്. പരമാവധി വേഗം മണിക്കൂറിൽ 50 കിലോമീറ്റർ മാത്രം. നൂറുശതമാനം ബാറ്ററി ചാർജാവാൻ ആറ് മണിക്കൂറും 50 മിനുട്ടുമെടുക്കും. 1.8 കിലോവോട്ട് മാക്‌സിമം പവറാണ് മോട്ടോർ പുറത്തെടുക്കുക. ആക്ടിവ ഇയിലുള്ള എൽ.ഇ.ഡി ഡി.ആർ.എൽ ഇതിൽ ഉണ്ടാകില്ല. അഞ്ച് ഇഞ്ച് എൽ.സി.ഡി ഡിസ്‍പ്ലേയുണ്ടാകും. ഇക്കോണ്‍, സ്റ്റാന്‍ഡേര്‍ഡ് എന്നീ രണ്ട് റൈഡിങ് മോഡുകള്‍, എല്‍ഇഡി ഹെഡ് ലാമ്പ്, ടെയില്‍ ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, 12 ഇഞ്ച് മുന്‍ടയര്‍, 10 ഇഞ്ച് പിന്‍ടയര്‍, മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍, മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് സസ്‌പെന്‍ഷൻ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
2025 ഫെബ്രുവരിയോടെ ന്യൂഡൽഹി, ബംഗളൂരു, മുംബൈ എന്നീ നഗരങ്ങളിലാണ് ‘ആക്ടീവ ഇ’ ആദ്യഘട്ടത്തിൽ ലഭ്യമാവുക. ജനുവരിയിൽ ബുക്കിങ് തുടങ്ങും. ഈ നഗരങ്ങളിൽ ബാറ്ററി സ്വാപ്പ് ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കും. ഹോണ്ട ഇ-സ്വാപ്പ് എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്ന 2025 ജനുവരിയിലേ വില പ്രഖ്യാപിക്കൂ. 2025 ഫെബ്രുവരി മുതല്‍ വാഹനങ്ങളുടെ വിതരണം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.