അങ്ങിനെ സിറ്റി ഹാച്ച്ബാക്കും യാഥാർഥ്യമായി; ജാസിന് ഇനി വിശ്രമം
text_fieldsഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഒടുവിൽ യാഥർഥ്യമാകുന്നു. ആദ്യം തായ്‌ലൻഡിലാകും വാഹനം വിൽപ്പനയ്‌ക്കെത്തുക. വളരെക്കാലത്തിനുശേഷമാണ് സിറ്റിയുടെ ഹാച്ച്ബാക്ക് പതിപ്പ് ഹോണ്ട വീണ്ടും അവതരിപ്പിക്കുന്നത്. ആഗോളവിപണിയിൽ വാഹനം ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന.
ജാസിനേക്കാൾ വലുത്
ഹോണ്ട ഹാച്ച്ബാക്കായ ജാസിനേക്കാൾ നീളവും വീതിയും കൂടുതലുള്ള വാഹനമാണ് സിറ്റി ഹാച്ച്ബാക്ക്. ആദ്യം ആസിയാൻ വിപണികളിലാവും വാഹനം വിൽക്കുകയെന്നാണ് സൂചന. സിറ്റി ഹാച്ച്ബാക്കും സിറ്റി സെഡാനും തമ്മിൽ ചിലകാര്യങ്ങളിൽ സാമ്യങ്ങളുണ്ട്. ഏറ്റവും പുതിയ തലമുറ സിറ്റി സെഡാെൻറ അതേ പ്ലാറ്റ്ഫോമിലാണ് ഹാച്ചും നിർമിച്ചിരിക്കുന്നത്. സി-പില്ലർ (പിറകിലെ കണ്ണാടിവരെ) വരെ ബോഡി പാനലുകളും ഇരുവാഹനങ്ങളും പങ്കിടുന്നുണ്ട്. പിൻവശം വീതിയുള്ളതാണ്. തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ടെയിൽ ലൈറ്റുകളും ആകർഷകം. ഇവയെല്ലാം ആനുപാതികമായി കാണപ്പെടുന്നു.
കോൺട്രാസ്റ്റ് ബ്ലാക്ക് റിയർ ഫോക്സ് ഡിഫ്യൂസറിനൊപ്പം ലംബമായി സ്ഥാപിച്ചിരിക്കുന്ന ഫോക്സ് എയർ വെൻറുകളുള്ള സ്റ്റൈലിഷ് റിയർ ബമ്പർ ഡിസൈനും വാഹനത്തിന് ലഭിക്കുന്നു. ഹോണ്ട പുറത്തിറക്കിയ ചിത്രങ്ങളിൽ സ്പോർട്ടിയായ ആർഎസ് ടർബോ ബാഡ്ജിങ്ങോടെയാണ് വാഹനം കാണപ്പെടുന്നത്. തായ്‌ലൻഡിൽ വിൽക്കുന്ന സിറ്റി ആർഎസ് ടർബോ സെഡാന് സമാനമായി 16 ഇഞ്ച് അലോയ് വീലുകളും ബ്ലാക്കൗട്ട് ഗ്രില്ലും, ഡാർക്-ക്രോം ഫിനിഷള എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഉൾവശത്ത് സിറ്റി സെഡാെൻറ അതേ ഇൻറീരിയർ മാറ്റങ്ങളൊന്നുമില്ലാതെ പങ്കിടുന്നു. ഹോണ്ടയുടെ നൂതന പിൻ സീറ്റുകളാണ് നൽകിയിരിക്കുന്നത്. 60:40 എന്ന രീതിയിൽ ക്രമീകരിക്കാവുന്ന സീറ്റാണിത്. സീറ്റുകൾ ബൂട്ട് സ്പേസ് വർധിപ്പിക്കാൻ മടക്കി ഉപയോഗിക്കാനും ഒരു ബെഡ് പോലെ ക്രമീകരിക്കാനുമാകും.
സിറ്റി ഹാച്ച്ബാക്കിന് 4,349 എംഎം നീളവും 1,748 എംഎം വീതിയും 1,488 എംഎം ഉയരവുമുണ്ട്. വീൽബേസ് 2,589 എംഎം ആണ്. തായ്‌ലൻഡ്-സ്‌പെക്ക് സിറ്റി സെഡാനേക്കാൾ 200 മില്ലിമീറ്റർ കുറവാണ് നീളം. പക്ഷേ വീതിയും ഉയരവും കൂടുതമുണ്ട്. ഹോണ്ട ജാസുമായി താരതമ്യപ്പെടുത്തുമ്പോൾ സിറ്റി ഹാച്ച്ബാക്കിന് 314 എംഎം നീളവും 53 എംഎം വീതിയും 59 എംഎം വീൽബേസും കൂടുതലുണ്ട്. 1.02 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് സിറ്റി ഹാച്ച്ബാക്ക് പ്രവർത്തിക്കുന്നത്. വിപണികൾ അനുസരിച്ച് മറ്റ് പവർട്രെയിൻ ഓപ്ഷനുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഹോണ്ട പുതിയ ഹാച്ച്ബാക്ക് വിൽക്കും. ഇന്ത്യയിൽ എന്ന് വാഹനം എത്തിക്കുമെന്ന് സിറ്റി വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.