ഹൃദയം മാറ്റിവച്ച് ഡിയോ; ഇനിമുതൽ 125 സി.സി എഞ്ചിൻ കുരുത്തിൽ ലഭ്യമാകും
text_fieldsഹോണ്ടയുടെ ഇന്ത്യയിലെ എക്കാലത്തേയും വലിയ ബെസ്റ്റ് സെല്ലറുകളാണ് ആക്‌ടിവയും ഡിയോയും. ആക്ടീവ കുടുംബങ്ങളിൽ കയറിപ്പറ്റിയപ്പോൾ ഡിയോ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു. സ്പോർട്ടി സ്‌കൂട്ടർ എന്ന വിശേഷണം നേടിയ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹോണ്ട ഡിയോ. എന്നാൽ മത്സരം കടുത്തതോടെ കൂടുതൽ ഫ്രീക്കൻ സ്കൂട്ടറുകൾ നിരത്തിലെത്താൻ തുടങ്ങി. ഡിയോ ആകട്ടെ പതിയെ പഴഞ്ചനായി മാറുകയും ചെയ്തു. ഇതിന് പരിഹാരമായി ഡിയോയുടെ എഞ്ചിൻ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഹോണ്ട.
125 സിസി സെഗ്മെന്റിന്റെ വളർച്ചയോടെ പണ്ട് ഡിയോയ്ക്കുണ്ടായിരുന്ന ഡിമാന്റ് ഇന്ന് ടി.വി.എസ് എൻടോർഖിനാണ്. ഇതിനെ പ്രതിരോധിക്കാൻ കൂടിയാണ് 125 സി.സി എഞ്ചിൻ ഡിയോയിൽ പിടിപ്പിക്കുന്നത്. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതിയ ഡിയോ നിരത്തിലെത്തുന്നത്. 83,400 രൂപ മുതൽ 91,300 രൂപ വരെയാണ് എക്സ്ഷോറൂം വില. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് സ്കൂട്ടർ വരുന്നത്. ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടി തെരഞ്ഞെടുത്ത് ഉടമയ്ക്ക് 10 വർഷം വരെ നീട്ടാൻ കഴിയും.
എഞ്ചിൻ
ഹോണ്ട ഗ്രാസിയയിലും ആക്‌ടിവ 125 വേരിയന്റിലും കാണപ്പെടുന്ന അതേ എഞ്ചിനാണ് ഡിയോ 125 സ്‌കൂട്ടറിന് നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ 8.19 bhp പവറും 10.4 Nm ടോർക്കും പുറത്തെടുക്കും. സി.വി.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. ഹോണ്ടയുടെ ഇഎസ്പി, ഓട്ടോമാറ്റിക് ചോക്ക് സിസ്റ്റം, ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷണാലിറ്റിയും പുതിയ ഡിയോയിലുണ്ട്.
ഡിസൈൻ
ഗ്രാസിയയും ഡിയോയും കൂടിക്കലർന്ന ശൈലിയാണ് ഇപ്പോൾ ഡിയോ 125 പതിപ്പിനുള്ളത്. കാഴ്ച്ചയിൽ പുതുമ നൽകുന്നതിന് പുതിയ ഗ്രാഫിക്‌സുകളും കളർ ഓപ്ഷനുകളുമാണ് ഹോണ്ട അവതരിപ്പിക്കുന്നത്. സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, സൈലന്റ് സ്റ്റാർട്ടർ, ഡിജിറ്റൽ ഡാഷ്, എൽ.ഇ.ഡി ഹെഡ്‌ലൈറ്റ് എന്നിങ്ങനെയുള്ള പ്രയോഗിക ഫീച്ചറുകളാൽ സമ്പന്നമാണ് വാഹനം.
വലിയ 18 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്പും ഇത് തുറക്കുന്നതിനുള്ള ഡ്യുവൽ-ഫംഗ്ഷൻ സ്വിച്ചും പോലുള്ള പ്രായോഗിക സവിശേഷതകളും പ്രത്യേകതകളാണ്. മുന്നിൽ ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകളും ഓഫറിലുണ്ട്.
പുതിയ ട്വിൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോഡലിനെ വേറിട്ടുനിർത്തുന്നുണ്ട്. ശരാശരി ഇന്ധനക്ഷമത, തത്സമയ ഇന്ധനക്ഷമത, ട്രിപ്പ്മീറ്റർ, ക്ലോക്ക്, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവ കാണിക്കുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്. സ്മാർട്ട് വേരിയന്റിൽ ഹോണ്ടയുടെ H-സ്മാർട്ട് കീ സംവിധാനവും വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.