ഹൈടെക്കാവാൻ ഡിയോയും; എച്ച്-സ്മാർട്ട് വേരിയന്റുമായി ഹോണ്ട
text_fieldsയുവാക്കളുടെ പ്രിയ സ്കൂട്ടർ ഡിയോയെ ഹൈടെക് ആക്കാനൊരുങ്ങി ഹോണ്ട. നേരത്തേ ആക്ടീവയിൽ അവതരിപ്പിച്ച എച്ച് സ്മാർട്ട് വേരിയന്റാണ് ഡിയോയിലും ഉൾപ്പെടുത്തുന്നത്. ലോഞ്ചിനുമുമ്പ് സ്കൂട്ടറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ആക്ടീവയിൽ അരങ്ങേറ്റം കുറിച്ച എച്ച്-സ്മാർട്ട് സാങ്കേതികവിദ്യ ഇന്ന് ഏറെ ജനപ്രിയമാണ്. ആക്‌ടിവ 6G വേരിയന്റിലൂടെ വിപണിയിലെത്തിയ എച്ച്-സ്മാർട്ട് സാങ്കേതികവിദ്യ പിന്നീട് ആക്‌ടിവ 125 മോഡലിലും ഹോണ്ട അവതരിപ്പിച്ചു. ഇതും ഹിറ്റായതോടെയാണ് ഡിയോയിലും സാങ്കേതികവിദ്യ ഇണക്കിച്ചേർക്കുന്നത്.
സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുത്തൻ ഹോണ്ട ഡിയോ വിൽപ്പനയ്ക്ക് എത്തുന്നത്. ഹാലൊജൻ ഹെഡ്‌ലൈറ്റുകൾക്ക് പകരം എൽഇഡി യൂണിറ്റാണ് ഡീലക്‌സ് വേരിയന്റിലെ ആകർഷണം. ഇത് കൂടാതെ കൂടാതെ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡീലക്‌സ് പതിപ്പിൽ കിട്ടും. നിലവിൽ, ഹോണ്ട ഡിയോയുടെ സ്റ്റാൻഡേർഡ് വേരിയന്റിന് 68,625 രൂപയും DLX വേരിയന്റിന് 72,626 രൂപയുമാണ് വില. എച്ച്-സ്മാർട്ട് വേരിയന്റിന് DLX വേരിയന്റിനേക്കാൾ അധിക വില നൽകേണ്ടി വരും.
കീലെസ് എൻട്രി പോലുള്ള സ്മാർട്ട് ഫീച്ചറുകൾ ഇതോടെ ഡിയോയിലും എത്തും. സ്മാർട്ട് കീയാണ് എച്ച് സ്മാർട്ടിലെ പ്രധാന മാറ്റം.
സ്മാർട്ട് കീ അടിസ്ഥാനപരമായി ഒരു ഇലക്ട്രോണിക് കീ ഫോബാണ്. സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന സംവിധാനമാണിത്. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം തിരക്കുള്ള പാർക്കിങ് സ്ഥലങ്ങൽ സ്കൂട്ടർ എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായകരമാകും. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ഇൻഡിക്കേറ്ററുകളും മിന്നിമറയുന്ന സംവിധാനമാണ് ഇതിലുള്ളത്.
സ്മാർട്ട് അൺലോക്ക് ഫീച്ചർ കീ ഫോബ് ഉപയോഗിച്ച് ഹാൻഡിൽബാർ, ഫ്യൂവൽ ഫില്ലർ ക്യാപ്, അണ്ടർസീറ്റ് സ്റ്റോറേജ് യൂനിറ്റ് എന്നിവ അൺലോക്ക് ചെയ്യാനും സഹായിക്കും. ഇതെല്ലാം പ്രവർത്തിക്കാൻ സ്മാർട്ട് കീ വാഹനത്തിന്റെ 2 മീറ്റർ പരിധിക്കുള്ളിലായിരിക്കണം. മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഡിയോ എച്ച്-സ്മാർട്ട് പതിപ്പിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന.
110 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ സിപ്പിംഗ് പെട്രോള്‍ എഞ്ചിൻ തന്നെയാവും സ്‌കൂട്ടറിന് തുടിപ്പേകാൻ എത്തുക. ഇത് 8,000 rpm-ല്‍ 7.65 bഎച്ച്p കരുത്തും 4,750 rpm-ല്‍ 9 Nm പവറും നല്‍കാൻ ശേഷിയുള്ളതാണ്. എഞ്ചിന് ഹോണ്ടയുടെ പ്രൊപ്രൈറ്ററി eSP സാങ്കേതികവിദ്യയും ലഭിക്കും. മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിനെയാണ് eSP എന്നുവിളിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫംഗ്ഷന്‍ സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസിങ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ (എഞ്ചിന്‍ കട്ട്-ഓഫ് ഉള്ളത്) എന്നിവയും സ്കൂട്ടറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.