ഒരു മാസം മാത്രം, ഹോണ്ടയെ 'ഉയർത്താൻ' എലവേറ്റ് എത്തുന്നു
text_fieldsമിഡ്-സൈസ് എസ്.യു.വിയായ എലവേറ്റിനെ സെപ്തംബർ ആദ്യവാരം ഹോണ്ട അവതരിപ്പിക്കും. ജൂൺ ആറിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച എലവേറ്റിന്‍റെ ബുക്കിങ്ങ് ജൂലൈ മൂന്നിന് ആരംഭിച്ചിരുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എം.ജി ആസ്റ്റർ എന്നിവയാണ് എതിരാളികൾ. 2030ഓടെ അഞ്ച് എസ്.യു.വികൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.
ഇന്ത്യയിൽ എലിവേറ്റിന് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഹോണ്ട അവതരിപ്പിച്ചിട്ടുള്ളത്. സിറ്റി സെഡാനിൽ നിന്നും കടമെടുത്ത1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയെത്തുന്ന എഞ്ചിന് 121 ബി.എച്ച്.പി കരുത്തിൽ പരമാവധി 145 എൻ.എം ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.
എലിവേറ്റിൽ ഹൈബ്രിഡ് പവർട്രെയിൻ നൽകിയിട്ടില്ല. എസ്.യു.വിയുടെ മാനുവൽ ഗിയർബോക്‌സ് വേരിയന്റുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സി.വി.ടി ഓട്ടോമാറ്റിക്കിന് 16.92 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു. 40 ലിറ്റർ ശേഷിയോടെ ഫുൾ ടാങ്കിൽ എലിവേറ്റ് മാനുവലിന് 612 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. മറുവശത്ത് ഓട്ടോമാറ്റിക് പതിപ്പിന് 679 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
നാല് വകഭേദങ്ങളിൽ എലവേറ്റ് ലഭ്യമാണ്. എൻട്രി ലെവൽ SV പതിപ്പിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നീ ഫീച്ചറുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റ് അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. ഇതിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, ഹോണ്ട സെൻസിംഗ് എഡാസ് സ്യൂട്ട്, എട്ട് സ്പീക്കറുകൾ, ലെതറെറ്റ് ബ്രൗൺ അപ്‌ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് സംവിധാനങ്ങളാണ് നൽകുന്നത്.
ഇതുകൂടാതെ ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ ഡേ/നൈറ്റ് മിറർ എന്നിവ ടോപ്പ്-സ്പെക്ക് എലിവേറ്റ് ZX-ന് ലഭിക്കുന്നു. ചില ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് ഷേഡ് ഓപ്ഷനുകൾ, ടോപ്പ് ട്രിമ്മിൽ മാത്രം ഒരു സവിശേഷമായ ഫീനിക്സ് ഓറഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷൻ സ്റ്റാൻഡേർഡായും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
4,312 എം.എം നീളവും 1,790 എം.എം വീതിയും 1,650 എം.എം ഉയരവും 2,650 എം.എം വീൽബേസുള്ള എലിവേറ്റിന് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് സമാനമായ വലിപ്പമുണ്ട്. സെഗ്‌മെന്റ് ലീഡിങ് 220 എം.എം ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു ഹൈലൈറ്റ്. 11 ലക്ഷം രൂപയാണ് എലിവേറ്റിന് പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഏകദേശം 19 ലക്ഷം രൂപ വരെയും പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.