എലവേറ്റ് എസ്.യു.വി ടീസ് ചെയ്ത് ഹോണ്ട; അവതരണം ജൂൺ ആറിനുതന്നെ
text_fieldsഹോണ്ട ഇന്ത്യ ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന എലവേറ്റ് എസ്.യു.വിയുടെ ടീസർ അവതരിപ്പിച്ചു. ജൂൺ ആറിന് വാഹനത്തിന്റെ ആഗോള അവതരണം ഡൽഹിയിൽ നടക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ടീസറിൽ സൺറൂഫ് ഇൾപ്പടെ വരുന്ന പ്രീമിയം വാഹനമാണ് കാണാനാകുന്നത്.
ആദ്യം ഇന്ത്യയിലും പിന്നീട് വിദേശവിപണികളിലും വാഹനം വിൽപ്പനക്ക് എത്തിക്കുമെന്ന് ഹോണ്ട പറയുന്നു.ഹോണ്ട ഏറെ പ്രതീക്ഷയോടെയാണ് പുതിയ എസ്.യു.വി ഇന്ത്യൻ നിരത്തിൽ എത്തിക്കുന്നത്. നേരത്തേ അമേസിന്റെയും സിറ്റി സെഡാന്റെയും ഡബ്ല്യുആർ-വി, ജാസ് ഹാച്ച്ബാക്ക്, ഡീസൽ പതിപ്പുകൾ കമ്പനി രാജ്യത്ത് നിർത്തലാക്കിയിരുന്നു. നിലവിൽ പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകൾ ഉള്ള അമേസ് സിറ്റി എന്നിവ മാത്രമാണ് കമ്പനി വിൽക്കുന്നത്. പുതിയ എസ്.യു.വി ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾക്ക് എതിരാളിയാകും.
പുതിയ എസ്.യു.വി ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന CR-V, HR-V എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രാൻഡിന്റെ ആഗോള എസ്.യു.വി ലൈനപ്പിൽ WR-V, HR-V എന്നിവയ്‌ക്ക് ഇടയിലാണ് പുതിയ എസ്.യു.വിയുടെ സ്ഥാനം.
അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിലാണ് നിർമാണം. സിറ്റി സെഡാനിൽ നിന്ന് പരീക്ഷിച്ച 1.5-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വാഹനത്തിന് നൽകുമെന്നാണ് സൂചന. എഞ്ചിൻ 121 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഹനം ലഭിക്കും. സിറ്റി ഹൈബ്രിഡിന് സമാനമായി, പുതിയ എസ്.യു.വിക്ക് 1.5 ലിറ്റർ അറ്റ്‌കിസൺ സൈക്കിൾ എഞ്ചിനും സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുമെന്ന് സൂചനയുണ്ട്. 12 ലക്ഷം മുതലായിരിക്കും വാഹനത്തിന് വിലവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.