ഹിസ് ഹൈനസ് ഹോണ്ട സിബി 350, ഉന്നമിടുന്നത് എൻഫീൽഡ് ക്ലാസിക് 350യെ; ബുക്കിങ് ആരംഭിച്ചു
text_fieldsഅതെ...! ഹോണ്ട ടൂവീലേഴ്സ് അവരുടെ ആദ്യത്തെ റെട്രോ സ്റ്റൈൽ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹൈനസ് ഹോണ്ട സിബി 350 എന്ന പേരിലെത്തുന്ന പുതിയ മസിൽമാൻ ഉന്നമിടുന്നത് മറ്റാരെയുമല്ല, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350യെ തന്നെ. വരാനിരിക്കുന്ന മീറ്റിയോർ 350 എന്ന എൻഫീൽഡിെൻറ പുതിയ അവതാരത്തിനും ഇവൻ നെഞ്ചിടിപ്പുണ്ടാക്കും. സിംഗിൾ സിലിണ്ടർ 350-400 സിസി എഞ്ചിനാണ് ഹൈനസ് എന്ന് വിളിക്കപ്പെടുന്ന ഹോണ്ട സിബി 350ക്ക് കരുത്ത് പകരുന്നത്. 1.90 ലക്ഷം രൂപയാണ് ഹൈനെസിന്‍റെ എക്സ്ഷോറൂം വില.
ഹൈനെസ്സ് സിബി 350 വിശേഷങ്ങൾ
ഹോണ്ടയുടെ തന്നെ CB1100EX എന്ന മോഡലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊണ്ടുള്ള ഡിസൈനാണ് ഹൈനസിനും. രൂപം കണ്ടാൽ തന്നെ അറിയാം ഹോണ്ട ലക്ഷ്യമിടുന്നത് റോയൽ എൻഫീൽഡിനെയാണെന്ന്. റോഡ്സ്റ്റർ ബൈക്കുകളുടെ പ്രത്യേകതയായ വൃത്താകൃതിയിലുള്ള ഹെഡ്‍ലാമ്പും റിയർവ്യൂ മിററും ഹൈനസിനുമുണ്ട്. സിംഗിൾ പീസ് സീറ്റ് നീളം കൂടിയ ഹാൻഡിൽ ബാർ, നീളം കുറഞ്ഞ മുൻ മഡ്ഗാർഡ് മഴത്തുള്ളി പോലിരിക്കുന്ന പെട്രോൾ ടാങ്ക് എന്നിവയും മറ്റ് രൂപ വിശേഷങ്ങളാണ്. ക്ലാസിക് ലുക്കിനായി ക്രോം ഘടകങ്ങൾ അവിടിവിടെയായി എടുത്ത് കാണിക്കുന്ന വിധത്തിൽ ചേർത്തിട്ടുണ്ട്.
Y ആകൃതിയിലുള്ള അലോയ് വീലുകളും ട്യൂബ്‍ലെസ് ടയറുകളും പൂർണമായും എൽഇഡി ആയ ലൈറ്റുകളും ഹൈനസിനെ ആകർഷകമാക്കുന്നു. ഡിജിറ്റല്‍ - അനലോഗ് സ്പീഡോമീറ്ററിലും ഗംഭീര വിശേഷങ്ങളുണ്ട്. ശരാശരി ഇന്ധനക്ഷമത, റിയല്‍ ടൈം ഇന്ധനക്ഷമത, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍, ഗിയര്‍ പൊസിഷന്‍, ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം കൊണ്ട് എത്ര ദൂരം കൂടി സഞ്ചരിക്കാന്‍ കഴിയുമെന്ന് വരെ ഇതില്‍ കാണാം. ഇതു കൂടാതെ (HSTC), ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയിസ് കണ്‍ട്രോള്‍ സിസ്റ്റം(HSVCS), ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ തുടങ്ങിയവും ഇതിലൂടെ മനസിലാക്കാം.
350 സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക് OHC സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹൈനെസിന് കരുത്ത് പകരുന്നത്. 5,500 ആർപിഎമ്മിൽ 20.5 ബിഎച്ച്പി കരുത്തും 3,000 ആർപിഎമ്മിൽ 30 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന ഈ എൻജിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ക്ലച്ചിലുമുണ്ട് മാറ്റം. ഗിയര്‍ മാറ്റം അനായാസമാക്കാന്‍ സ്ലിപ്പെര്‍ ക്ലച്ചാണ് ഹൈനെസിനൊപ്പമുള്ളത്. ഡ്യുവല്‍ ചാനല്‍ ABS ആണ് ഹൈനസിന്‍റെ മറ്റൊരു പ്രത്യേകത. മുന്‍ഭാഗത്ത് 310 എംഎം ഡിസ്ക് ബ്രേക്കും പിന്‍ഭാഗത്ത് 240 എംഎം ഡിസ്ക് ബ്രേക്കുമാണ് ഹൈനെസിന് സുരക്ഷയൊരുക്കുന്നത്. എന്‍ജിന്‍ ഓണ്‍, ഓഫിനുമായുള്ള സ്വിച്ചും ഹൈനസിലുണ്ട്. രാജകീയ പ്രൌഢി നല്‍കുന്നതാണ് വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി ഹെഡ്‍ലൈറ്റും ടെയില്‍ലാംപും. 2163 എംഎം ആണ് ഹൈനെസിന്‍റെ നീളം. 181 കിലോഗ്രാമാണ് ഭാരം. 15 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി.
ഡീലക്‌സ്, ഡീലക്‌സ് പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഹോണ്ട ഹൈനെസ്സ് സിബി 350 വില്പനക്കെത്തുക. ഡീലക്‌സ് പ്രോ മോഡലുകൾക്ക് ഡ്യുവൽ ടോൺ കളർ കോമ്പിനേഷൻ നൽകിയപ്പോൾ ഡീലക്‌സ് പതിപ്പിന് സിംഗിൾ ടോൺ നിറമാണ്. ഹൈനെസ്സ് സിബി 350 വില്പനക്കെത്തിക്കാൻ ഉദ്ദേശിക്കുന്നത് ഹോണ്ടയുടെ പ്രീമിയം ബൈക്കുകൾ വിൽക്കുന്ന ബിഗ് വിങ് ഡീലർഷിപ്പുകൾ വഴിയാണ്. അതിനായി, ഉടൻതന്നെ ബിഗ് വിങ് ഡീലര്ഷിപ്പുകളുടെ എണ്ണം ഹോണ്ട വർധിപ്പിക്കും. എക്‌സ്-ഷോറൂം വില നിലവിൽ 1.90 ലക്ഷം രൂപയാണെങ്കിലും യഥാർത്ഥ വില ഒക്ടോബറിൽ ഔദ്യോഗിക ലോഞ്ചിനോടൊപ്പമേ വ്യക്തമാകൂ. ഹൈനസ് CB 350 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ ഹോണ്ടയുടെ ബിഗ് വിങ് ഡീലർഷിപ്പുകളിലോ ബൈക്ക് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.