ആ്ടീവ ഓടിക്കാൻ ഇനിമുതൽ താക്കോൽ ഇടേണ്ട; എച്ച്-സ്മാർട്ട് സാങ്കേതികവിദ്യയുമായി ഹോണ്ട
text_fieldsബെസ്റ്റ് സെല്ലർ മോഡലായ ആക്‌ടിവയുടെ പുത്തൻ വേരിയന്റ് അവതരിപ്പിച്ച് ഹോണ്ട. എച്ച്-സ്മാർട്ട് സാങ്കേതികവിദ്യയുമായാണ് പുതിയ മോഡലിനെ ഹോണ്ട വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ആക്‌ടിവ എച്ച്-സ്മാർട്ട് വേരിയന്റിന് 74,536 രൂപയാണ് എക്സ്ഷോറൂം വില.
ആക്ടിവയുടെ ടോപ്പ് എൻഡ് മോഡലായിരിക്കും എച്ച് സ്മാർട്ട്. സ്റ്റാൻഡേർഡ്, ഡീലക്സ്, സ്മാർട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ എച്ച് സ്മാർട്ട് പതിപ്പ് സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 74,536, 77,036, 80,537 രൂപയാണ് വിലവരുന്നത്. സ്‌കൂട്ടർ അഞ്ച് പേറ്റന്റ് ടെക്‌നോളജി ആപ്ലിക്കേഷനുകളുമായാണ് വരുന്നതെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഇതുവഴി നാല് സ്മാർട്ട് ഫീച്ചറുകൾ വാഹനത്തിന് ലഭിക്കും.
ഫീച്ചറുകളിൽ ആദ്യത്തേത് സ്മാർട്ട് അൺലോക്ക് ആണ്. പുതിയ ആക്ടീവയുടെ ഹാൻഡിൽ ബാർ, സ്റ്റോറേജ് ഏരിയ, ഫ്യൂവൽ കാപ് എന്നിവ ഇനിമുതൽ കീ ഇല്ലാതെ അൺലോക്ക് ചെയ്യാനാകും. ഒരു കൂട്ടത്തിൽനിന്ന് വാഹനം കണ്ടെത്താൻ സഹായിക്കുന്ന സ്‌മാർട്ട് ഫൈൻഡ് ഫീച്ചർ ആണ് അടുത്തത്. സ്മാർട്ട് സ്റ്റാർട്ട് എന്നാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ കീ ആവശ്യമില്ല എന്നാണർഥം. കീ വാഹനത്തിന്റെ രണ്ട് മീറ്റർ അകലത്തിനുള്ളിലാണെങ്കിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനാകും. എഞ്ചിൻ സ്റ്റാർട്ട് സ്റേറാപ്പ് സംവിധാനവും സ്മാർട്ട് കീയിലുണ്ട്.
മറ്റ് ഫീച്ചറുകൾ
വലിയ വീൽബേസ്, നീളമുള്ള ഫുട്‌ബോർഡ് ഏരിയ, പുതിയ പാസിങ് സ്വിച്ച്, ഡി.സി എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയും ഹോണ്ട വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അലോയ് വീലുകൾക്കായി ഒരു പുതിയ ഡിസൈനും അവതരിപ്പിച്ചിട്ടുണ്ട്
12 ഇഞ്ച് ഫ്രണ്ട് അലോയ് വീലുകൾ, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ എന്നിവയിലൂടെ സ്‌കൂട്ടർ സുഖപ്രദമായ യാത്രാനുഭവം പ്രദാനം ചെയ്യും. പുത്തൻ സാങ്കേതിക വിദ്യകളുമായാണ് പുതിയ സ്‌കൂട്ടർ എത്തിയിരിക്കുന്നതെന്ന് ഹോണ്ട അവകാശപ്പെടുന്നു. 110 സിസി PGM-FI എഞ്ചിനാണ് സ്കൂട്ടറിൽ. ലീനിയർ പവർ ഉത്പാദനം ഉറപ്പാക്കുന്ന മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ (ESP) സാങ്കേതികവിദ്യയും പുതിയ ആക്ടീവയിലുണ്ട്.
7.85 bhp കരുത്തും 8.84 Nm ടോർക്കും എഞ്ചിൻ സൃഷ്ടിക്കും. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 3-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് റിയർ സസ്‌പെൻഷനും ഉള്ള ഒരു അണ്ടർഡൺ ഫ്രെയിമാണ് ആക്ടിവയ്ക്കുള്ളത്. അപ്‌ഡേറ്റ് ചെയ്ത പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ, മെച്ചപ്പെടുത്തിയ സ്മാർട്ട് ടംബിൾ ടെക്‌നോളജി, എസിജി സ്റ്റാർട്ടർ, ഫ്രിക്ഷൻ റിഡക്ഷൻ എന്നിവ സ്കൂട്ടറിലെ പുതിയ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.
പുതിയ പേറ്റന്റ് സാങ്കേതികവിദ്യകൾ പവർട്രെയിനിനെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ്, ഡി.എൽ.എക്സ് എന്നീ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് എച്ച് സ്മാര്‍ട്ടിന്റെ ഭാരം ഒരു കിലോ കുറവാണ്. 2001-ലാണ് ആക്ടിവ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നിലവിൽ ആറാം തലമുറ ആക്ടീവയാണ് നിരത്തിലോടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.