ഹോണ്ട ബൈക്കിന് ഒറ്റയടിക്ക് കുറച്ചത് ഒരു ലക്ഷത്തിലധികം രൂപ; കാരണം ഇതാണ്
text_fieldsഹോണ്ടയുടെ അഡ്വഞ്ചർ ബൈക്കായ സി.ബി. 500 എക്സിന് വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഹോണ്ട സി.ബി. 500 എക്സ് അവതരിപ്പിച്ചത്. 6.87 ലക്ഷം രൂപയായിരുന്നു എക്‌സ് ഷോറൂം വില. അന്നുതന്നെ ബൈക്കിന്റെ ഉയർന്ന വില നിരൂപകർ ചൂണ്ടിക്കാട്ടിയിരുന്നു. കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (സി.കെ.ഡി) യൂനിറ്റായി ഇന്ത്യയിൽ കൊണ്ടുവന്നതാണ് വില കൂടുതലാകാൻ കാരണമെന്നാണ് ഹോണ്ട പറഞ്ഞിരുന്നത്.
എന്തായാലും ഈ അഡ്വഞ്ചർ ബൈക്കിന്റെ വിലയിൽ 1.07 ലക്ഷത്തിന്റെ കുറവുവരുത്താനാണ് ഹോണ്ട തീരുമാനിച്ചിരിക്കുന്നത്. ഇനിമുതൽ 5.80 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്‌സ് ഷോറൂം വില. അന്താരാഷ്ട്ര വിപണിയിൽ സി.ബി. 500 എക്സിന്റെ പരിഷ്കരിച്ച മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട. ഇതാണ് ഇന്ത്യയിൽ പെട്ടെന്നുണ്ടായ വിലക്കുറവിന് കാരണമെന്നാണ് സൂചന. വിലക്കിഴിവ് അധിക നാൾ ഉണ്ടാകില്ലെന്നും ഹോണ്ടയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
മോട്ടോർസൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഫ്യുവൽ ഇഞ്ചക്ഷനും ലിക്വിഡ് കൂളിംഗും ലഭിക്കുന്ന അതേ 471.03 സിസി, ഫോർ-സ്ട്രോക്ക്, പാരലൽ-ട്വിൻ എഞ്ചിനുമായാണ്ണ് ബൈക്ക് വരുന്നത്. 8,500 ആർപിഎമ്മിൽ 47 എച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 43.2 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോടുകൂടിയ 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ്. ലോ-മിഡ് റേഞ്ചിനായി എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ടെന്ന് ഹോണ്ട പറയുന്നു. റൈഡർക്ക് നിരന്തരം ഗിയർ മാറ്റേണ്ടതില്ലെന്നും ഡൗൺ-ഷിഫ്റ്റിംഗ് കൂടാതെ പ്രതിബന്ധങ്ങൾ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നും ഇത് ഉറപ്പാക്കുന്നു.
സി.ബി. 500 എക്സ് എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്ല്യു ജിഎസ് 310ആർ, കെടിഎം അഡ്വഞ്ചർ 390 എന്നിവരാണ് പ്രധാന എതിരാളികൾ. ബെനല്ലി ടിആർകെ 502-ന് എതിരെയാണ് സി.ബി. 500 എക്സ് നേരിട്ട് മത്സരിക്കുന്നത്.
199 കിലോഗ്രാം ഭാരവും 181 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട. 17.7 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. മുന്നിൽ 41 എംഎം ടെലിസ്‌കോപികും പിന്നിൽ 9-ഘട്ട മായി ക്രമീകരിക്കാവുന്ന ഹോണ്ട പ്രോലിങ്ക് മോണോ-ഷോക്കും ആണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. മോട്ടോർസൈക്കിളിന് സ്റ്റീൽ ട്യൂബ് ഫ്രെയിമാണ് ഹോണ്ട ഉപയോഗിക്കുന്നത്.
ചെറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് നൽകിയിട്ടുള്ളത്. ഇത് ഒരു നെഗറ്റീവ് LCD ഡിസ്പ്ലേ ആയതിനാൽ നേരിട്ട് സൂര്യപ്രകാശത്തിൽ എളുപ്പത്തിൽ കാണാൻ കഴിയും. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ, ഡ്യുവൽ ട്രിപ്പ് മീറ്ററുകൾ, ഫ്യൂവൽ ഗേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഉൾെപ്പടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.