രണ്ടേ രണ്ട് നാൾ മാത്രം, ഇനി കളി മാറും; ഇ.വി സ്കൂട്ടറുമായി സാക്ഷാൽ ഹോണ്ട വരുന്നു, എതിരാളികളുടെ ചങ്കിടിപ്പേറും
text_fieldsഇന്ത്യൻ സ്കൂട്ടർ വിപണിയിൽ ആക്ടിവ എന്ന മോഡലിലൂടെ തരംഗം സൃഷ്ടിച്ച ഹോണ്ട ഇതാ ഇലക്ട്രിക് മേഖലയിലേക്ക് ചുവടുവെക്കുന്നു. ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ നവംബർ 27ന് അവതരിപ്പിക്കും. ഇ.വിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതാനും ടീസറുകൾ മാത്രമാണ് ഹോണ്ട പങ്കുവെച്ചിട്ടുള്ളത്.
ആക്ടീവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ളതാവും പുതിയ ഇലക്ട്രിക് സ്കൂട്ടറെന്നാണ് വാഹന വിദഗ്ധരുടെ അനുമാനം. എടുത്തുമാറ്റാവുന്ന രണ്ട് ബാറ്ററികളോടെയാവും സ്കൂട്ടർ എത്തുകയെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന വിവരം. സീറ്റിനടിയിൽ സ്വാപ് ചെയ്യാവുന്ന രണ്ട് ബാറ്ററി യൂണിറ്റുകളുടെ ദൃശ്യം ടീസറിലുണ്ട്. ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇ-ആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡലെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല.
ഫുൾ ചാർജിൽ 100 കിമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന സ്കൂട്ടറിൽ സ്പോർട്സ്, സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകളാണുണ്ടാവുക. സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന OTA (ഓവര്‍-ദി-എയര്‍) അപ്‌ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഹോണ്ട ഇ.വിയിൽ ഉണ്ടായേക്കും.
സ്വിങ് ആം മൗണ്ടഡ് മോട്ടാറാണ് പുതിയ ഇ.വിക്ക് കരുത്ത് പകരുക. എസ്.സി.ഇ എന്ന പേരിലുള്ള ഇലക്ട്രിക് സ്കൂട്ടർ ഹോണ്ട നേരത്തെ പല മോട്ടോർഷോകളിലും പ്രദർശിപ്പിച്ചിരുന്നു. സമാനമായ ഡിസൈനിലുള്ള സി.യു.വി.ഇ എന്ന സ്കൂട്ടറും ഹോണ്ട പ്രദർശിപ്പിച്ചിരുന്നു. സി.യു.വി.ഇ ആണ് ഇലക്ട്രിക് ആക്ടിവയായി ഇന്ത്യയിലെത്തുകയെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ട് തരം ഡിസ്പ്ലേകൾ ടീസറിൽ കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ട് വേരിയന്‍റുകൾ ഹോണ്ട ഇ.വിക്ക് ഉണ്ടാകുമെന്നാണ് നിഗമനം. 1.3 കിലോവാട്ട് അവർ ശേഷിയുള്ളവയാകും ബാറ്ററികൾ. രണ്ട് ബാറ്ററികളാകുമ്പോൾ ശേഷി 2.6 കിലോവാട്ട് അവറായി ഉയരും. മണിക്കൂറിൽ 80 കി.മീറ്റർ ആകും പരമാവധി വേഗം.
ഏറെക്കാലമായി അഭ്യൂഹമായി തുടരുകയായിരുന്നു ഹോണ്ടയുടെ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കുന്നുവെന്നത്. ഇന്ത്യയിൽ സ്കൂട്ടർ വിപ്ലവത്തിന് കാരണക്കാരായ ഹോണ്ട ഇ.വി അവതരിപ്പിക്കുമ്പോൾ വാഹനപ്രേമികളും ആകാംക്ഷയിലാണ്. ഒല, ടി.വി.എസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥർ എന്നിവയാണ് നിലവിൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലെ അതികായർ. ഇവർക്കൊപ്പം ഹോണ്ട കൂടി എത്തുന്നതോടെ ഇനി ഇ.വി ഇരുചക്ര വാഹന വിപണി വേറെ ലെവലാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.