അറിയാത്ത കാര്യങ്ങൾ ചോദിക്കണം
text_fieldsവാഹനത്തിന്റെ എസ്റ്റിമേറ്റ് എഴുതിവാങ്ങുമ്പോൾ തുക ഓരോന്നും എന്തൊക്കെയാണെന്ന് പ്രത്യേകം വിവരിച്ചു തരാൻ ഷോറൂം െറപ്രസന്റേറ്റിവിനോട് ആവശ്യപ്പെടണം. നമുക്കറിയാത്ത കാര്യങ്ങൾ ചോദിച്ചറിയാൻ മടി കാണിക്കേണ്ടതില്ല. ഒളിഞ്ഞിരിക്കുന്ന തുകകൾ കൂട്ടിച്ചേർത്ത എസ്റ്റിമേറ്റ് ഒക്കെ ചിലപ്പോൾ കിട്ടിയേക്കാം. ഉദാഹരണത്തിന് പുതിയ വാഹനത്തിന് ഒരുവിധത്തിലുമുള്ള ഹാൻഡ്ലിങ് ചാർജും വാങ്ങാൻ ഇപ്പോൾ മോട്ടോർ വാഹനവകുപ്പ് നിയമം അനുവദിക്കുന്നില്ല. ഇത് മറികടക്കാൻ ചില ഷോറൂമുകാർ റോഡ് ടാക്സ് എന്ന വിഭാഗത്തിൽപെടുത്തി തുക കൂട്ടി തെറ്റിദ്ധരിപ്പിക്കാറുണ്ട്.
ഓരോ വാഹനത്തിന്റെയും എക്സ്ഷോറും പ്രൈസും എൻജിൻ കപ്പാസിറ്റിയും അനുസരിച്ച് റോഡ് ടാക്സിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് രണ്ട് ലക്ഷം രൂപയിൽ കൂടുതൽ എക്സ് ഷോറൂം വില വരുന്ന ഇരുചക്ര വാഹനത്തിന് കേരളത്തിൽ ആഡംബര ടാക്സ് ആണ് കണക്കാക്കുന്നത്. അതായത് 21 ശതമാനം വരും ടാക്സ്. രണ്ട് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഈ തുക 15 ശതമാനം ആയിരിക്കും. ഇനി ഷോറൂം വില ഒരുലക്ഷത്തിലും താഴെയാണെങ്കിൽ നികുതി നിരക്കിൽ വീണ്ടും വ്യത്യാസമുണ്ടാകും. ഇതൊന്നും അറിയാത്ത ഒരാൾ വാഹനം വാങ്ങാൻ ചെല്ലുമ്പോൾ ഒരുപക്ഷേ 15 എന്നത് 17, 18 ശതമാനം ഒക്കെ കണക്കുകൂട്ടി ഒരു തുക പറഞ്ഞാലും അത് റോഡ് ടാക്സ് ആണെന്ന് കരുതി നാം പണം കൊടുക്കും.
അതുപോലെ ഇരുചക്ര വാഹനം വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കേണ്ട ഹെൽമറ്റ് ഉൾപ്പെടെയുള്ളവക്ക് വേറെ ഏതെങ്കിലും വിധത്തിൽ തുക കൂട്ടിച്ചേർത്താണോ എസ്റ്റിമേറ്റ് തയാറാക്കി നമുക്ക് തരുന്നത് എന്നത് ഒന്നും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ പ്രയാസവുമായിരിക്കും. മറ്റൊന്ന് ഇൻഷുറൻസാണ്. വാഹനത്തിന്റെ ഐ.ഡി.വി (ഇൻഷുറൻസ് ഡിക്ലയേർഡ് വാല്യൂ) അതായത് മാർക്കറ്റ് വാല്യൂ വെച്ച് നമ്മുടെ വാഹനത്തിന് ഇൻഷുറൻസ് കമ്പനി ഇടുന്ന ഒരു തുക. ആദ്യ വർഷം ഈ തുക വാഹന വിലക്ക് സമാനം ആയിരിക്കും. വാഹനം പഴകുംതോറും ഓരോ വർഷം കഴിയുന്തോറും ഈ വാല്യൂ കുറഞ്ഞുകൊണ്ടിരിക്കും. ഇത് വേണമെങ്കിൽ കുറച്ച് കാണിച്ചാൽ ഇൻഷുറൻസ് തുകയിലും കുറവു വരും. ആദ്യ വർഷങ്ങളിൽ ഐ.ഡി.വി ഏറ്റവും ഉയർന്നുതന്നെ നിൽക്കുന്നതാണ് നല്ലത്.
വാഹനാപകടമുണ്ടായി ടോട്ടൽ ലോസ് ആയാൽ ഇൻഷുറൻസ് ആയി നമുക്ക് കിട്ടുന്നത് ഇട്ടിരിക്കുന്ന ഐ.ഡി.വി അടിസ്ഥാനമാക്കി ആയിരിക്കും. അതേപോലെ തന്നെ ഷോറൂമിൽനിന്ന് ഇൻഷുറൻസ് എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഷോറൂമിൽനിന്ന് പറഞ്ഞ തുകയെക്കാൾ കുറവിൽ (സമാന ഐ.ഡി.വി നിരക്കിൽ) ചിലപ്പോൾ പുറത്തുള്ള വിശ്വാസ്യതയുള്ള ഇൻഷുറൻസ് ഏജന്റ് വഴി പോളിസിയെടുക്കാൻ സാധിച്ചേക്കും. വിശ്വസ്ത ഇടങ്ങളിൽനിന്ന് മാത്രം പോളിസിയെടുക്കാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.