ചില നമ്പറുകൾ...
text_fieldsഷാറൂഖ് ഖാൻ-0555, മമ്മൂട്ടി-0369, അമിതാഭ് ബച്ചൻ -0002, 2000, രൺബീർ കപൂർ -0008, 8000, സെയ്ഫ് അലി ഖാൻ -1970, സൽമാൻ ഖാൻ -2727... ഈ പട്ടിക പൂർണമല്ല. പെട്ടെന്ന് ഓർമ വന്ന ചില വാഹന നമ്പറുകളാണ് ഇത്. വാഹനങ്ങൾ വാങ്ങിക്കൂട്ടാൻ ഏറെ താൽപര്യപ്പെടുന്ന പ്രമുഖർ അതിന്റെ നമ്പർ പ്ലേറ്റുകൾപോലും സ്പെഷലാക്കാൻ ശ്രദ്ധിക്കുന്നവരാണ്.
ഇവരിൽ ചിലർ ഏത് വാഹനം വാങ്ങിയാലും അതിനൊപ്പം എന്ത് വില കൊടുത്തും ഒരേ നമ്പർ തന്നെ നിലനിർത്തുന്നവരാണ്. എന്നാൽ, മോഹൻലാലിനെപ്പോലെ (2255, 2020...) മറ്റു ചിലർക്ക് വ്യത്യസ്ത നമ്പറുകൾ ഉള്ളതായും കാണാം. നമ്പറുകളുടെ പ്രത്യേകതയും ഡിമാൻഡും അനുസരിച്ച് കുറഞ്ഞത് 3000 രൂപ മുതൽ മുടക്കിയാൽ നമുക്കും ഇഷ്ടമുള്ള നമ്പർ സംഘടിപ്പിക്കാനാകും. എന്നാൽ, ഫാൻസി നമ്പറുകളായി സർക്കാർ ഓരോ സംസ്ഥാനത്തും നിശ്ചയിച്ചിരിക്കുന്നവ കിട്ടണമെങ്കിൽ പ്രത്യേകം ബുക്ക് ചെയ്ത് നിശ്ചിത തുക ആദ്യം അടക്കണം. ഉദാഹരണത്തിന് നമ്പർ ശ്രേണിയിലെ 1 എന്ന അക്കം എക്കാലവും സൂപ്പർ എലൈറ്റ് വിഭാഗത്തിലുള്ളതാണ്. ഒരു ലക്ഷം രൂപയാണ് ലേല നടപടികളിലേക്ക് (അതായത് ഒന്നിലധികം ആവശ്യക്കാർ) പോയില്ലെങ്കിൽ മുടക്കേണ്ട തുക. ആവശ്യക്കാർ കൂടുതലും വാശിയോടെ ഉറച്ചുനിൽക്കുന്ന പക്ഷം ലേലത്തിലേക്ക് പോവുകയും തുക ഉയരുകയും ചെയ്യും.
കേരളത്തിലെ ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുക 30 ലക്ഷമാണ്. ഒരു ലക്ഷം രൂപ ഫീസടക്കം കെ.എൽ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് തന്റെ പുതിയ പോർഷെ 718 ബോക്സ്റ്ററിനുവേണ്ടി ഇത്രയും തുക മുടക്കിയത്. മൂന്നു പേരാണ് ലേലത്തിനുണ്ടായിരുന്നത്. 10 ലക്ഷത്തിലും 25 ലക്ഷത്തിലും രണ്ടുപേർ ലേലം അവസാനിപ്പിക്കുകയും ബാലഗോപാൽ 30 ലക്ഷത്തിന് ലേലമുറപ്പിക്കുകയുമായിരുന്നു.
7777 എന്ന ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപക്ക് തിരുവല്ല സ്വദേശിനി അഡ്വ. നിരഞ്ജന സ്വന്തമാക്കിയത് വാർത്താപ്രാധാന്യം നേടിയത് നടൻ പൃഥ്വിരാജ് മുമ്പ് മുടക്കിയ തുക മറികടന്നതുകൊണ്ടായിരുന്നു. തിരുവല്ല ആര്.ടി.ഒക്ക് കീഴിലായിരുന്നു ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ വാഹനത്തിനുവേണ്ടി വാശിയേറിയ ലേലം നടന്നത്. നമ്പറിനായി 50,000 രൂപ അടച്ച് നാല് പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഇതിൽ ഒരാൾ ആദ്യമേ ഒഴിവായി. മറ്റെയാൾ 4.7 ലക്ഷം രൂപ വരെ വിളിച്ചശേഷം പിന്മാറി. മൂന്നാമത്തെയാൾ 7.80 ലക്ഷം രൂപ വരെ വിളിച്ചു. എന്നാൽ നിരഞ്ജന 7.85 ലക്ഷം രൂപ വിളിച്ചതോടെ ലേലം ഉറപ്പിച്ചു.
ഇതിനൊക്കെ മുമ്പ് ഏഴ് ലക്ഷം രൂപ മുടക്കി, കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ലംബോർഗിനി ഹുറാകാൻ എന്ന സൂപ്പർ കാറിന് പൃഥ്വിരാജ് ഇഷ്ടനമ്പര്‍ സ്വന്തമാക്കിയിരുന്നു. കെ.എൽ 7 സിഎൻ 1 എന്ന നമ്പറാണ് താരം ലേലത്തിലൂടെ പിടിച്ചെടുത്തത്. ലേലത്തിൽ അഞ്ചുപേരെയാണ് നടൻ പിന്തള്ളിയത്. കൊച്ചി കാക്കനാട് ആർ.ടി.ഒ ഓഫിസിലായിരുന്നു ലേലം. ലേലം വിളി ആറുലക്ഷത്തിലെത്തിയപ്പോൾ പൃഥി ഒന്നാം നമ്പർ ഉറപ്പിച്ചു. ലേലത്തുകയായ ആറു ലക്ഷവും ഫീസായി 1 ലക്ഷവും ചേർത്ത് ഫാൻസി നമ്പറിനായി ആകെ എഴ് ലക്ഷം രൂപയാണ് മുടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.