ലോകത്ത് ഇതുവരെ എത്ര മാരുതി കാറുകൾ പുറത്തിറങ്ങിയിട്ടുണ്ട്?; ഈ ഉത്തരം നമ്മളെ ഞെട്ടിക്കും
text_fieldsകാറെന്ന് കേട്ടാൽ ഇന്ത്യക്കാരന് മാരുതിയാണ്. നമ്മുടെ നിരത്തുകളിൽ അത്ര സാർവത്രികമാണ് ഇവരുടെ കാറുകൾ. എന്നാൽ ഇന്നുവരെയായി എത്ര കാറുകൾ മാരുതി കമ്പനി നിർമിച്ചുണ്ടെന്നറിയാമോ? വാഹനപ്രേമികൾക്ക് കൗതുകമുണർത്തുന്ന വിവരം മാരുതി സുസുകി തന്നെ ബുധനാഴ്ച പുറത്തുവിട്ടിരിക്കുകയാണ്. 1983ൽ പ്രവർത്തനം തുടങ്ങിയ കമ്പനി 40 വർഷത്തിനുള്ളിൽ 2.5 കോടി യൂനിറ്റ് വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
1980കളിൽ ഹരിയാനയിലെ ഗുഡ്ഗാവിലാണ് മാരുതി പ്രവർത്തനം ആരംഭിച്ചത്. എം800 എന്ന കമ്പനിയുടെ ആദ്യ മോഡൽ ഇവിടെ നിന്നാണ് പുറത്തിറക്കിയത്. ഇതു കാലങ്ങളോളം ഇന്ത്യക്കാരുടെ പ്രിയകാറായി നിരത്തുകളിൽ നിറഞ്ഞുനിന്നു. കാലം കഴിയവേ വാഹനശൃംഖല വികസിപ്പിച്ച കമ്പനി ഇന്ന് 16 മോഡൽ കാറുകൾ നിർമിക്കുന്നുണ്ട്. ഗുഡ്ഗാവിലും മനേസറിലുമുള്ള മാരുതി സുസുകി ഫാക്ടറികളിൽ നിന്നാണ് ഈ മോഡലുകൾ നിർമിക്കുന്നത്. വർഷത്തിൽ 15 ലക്ഷം വാഹനങ്ങൾ എന്ന കണക്കിലാണ് നിർമാണം.
ഇപ്പോഴും രാജ്യത്തെ കാർ നിർമാതാക്കളുടെ പട്ടികയിൽ വിൽപ്പനയുടെ കാര്യത്തിൽ മാരുതി സുസുകി ഒന്നാമതാണ്. എതിരാളികളായ ഹ്യൂണ്ടായിയും ടാറ്റാ മോട്ടോർസുമൊക്കെ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മഹീന്ദ്ര, കിയ, ടൊയോട്ട എന്നിവ വിൽപ്പന വർധിപ്പിക്കാനുള്ള പരിശ്രമത്തിലുമാണ്. കാർ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ചെറുകാറുകളിൽ നിന്ന് വലിയ മോഡലുകളിലേക്ക് നീങ്ങാൻ മാരുതി സുസുകിയും നിർബന്ധിതാരായിരിക്കുകയാണ്.
മാരുതിയുടെ ബ്രസ്സ ഏറെ വിൽക്കപ്പെടുന്ന കോംപാക്ട് എസ്‌യുവിയാണ്. ഈയടുത്ത് ലോഞ്ച് ചെയ്ത ഗ്രാൻഡ് വിറ്റാര മിഡ് സൈസ് എസ്‌യുവിയാണ്. ഈ വർഷം മാത്രം എക്‌സ്എൽ6, എർട്ടിഗ, ബലേനോ, ആൾട്ടോ, ബ്രസ്സ എന്നിവയുടെ നവീകരിച്ച വേർഷനുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
'ഇന്ത്യയും സുസുകിയും തമ്മിലുള്ള ബന്ധത്തിന് 2022ൽ 40 വർഷം തികയുകയാണ്. 25 മില്യൺ വാഹന നിർമാണമെന്ന് നാഴികക്കല്ല് കമ്പനി കടന്നിരിക്കുകയാണ്. തുടർന്നും ഇന്ത്യൻ ജനതയോടുള്ള ആത്മബന്ധം കമ്പനി മുന്നോട്ടുകൊണ്ടുപോകും'-മാരുതി സുസുകിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടക്യൂച്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.