സ്മാർട്ട് ഫോണുകൾക്കൊപ്പം സ്മാർട്ട് കാറുകളും നിർമിച്ച് വാവെ; ഹൈബ്രിഡ് ക്രോസോവർ ഷാങ്ഹായിയിൽ അവതരിപ്പിച്ചു
text_fieldsചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വാവെ വാഹന നിർമാണ രംഗത്തും ചുവടുവയ്ക്കുന്നു. ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ സെറസിനൊപ്പം സഹകരിച്ചാണ് വാവെ വാഹന വ്യവസായത്തിലേക്ക് കടക്കുന്നത്. വാവെ ആദ്യമായി നിർമിക്കുന്നത് ഹൈബ്രിഡ് ക്രോസോവറായ എസ്എഫ് 5 മോഡലാണ്. വാഹനം ഷാങ്ഹായ് മോട്ടോർഷോയിൽ അവതരിപ്പിച്ചു. ചൈനയിലെ വാവെ സ്റ്റോറുകൾ വഴി വാഹനം വിറ്റഴിക്കാനാണ് തീരുമാനം. ആധുനികവും യൂറോപ്യനുമായ രൂപഭാവങ്ങളോടെയാണ് എസ്എഫ് 5 നിർമിച്ചിരിക്കുന്നത്.
വാവേയും ഫെറാരിയും
ആഢംബര വാഹനങ്ങളുടെ അവസാന വാക്കായ ഫെറാരിയുടെ പുറത്തിറങ്ങാനിരിക്കുന്ന ക്രോസോവർ എസ്.യു.വിയായ പുരോസാംഗുവുമായി വാവെ വാഹനത്തിന് സാമ്യമുണ്ട്. മുന്നിലെ സ്വൈപ്ബാക്ക് ഹെഡ്ലൈറ്റുകൾ, മെഷ് ഗ്രിൽ എന്നിവ ബംബറിലേക്ക് ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. വ്യതിരിക്തമായ എൽഇഡി ഡിആർഎല്ലുകൾ, കൂർത്ത ബോഡിലൈനുകൾ, ചേർന്നിരിക്കുന്ന ഡോർ ഹാൻഡിലുകൾ, ചരിഞ്ഞിറങ്ങുന്ന മേൽക്കൂര എന്നിവ പ്രത്യേകതകളാണ്. പിന്നിൽ വീതിയുള്ള ലൈറ്റ് സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സ്ലിം എൽഇഡി ടെയിൽലൈറ്റുകൾ വാഹനത്തിന് സ്പോർടി ലുക്ക് നൽകുന്നുണ്ട്. 4,700 എംഎം നീളവും 1,930 മില്ലീമീറ്റർ വീതിയും 1,625 മില്ലീമീറ്റർ ഉയരവും ഉള്ള വാഹനമാണിത്. 2,875 മില്ലീമീറ്റർ ആണ് വീൽബേസ്.
അകം ടെസ്ലക്ക് സമാനം
ഉള്ളിൽ ടെസ്‌ല കാറുകളിലേതുപോലെ, പോർട്രെയിറ്റ്-ഓറിയന്‍റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്‍റ് സെന്‍ററാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. പ്രീമിയം അപ്പീലിനായി വുഡ് ഫിനിഷുകൾ, മെറ്റാലിക് ആക്സന്‍റുകൾ, ലെതർ അപ്ഹോൾസറി എന്നിവയും എസ്എഫ് 5 ന്റെ ഇന്റീരിയറുകളിൽ കാണാം. വിവിധ സവിശേഷതകളുടെ കാര്യത്തിലും എസ്എഫ് 5 ഒട്ടും പിന്നിലല്ല. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ചൂടായതും വായുസഞ്ചാരമുള്ളതുമായ സീറ്റുകൾ, സീറ്റ് മസാജർ, 11 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ ലഭിക്കും. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലോ-സ്പീഡ് ട്രാഫിക് അസിസ്റ്റ്, കൊളിഷൻ വാണിങ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പിങ് അസിസ്റ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങളും എസ്എഫ് 5ലുണ്ട്.
എഞ്ചിൻ
ഹൈബ്രിഡ് പവർ ട്രെയിനാണ് വാവെ സെറസ് എസ്എഫ് 5ലുള്ളത്. 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. ഇതോടൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും വാഹനത്തിലുണ്ട്. മൊത്തം കരുത്ത് 543 ബിഎച്ച്പിയും 820 എൻഎം ടോർക്കുമാണ്. 4.68 സെക്കൻഡിനുള്ളിൽ മൂന്നക്ക വേഗതയിലെത്താൻ വാഹനത്തിനാകും. 180 കിലോമീറ്റർവരെ പൂർണ്ണമായും വൈദ്യുതിയിൽ ഓടാനും വാഹനത്തിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.