‘ഫോർമുല ഇ’ വേദിയാകാൻ ഇന്ത്യയും; ഹൈദരാബാദ് ഗ്രാൻഡ് പ്രീ നാളെ
text_fieldsഇലക്ട്രിക് വാഹനങ്ങളുടെ റേസിങ് മത്സരമായ ഫോർമുല ഇ ഇന്ത്യയിലേക്ക്. 2014ൽ ആഗോളതലത്തിൽ ആരംഭിച്ച റേസിങ് മത്സരം ആദ്യമായാണ് രാജ്യത്ത് എത്തുന്നത്. ഹൈദരാബാദ് ഹുസൈൻ സാഗർ തടാകത്തിന് ചുറ്റുമുള്ള സ്ട്രീറ്റ് സർക്യൂട്ടിലാണ് ശനിയാഴ്ച്ച ണത്സരം അരങ്ങേറുക.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസിങ് ആയാണ് ഫോർമുല ഇ അറിയെപ്പടുന്നത്. രാജ്യത്ത് ആദ്യമായാണ് ഓൾ-ഇലക്ട്രിക് കാറോട്ട മത്സരം നടക്കുന്നത്. മൊത്തം 11 ടീമുകളാണ് ഫോർമുല ഇ യിൽ മത്സരിക്കാൻ എത്തുന്നത്.
ഒരു ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യ ഇത്തരമൊരു മോട്ടോർസ്‌പോർട്ട് സീരീസിന് ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ 2011, 2012, 2013 വർഷങ്ങളിൽ ഫോർമുല വൺ റേസുകൾക്ക് രാജ്യം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
പാരീസ്, ഹോങ്കോങ്, ന്യൂയോർക്ക്, ബെർലിൻ എന്നിവിടങ്ങളിലെ സ്ട്രീറ്റ് സർക്യൂട്ടുകളിലാണ് ഫോർമുല ഇ റേസ് നടക്കുന്നത്. ഹൈദരാബാദ് സ്ട്രീറ്റ് സർക്യൂട്ട് ഇപ്പോൾ ഇ-പ്രിക്സ് നടത്തുന്ന മുപ്പതാമത്തെ വേദിയാണ്. മുൻ എഫ്ഐഎ പ്രസിഡന്റ് ജീൻ ടോഡിന്റെയും സ്പാനിഷ് വ്യവസായി അലജാൻഡ്രോ അഗാഗിന്റെയും ആശയമായിരുന്നു ഫോർമുല ഇ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേസ് കാറുകൾ ഉൾപ്പെടുന്ന ആദ്യത്തെ ഫോർമുല ഇ റേസ് 2014 സെപ്റ്റംബറിൽ ചൈനയിലെ ബെയ്ജിങിലാണ് അരങ്ങേറ്റം കുറിച്ചത്.
ഫോർമുല ഇ ഇവന്റ് സംഘടിപ്പിക്കുന്നതിനായി ഹൈദരാബാദ് സ്ട്രീറ്റ് സർക്യൂട്ട് താത്ക്കാലികമായി നിർമിച്ചതാണ്. ഹുസൈൻ സാഗർ തടാകത്തിന് ചുറ്റും സ്ട്രീറ്റ് സർക്യൂട്ട് 2.83 കിലോമീറ്റർ നീളത്തിൽ 18 കർവുകളുമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഫോർമുല ഇ-യുടെ മെച്ചപ്പെടുത്തിയ റീജനറേറ്റീവ് ബ്രേക്കിംഗ് പ്രയോജനപ്പെടുത്താനാണ് ട്രാക്ക് ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ബെയ്ജിംഗ്, മലേഷ്യയിലെ പുത്രജയ, ഉറുഗ്വേയിലെ പൂന്താ ഡെൽ എസ്റ്റെ, ബ്യൂനസ് ഐറിസ്, കാലിഫോർണിയയിലെ ലോംഗ് ബീച്ച്, മിയാമി, മോണ്ടെ കാർലോ, ബെർലിൻ, മോസ്‌കോ, ലണ്ടൻ എന്നിവ ഉൾപ്പെടുന്ന 10 നഗരങ്ങളിലായി 11 മത്സരങ്ങളാണ് ഉദ്ഘാടന സീസണിൽ നടന്നത്. രണ്ട് ഡ്രൈവർമാർ വീതമുള്ള 10 ടീമുകൾ ഇതിൽ പങ്കെടുത്തിരുന്നു. ഔഡി സ്‌പോർട് എബിടി ടീമിലെ ലൂക്കാസ് ഡി ഗ്രാസിയാണ് ആദ്യത്തെ ഫോർമുല ഇ റേസ് കിരീടമണിഞ്ഞത്.
മഹീന്ദ്ര റേസിങ് ടീമിനായി ഇന്ത്യയുടെ കരുൺ ചന്ദോക്കി-ബ്രൂണോ സെന്ന ടീം ആദ്യ ഫോർമുല ഇ സീസണിൽ പങ്കെടുത്തിരുന്നു. പിന്നീട് ബിഎംഡബ്ല്യു, നിസാൻ, മെർസിഡീസ് ബെൻസ്, പോർഷ തുടങ്ങിയ വമ്പൻമാരും പല സീസണുകളിലായി ഇലക്ട്രിക് കാറോട്ട മത്സരങ്ങളിലെ സാന്നിധ്യമറിയിച്ചു.
നിലവിലെ സീസണിൽ രണ്ട് മത്സരങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. അതിൽ ഒന്ന് മെക്സിക്കോ സിറ്റിയിലും രണ്ട് സൗദി അറേബ്യയിലെ ദിരിയയിലുമാണ് പൂർത്തിയാക്കിയത്. ഇന്ത്യയ്ക്ക് ശേഷം കേപ്ടൗൺ, സാവോപോളോ തുടങ്ങിയ പുതിയ നഗരങ്ങളിലേക്കും ഫോർമുല ഇ മത്സരമെത്തുക.
പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ-വീൽഡ് റേസ് കാറുകളാണ് ഫോർമുല ഇയിൽ മാറ്റുരയ്ക്കുന്നത്. സമാനമായ സ്പെസിഫിക്കേഷനുകളുള്ള കാറുകളാണ് ഇലക്ട്രിക് റേസിൽ പങ്കെടുക്കുന്നത്. ഫോർമുല ഇയിൽ മത്സരിക്കുന്ന മൂന്നാംതലമുറ കാറുകൾക്ക് ഇപ്പോൾ 350 kW പവർ ഔട്ട്പുട്ടും 322 കി.മീ. വേഗതയുമാണ് പുറത്തെടുക്കുന്നത്.
ഫോർമുല ഇ ടിക്കറ്റുകൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. ടിക്കറ്റുകൾക്ക് 100 രൂപ മുതൽ 1,25,000 രൂപ വരെയാണ് വില. സ്റ്റാർ സ്പോർട്‌സ് സെലക്‌ട് 2 അല്ലെങ്കിൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഗ്രീൻകോ ഹൈദരാബാദ് ഇപ്രിക്‌സ് കാണാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.