പച്ചയിൽ തിളങ്ങി ജനപ്രിയ എസ്.യു.വികൾ; ക്രെറ്റ, അൽക്കസാർ അഡ്വഞ്ചർ എഡിഷനുമായി ഹ്യൂണ്ടായ്
text_fieldsക്രെറ്റ, അൽക്കസാർ അഡ്വഞ്ചർ എഡിഷനുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യൂണ്ടായ് മോട്ടോർസ്. പുതിയ അഡ്വഞ്ചർ എഡിഷൻ എസ്‌യുവികളുടെ ടീസർ വിഡിയോയും ബ്രാൻഡ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സ്പെഷ്യൽ ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുമായാവും അഡ്വഞ്ചർ എഡിഷൻ ഒരുങ്ങുക.
കോസ്മെറ്റിക് നവീകരണങ്ങൾ മാത്രമാവും പുതിയ എസ്.യു.വികളിൽ ഉണ്ടാവുക. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിലുണ്ടാവില്ലെന്നാണ് സൂചന. ഫോറസ്റ്റ് ഗ്രീൻ നിറം, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകൾ, റെഡ് ആക്‌സന്റുകൾ ഉള്ള സൈഡ് സ്കർട്ടുകൾ എന്നിവയാണ് ടീസറിൽ കാണുന്നത്. ഇതുകൂടാതെ, ഫ്രണ്ട് ഫെൻഡറുകളിൽ അഡ്വഞ്ചർ ബാഡ്ജിംഗും ഇടംപിടിച്ചിട്ടുണ്ടള.
ഇന്റീരിയറിലും ചില്ലറ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഡാഷ്ബോർഡിനും ഡോർ ട്രിമ്മുകൾക്കുമായി പുനർരൂപകൽപ്പന ചെയ്ത അപ്ഹോൾസ്റ്ററിയും പുതിയ മെറ്റീരിയലുകളും വരുമെന്നാണ് സൂചന. അകത്തളത്തിൽ വേറെന്തെങ്കിലും പരിഷ്ക്കാരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ് കൂട്ടിച്ചേർക്കലുകളൊന്നും ഉണ്ടാകില്ലെന്നാണ് അനുമാനം.
രണ്ട് എസ്.യു.വികളുടെയും എഞ്ചിൻ ഓപ്ഷനുകളെല്ലാം അതേപടി നിലനിർത്തിയാവും കമ്പനി പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഒരുക്കുക. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായിരിക്കും വാഹനത്തിന്.
പെട്രോൾ എഞ്ചിൻ പരമാവധി 113 bhp പവറും 144 Nm ടോർകും ഉത്പാദിപ്പിക്കും. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാം. ഡീസൽ എഞ്ചിൻ 113 bhp പരമാവധി കരുത്തും 250 Nm ടോർക്കുമാണ് പുറത്തെടുക്കുക. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ആണ് ഗിയർബോക്‌സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.