പഞ്ചിന്‍റെ നെഞ്ചിടിപ്പ് കൂട്ടി എക്‌സ്‌റ്റർ; ആദ്യ ഡിസൈൻ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടായ്
text_fieldsവരാനിരിക്കുന്ന എക്‌സ്‌റ്റർ മൈക്രോ എസ്.യു.വിയുടെ ആദ്യ ഡിസൈൻ ചിത്രം പുറത്ത് വിട്ട് ഹ്യുണ്ടായ്. കുഞ്ഞു ഹ്യുണ്ടായ് വെന്യുവിനെ പോലെയാണ് ഡിസൈനും സ്‌പോർട്ടി ലുക്കും തോന്നിപ്പിക്കുന്നത്. എച്ച് ആകൃതിയിലുള്ള എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, വെന്യുവിന് സമാനമായി ചതുരാകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും റൂഫ് റെയിലും ഡിസൈൻ ചിത്രത്തിൽ കാണാം. കരുത്തുള്ള സ്കിഡ് പ്ലേറ്റും ഉണ്ട്.
ഹ്യുണ്ടായിയുടെ ഗ്രാൻഡ് ഐ10 നിയോസ്, ഓറ മോഡലുകളുടെ അതേ പ്ലാറ്റ്‌ഫോമിലാവും എക്‌സ്‌റ്ററും നിർമിക്കുക. രണ്ടുമോഡലുകൾക്കും സമാനമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാവും എക്‌സ്‌റ്ററിലും ഉണ്ടാവുക. പരമാവധി 83 പി.എസ് പവറും 113.8 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനിൽ 5സ്പീഡ് മാനുവലും 5 സ്പീഡ് എ.എം.ടി ട്രാൻസ്മിഷനുമാവും ഉണ്ടാവുക.
ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിങ്ങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ആറ് ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയായിരിക്കും വില.
വാഹനത്തിന്‍റെ ഇന്ത്യയിലെ ലോഞ്ച് ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും ടാറ്റ പഞ്ചിനോട് മത്സരിക്കാനാവും ഈ മൈക്രോ എസ്.യു.വി എത്തുന്നത്. മാരുതി സുസുക്കി ഇഗ്‌നിസും എതിരാളിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.