എക്സ്റ്റർ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്; ഫീച്ചറുകളാൽ സമ്പന്നം
text_fieldsഹ്യുണ്ടായുടെ മൈക്രോ എസ്.യു.വി എക്സ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ടു. നേരത്തെ എക്സ്റ്റീരിയർ കാഴ്ച്ചകൾ പങ്കുവച്ചിരുന്ന ഹ്യുണ്ടായ് ഇന്റീരിയർ ചിത്രങ്ങളും ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ഫീച്ചറുകളാൽ സമ്പന്നമായാണ് എക്സ്റ്ററിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ജൂലൈ പത്തിന് ഔദ്യോഗിക ലോഞ്ച് നടക്കാനിരിക്കുന്ന വാഹനമാണിത്.
നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തുന്ന വാഹനമാണ് എക്സ്റ്റർ. ഗ്രാൻഡ് i10 നിയോസ്, ഓറ സെഡാൻ എന്നിവക്ക് സമാനമായ അകത്തളമാണ് വാഹനത്തിനുള്ളത്. പക്ഷേ അൽപം വ്യത്യസ്‌തത നിലനിർത്തുന്നതിനായി പല പുതുമകളും ഒരുക്കിയിട്ടുമുണ്ട്.
കണക്‌റ്റഡ് ടൈപ്പ്, 8 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്ന 4.2 ഇഞ്ച് കളർ ടിഎഫ്‌ടി മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള അഡ്വാൻസ്‌ഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായാവും എക്സ്റ്റർ നിരത്തിലേക്ക് എത്തുക. 60-ലധികം കണക്റ്റഡ് സവിശേഷതകളും 90 എംബഡഡ് വോയ്‌സ് കമാൻഡുകളും ഓവർ-ദി-എയർ (OTA) ഇൻഫോടെയ്ൻമെന്റിനും മാപ്പ് അപ്‌ഡേറ്റുകൾക്കുമുള്ള സപ്പോർട്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇൻ-ബിൽറ്റ് നാവിഗേഷനും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഇന്റർഫേസുമായി സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമായാണ് വരുന്നത്. ഹിന്ദിയിലും ഇംഗ്ലീഷും മനസിലാക്കുന്ന ഹോം ടു കാർ (H2C) അലക്‌സയാണ് എക്സ്റ്ററിന്റെ മറ്റൊരു ഹൈലൈറ്റ്.
എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ ഡിസ്പ്ലേയും ഹ്യുണ്ടായി എക്സ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. ഇന്റീരിയറിന് സ്‌പോർട്ടി ഫീൽ നൽകുന്നതിനായി സീറ്റുകൾ സെമി-ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ 'എക്‌സ്‌റ്റർ' ബ്രാൻഡിംഗിലാണ് തീർത്തിരിക്കുന്നത്.
വലിയ ഡേ-ലൈറ്റ് ഓപ്പണിംഗും വലിയ റിയർ വിൻഡോ ഗ്ലാസ് ഏരിയയും പിൻസീറ്റ് യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവവും കാഴ്ച്ചയുമാവും നൽകുക. കൂടാതെ, കുറഞ്ഞ ലോഡിങ് ഹൈറ്റ് ബൂട്ട് സ്‌പെയ്‌സിന്റെ ഉപയോഗക്ഷമതയും സൗകര്യവും വർധിപ്പിക്കുന്നുണ്ട്.
5.84 സെന്റീമീറ്റർ എൽസിഡി ഡിസ്പ്ലേ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഒന്നിലധികം റെക്കോർഡിംഗ് മോഡുകൾ എന്നിവയുമായി വരുന്ന ഡാഷ്ക്യാം സജ്ജീകരണവും സെഗ്മെന്റിൽ ഹൈലൈറ്റാവും. ഡാഷ്‌ക്യാം ഫുൾ എച്ച്‌ഡി റെക്കോർഡിംഗിനെയും പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ ഡ്രൈവിങ് (നോർമൽ), ഇവന്റ് (സുരക്ഷ), വെക്കേഷൻ (ടൈംലാപ്‌സ്) എന്നിങ്ങനെയുള്ള വ്യത്യസ്ത മോഡുകളും ഹ്യുണ്ടായി എക്സ്റ്ററിലെ ഡാഷ്ക്യാമിൽ ലഭ്യമാവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.