ഹ്യൂണ്ടായുടെ അദ്ഭുത ഇ.വി ഇന്ത്യയിലേക്ക്; അയോണിക് 5 ഓട്ടോ എക്‌സ്‌പോയിൽ അവതരിക്കും
text_fieldsഹ്യൂണ്ടായുടെ അദ്ഭുത ഇ.വി എന്നറിയപ്പെടുന്ന അയോണിക് 5 ഇന്ത്യയിലേക്ക്. 2023 ഓട്ടോ എക്‌സ്‌പോയിൽ വാഹനം അവതരിപ്പിക്കുമെന്ന് ഹ്യൂണ്ടായ് സ്ഥിരീകരിച്ചു. 2022ലെ മികച്ച വാഹനങ്ങൾക്കുള്ള മത്സരത്തിൽ മൂന്ന് അവാർഡുകൾ വാരിക്കൂട്ടിയ വാഹനമാണ് അയോണിക് ഇ.വി. വേൾഡ് കാർ ഓഫ് ദി ഇയർ, വേൾഡ് ഇലക്ട്രിക് കാർ ഓഫ് ദി ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളാണ് ഈ വൈദ്യുത വാഹനം സ്വന്തമാക്കിയത്. ഹ്യൂണ്ടായുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡൽകൂടിയായിരിക്കും അയോണിക് ഇ.വി.
50 ലക്ഷം രൂപയിൽ താഴെയായിരിക്കും അയോണിക് ഇ.വിക്ക് രാജ്യെത്ത എക്സ്ഷോറൂം വില. വാഹനം ലോഞ്ചിനായി സജ്ജമാണെന്നും ബുക്കിങ് ഡിസംബർ 20 മുതൽ ആരംഭിക്കുമെന്നും ഹ്യൂണ്ടായ് പറയുന്നു. സെക്കൻഡ് ലെവൽ എഡാസ് ഫീച്ചർ ചെയ്യുന്ന വാഹനമാണ് അയോണിക് ഇ.വി. 21 ആധുനിക ഡ്രൈവർ അസിസ്റ്റ്, സുരക്ഷാ സാങ്കേതിക വിദ്യകൾ ഉൾപ്പെട്ടിരിക്കുന്ന പാക്കേജാണ് എഡാസ് 2ൽ വരുന്നത്.
ഫോർവേഡ് കൊളിഷൻ സിസ്റ്റംസ്, ബ്ലൈൻഡ് സ്‌പോട്ട് കൊളിഷൻ വാണിങ് (BCW), ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ് (BCA), ലെയ്ൻ കീപ്പിങ് അസിസ്റ്റ് (LKA), ലെയ്ൻ ഡിപ്പാർച്ചർ വാർണിങ് (LDW), ഡ്രൈവർ അറ്റൻഷൻ വാർണിങ് ( DAW), ബ്ലൈൻഡ്-സ്‌പോട്ട് വ്യൂ മോണിറ്റർ (BVM), സേഫ് എക്‌സിറ്റ് വാർണിങ് (SEW), സേഫ് എക്‌സിറ്റ് അസിസ്റ്റ് (SEA) മുതലായവയാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി ഒരുക്കിയിരിക്കുന്ന ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചറുകൾ.
സ്റ്റോപ്പ് ആൻഡ് ഗോ, ലെയ്ൻ ഫോളോവിങ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിങ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവയ്‌ക്കൊപ്പം സ്‌മാർട്ട് ക്രൂസ് കൺട്രോളും ഈ ഇലക്ട്രിക് വാഹനത്തിൽ ലഭിക്കും. പാർക്കിങ് എളുപ്പത്തിനായി അയോണിക് 5 ഇവിയിൽ റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാർണിംഗ്, പിന്നിലെ ക്രോസ്-ട്രാഫിക് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ, റിയർ ഒക്കുപെൻഡ് അലേർട്ട് എന്നിവയും ഹ്യുണ്ടായി നൽകിയിട്ടുണ്ട്.
ഹ്യൂണ്ടായുടെ ഓൾ ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ (e-GMP) പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ മോഡലാണ് അയോണിക് ഇ.വി. രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. RWD അല്ലെങ്കിൽ AWD കോൺഫിഗറേഷനുകളിൽ 58 kWh, 72.6 kWh ബാറ്ററി പായ്ക്കുകളാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ചെറിയ 58 kWh ബാറ്ററി പായ്ക്കിൽ വാഹനത്തിന് 385 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 72.6 kWh ബാറ്ററി പായ്ക്കിൽ 480 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. നിലവിൽ, ഇന്ത്യൻ വിപണിയിൽ ഏത് ബാറ്ററി ഓപ്ഷൻ നൽകുമെന്ന് അറിവായിട്ടില്ല.
അയോണിക് ഇ.വിയുടെ കിയ വെർഷൻ നേരത്തേ ഹ്യുണ്ടായ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇ.വി 6 എന്ന മോഡൽ നിലവിൽ രാജ്യത്ത് വിൽക്കുനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.