കോന ഇവികളുടെ ആഭ്യന്തര വിൽപ്പന അവസാനിപ്പിക്കുമോ? ഹ്യുണ്ടായുടെ നീക്കങ്ങൾ ശ്രദ്ധിച്ച് വാഹന ലോകം
text_fieldsവൈദ്യുത വാഹനങ്ങളെ സംബന്ധിച്ച സുരക്ഷാ ആശങ്കകൾ വർധിപ്പിച്ച് അടുത്തകാലത്ത് കോന ഇവികളെ തിരിച്ചുവിളിക്കുമെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരുന്നു. വാഹനത്തിലെ ബാറ്ററി പാക്കിന് തീപിടിച്ചതായി നിരവധിയിടങ്ങളിൽ നിന്ന് റിപ്പോർട്ട് വന്നതിനെതുടർന്നാണ് നടപടി. 2017 സെപ്റ്റംബറിനും 2020 മാർച്ചിനുമിടയിൽ നിർമിച്ച 77,000 കോനകളെയാണ് തിരിച്ചുവിളിച്ചത്. ഇതിന് പിന്നാലെ കൊറിയയിലെ കോനകളുടെ വിൽപ്പന അവസാനിപ്പിക്കാൻ ഹ്യൂണ്ടായ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ആഭ്യന്തര വിൽപ്പന അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രാദേശിക റിപ്പോർട്ട് ഹ്യൂണ്ടായ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ ഓപ്ഷനുകൾ അവലോകനം ചെയ്യുകയാണെന്ന് മാധ്യമങ്ങൾ പറയുന്നു. നിരവധി തീപിടിത്തങ്ങളും ബ്രേക്കിങിലെ തകരാറും കാരണം വാഹനം കൂട്ടത്തോടെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത് വലിയ തിരിച്ചടിയാണ് ടെക് ലോകത്ത് ഹ്യുണ്ടായ്ക്ക് ഉണ്ടാക്കിയത്. വൈദ്യുത കാറുകളുടെ വിപണിയിൽ കൂടുതൽ മുതൽമുടക്കാൻ ഹ്യുണ്ടായ് ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നം ഉയർന്ന് വന്നിരിക്കുന്നത്. ടെസ്‌ല, പോർഷെ പോലുള്ള നിർമാതാക്കളും മുൻകാലങ്ങളിൽ ബാറ്ററി തകരാറുകാരണം തിരിച്ചുവിളിക്കലും അന്വേഷണവും നടത്തിയിട്ടുണ്ട്.
2019 ൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഉൾപ്പെടെ 16 ഓളം കോന ഇവികൾ ആഗോളതലത്തിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിൽ ഭൂഗർഭ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു കോന വാഹനത്തിന് തീപിടിച്ചതായും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. എൽ.ജിയാണ് കോനക്കുവേണ്ട ബാറ്ററികൾ നിർമിച്ച് നൽകുന്നത്. തീപിടിത്തത്തിെൻറ കാരണം ഹ്യൂണ്ടായുമായി ചേർന്ന് സംയുക്തമായി അന്വേഷിച്ചുവരികയാണെന്ന് എൽജി പറഞ്ഞു. ദക്ഷിണ കൊറിയയിൽ മാത്രം 25,564 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരുന്നത്.
ബാറ്ററി തകരാർ കാരണം കഴിഞ്ഞ വർഷം ഷാങ്ഹായിലെ പാർക്കിങ് സ്ഥലത്ത് ടെസ്‌ല മോഡൽ എസിന് തീ പിടിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതേ മോഡലിന് ഹോങ്കോങ്ങിലും തീ പിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരിയിൽ, പോർഷെ അതിെൻറ പുതിയ ടയ്‌കാൻ ഇലക്ട്രിക് കാറുകളിലൊന്ന് യുഎസ് ഉപഭോക്താവിെൻറ ഗാരേജിൽവച്ച് തീപിടിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.