ലാൻഡ് ക്രൂസർ 70 പുനരവതരിപ്പിച്ച് ടൊയോട്ട; വില 27 ലക്ഷം മാത്രം
text_fieldsലോകത്തിലെ ഏറ്റവും മികച്ച എസ്.യു.വികളിൽ ഒന്നാണ് ടൊയോട്ട ലാൻഡ്ക്രൂസർ. എന്നാൽ ലാൻഡ് ക്രൂസറുകളിൽ ഏറ്റവും മികച്ച ഓഫ്റോഡർ ഏതാണെന്ന് അറിയാമോ? അതാണ് 70 സീരീസ്. 1984ൽ സാധാരണ ലാൻഡ്ക്രൂസറുകൾക്കും സാധ്യമാകാത്ത ഹെവിഡ്യൂട്ടി ജോലികൾക്കായി കമ്പനി അവതരിപ്പിച്ച മോഡലാണ് 70 സീരീസ്. ഇവയുടെ പുതിയ പതിപ്പ് ഇപ്പോൾ ജപ്പാനിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
കരുത്തിലും പരുക്കൻ ലുക്കിലുമാണ് പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ 70 മോഡലും ശ്രദ്ധ കൊടുത്തിരിക്കുന്നത്. പഴയ പേര് നിലനിർത്തുമ്പോഴും പുതിയ ഡിസൈനും എഞ്ചിനുമാണ് 70യുടെ 2024 പതിപ്പിലുള്ളത്.
2.8L 1GD-FTV ഡയറക്ട്-ഇഞ്ചക്ഷൻ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്റെ കരുത്തിലാണ് വാഹനം എത്തുന്നത്. എഞ്ചിൻ 204 PS പവറും 500 Nm പീക് ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. ഒരു പാർട്ട് ടൈം 4WD സിസ്റ്റത്തിലൂടെ നാല് വീലുകളിലേക്കും എഞ്ചിൻ പവർ നൽകും.
130 ലിറ്റർ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്. ലാഡർ ഫ്രെയിം ഷാസിയാണ് വാഹനത്തിലുള്ളത്. ആധുനികമായ നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്. ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കുകൾ, സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്‌സി), ആക്ടീവ് ട്രാക്ഷൻ കൺട്രോൾ (എ-ടിആർസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡൗൺഹിൽ അസിസ്റ്റ് എന്നീ ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. വാഹനത്തിന് കൂടുതൽ സുരക്ഷിതത്വവും സ്റ്റെബിലിറ്റിയും നൽകാൻ ഇവ സഹായിക്കുന്നു.
ജപ്പാനിൽ 27 ലക്ഷം ഇന്ത്യൻ രൂപയാണ് ലാൻഡ്ക്രൂസർ 70 സീരീസിന് വിലവരിക. ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.