വിലയും ഫീച്ചറുകളും കേട്ടാൽ റിസ്തയോടൊരു ഇഷ്ടം തോന്നും
text_fieldsഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ അതിവേഗ കുതിപ്പിലാണ് ഏഥർ. 450 സീരീസ് മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസ്സിലേക്ക് ഓടിക്കയറിയ അവർക്ക് നിലവിലെ രാജാക്കന്മാരായ ഒലയെ കീഴ്പ്പെടുത്താനായില്ലെങ്കിലും പോരാട്ടം തുടരുകയാണ്. ഇ.വികളിൽ ഒന്നാം സ്ഥാനത്തേക്ക് ഓവർടേക്ക് ചെയ്ത് കയറാൻ പുതിയൊരു മോഡലിനെയും ഏഥർ കളത്തിലിറക്കിയിരിക്കുന്നു -ഫാമിലി സ്‌കൂട്ടർ എന്ന വിശേഷണവുമായെത്തിയ റിസ്‌തയെ.
പലരും ബുക്ക് ചെയ്‌ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മോഡലിന്റെ ഡെലിവറി തുടങ്ങിയെന്ന ശുഭവാർത്തയാണ് കമ്പനി സഹസ്ഥാപകനും സി.ഇ.ഒയുമായ തരുൺ മേത്ത എക്‌സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 1.10 ലക്ഷം മുതൽ 1.45 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള റിസ്തയെ ഏതാനും ആയിരങ്ങൾ കൂടി കൂട്ടിയാൽ ഇഷ്ടത്തോടെ വീട്ടിലെത്തിക്കാം.
ഡൽഹി, അഹ്മദാബാദ്, പുണെ, ലഖ്‌നോ, ആഗ്ര, ജയ്പൂർ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലും ആന്ധ്രാപ്രദേശിലുമാണ് റിസ്തയുടെ ആദ്യഘട്ട ഡെലിവറി ആരംഭിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മറ്റെല്ലാ പ്രമുഖ നഗരങ്ങളിലും ഉടൻ എത്തുമെന്നും സി.ഇ.ഒ ഉറപ്പ് നൽകുന്നു.
ഏഥർ റിസ്‌ത എസ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലുമാണ് പുറത്തുവരുന്നത്. ബേസ് മോഡലിന് 1.10 ലക്ഷം രൂപയും രണ്ട് ബാറ്ററി പാക്ക് ഓപ്ഷനിൽ എത്തുന്ന ഇസഡ് മോഡലിന് യഥാക്രമം 124999, 144999 എന്നിങ്ങനെയുമാണ് എക്സ്ഷോറൂം വില.
ഇഷ്ടം കൂടാൻ സവിശേഷതകളേറെ
യുവതലമുറയുടെ ഇഷ്ട മോഡലായ 450X ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് റിസ്‌തയെയും ഏഥർ ഒരുക്കിയിരിക്കുന്നത്. റിസ്‌തയുടെ ബേസിക് പതിപ്പിൽ 2.9 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 105 കിലോമീറ്റർ ഓടും. അതേസമയം, 3.7 kWh ബാറ്ററി പാക്ക് ഏകദേശം 125 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് വിശ്വസിച്ച് റോഡിലിറങ്ങുമ്പോൾ വഴിയിൽ വെച്ച് ചാർജ് ചോദിച്ച് ബുദ്ധിമുട്ടിക്കുമോയെന്ന് കണ്ടറിഞ്ഞ് കാണാം.
3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 40 കിലോമീറ്റർ വേഗതയിലെത്താനാകും. കൂടുതൽ റേഞ്ച് കിട്ടാൻ മണിക്കൂറിൽ 80 കിലോമീറ്ററിൽ വേഗപ്പൂട്ടിട്ടിരിക്കുകയാണ്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്ടിവിറ്റി, മോണോ-എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, 12 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ഏഥർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഏറ്റവും വലിയ സീറ്റെന്ന ഉറപ്പും നൽകുന്നുണ്ട്.
ഇസഡ് പതിപ്പിന് മാജിക് ട്വിസ്റ്റ്, സ്‌കിഡ് കൺട്രോൾ, ഡോക്യുമെന്റ് സ്റ്റോറേജ്, ലൈവ് ലൊക്കേഷൻ ഷെയർ, ഇന്റർസിറ്റി ട്രിപ്പ് പ്ലാനർ, റിപ്ലൈ ടു കോൾ, വാട് ആപ് എന്നീ ഫീച്ചറുകൾ അധികമായി ലഭിക്കും. സീറ്റിന് താഴെ 34 ലിറ്റർ സ്റ്റോറേജ് ഏരിയയും ഉണ്ടാകും. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് ഘടിപ്പിച്ചിരിക്കുന്നത്. മുന്നിൽ സിംഗിൾ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സംവിധാനവുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.