ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 10,900 കോടിയുടെ പദ്ധതിയുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രണ്ട് വർഷത്തേക്ക് 10,900 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ (പി.എം ഇ ഡ്രൈവ്) എന്നാണ് പദ്ധതിയുടെ പേര്. ഇതോടൊപ്പം പി.എം ഇ-ബസ് പദ്ധതിക്ക് 3435 കോടിയും അനുവദിച്ചിട്ടുണ്ട്.
ഇലക്ടിക് ഇരുചക്ര വാഹനങ്ങൾ, മുചക്ര വാഹനങ്ങൾ, ആംബുലൻസുകൾ, ട്രക്കുകൾ, മറ്റ് വൈദ്യുതി വാഹനങ്ങൾ (ഇ.വികൾ) എന്നിവയ്ക്ക് 3,679 കോടി രൂപയുടെ സബ്‌സിഡി അടക്കമാണ് പദ്ധതി. 24.79 ലക്ഷം ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾക്കും 3.16 ലക്ഷം മുചക്ര വാഹനങ്ങൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. അതേസമയം, ഇലക്ട്രിക് കാറുകൾ, ഹൈബ്രിഡ് കാറുകൾ എന്നിവക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കില്ല.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതുപ്രകാരം രാജ്യത്തുടനീളം ഇലക്ട്രിക് കാറുകൾക്കായി 22,100 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇലക്ട്രിക് ബസുകൾക്കായി 1800ഉം ഇരുചക്ര വാഹനങ്ങൾക്കായി 48,400ഉം ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 2000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
പൊതുഗതാഗതത്തിനായി 14,028 ഇ-ബസുകൾ വാങ്ങുന്നതിനായി 4391 കോടി രൂപ വകയിരുത്തി. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവയുൾപ്പെടെ വൻ നഗരങ്ങളിൽ ഇലക്ട്രിക് ബസുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തും. ഹൈബ്രിഡ് ആംബുലൻസുകൾക്ക് 500 കോടിയും അനുവദിച്ചിട്ടുണ്ട്.
ഇലക്ട്രിക് പദ്ധതികളുടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ആധാർ അധിഷ്ഠിത ഇ–വൗച്ചർ കൊണ്ടുവരും. വാഹനം വാങ്ങുമ്പോൾ മൊബൈൽ ഫോണിൽ വൗച്ചർ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.