പെട്രോൾ ലിറ്ററിന് 160 രൂപ!; രാജ്യത്തെ ശുദ്ധമായ ഇന്ധനം 'ഒക്ടേൻ 100' കൊച്ചിയിലും
text_fieldsരാജ്യത്ത് ലഭ്യമായ ഏറ്റവും ശുദ്ധമായ പെട്രോൾ ഇനിമുതൽ കൊച്ചിയിലും. ഒക്ടേൻ 100 പ്രീമിയം പെട്രോളായ എക്സ് പി 100 ആണ് സംസ്ഥാനത്ത് ആദ്യമായി കൊച്ചിയിൽ ലഭ്യമായി തുടങ്ങിയത്. തേവരയിലും വൈറ്റിലയിലുമുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിലാണ് ഒക്ടേൻ 100 വിൽപ്പനക്കുള്ളത്. ലിറ്റിന് 160 രൂപയാണ് വില.
സ്പോർട്സ് കാറുകളിലും ആഢംബര വാഹനങ്ങളിലും ഉപയോഗിക്കുന്ന ഇന്ധനമാണ് എക്സ് പി 100. സൂപ്പർ കാറുകൾക്കും ഹൈപ്പർ കാറുകൾക്കും നിർമാതാക്കൾ പ്രിഫർ ചെയ്യുന്ന ഇന്ധനമാണിത്. കൊച്ചികൂടാതെ ഡൽഹി, ഗുഡ്ഗാവ്, നോയിഡ, ആഗ്ര, ജയ്പൂർ, ചണ്ഡിഗഡ്, ലുധിയാന, മുംബൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ 100 ഒക്ടേൻ പെട്രോൾ ലഭ്യമാണ്.
എന്താണീ ഒക്ടേൻ 100 പെട്രോൾ
ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഇന്ധനങ്ങളുടെ ഏറ്റവും കുറഞ്ഞ ഒക്ടേൻ റേറ്റിങ് 87 ആണ്. രാജ്യത്തെ ഏതൊരു നഗരത്തിലും ലഭ്യമാകുന്ന സാധാരണ ഇന്ധനത്തിന് ഒക്ടേൻ റേറ്റിംഗ് 87 ആണെന്ന് സാമാന്യമായി പറയാം (ബി.എസ് ആറ് എമിഷൻ മാനദണ്ഡങ്ങൾ പ്രകാരം ഇന്ധനങ്ങളുടെ ഏറ്റവും കുറഞ്ഞ ഒക്ടേൻ റേറ്റ് 91 എങ്കിലും ആകണമെന്നാണ് നിയമം). എക്‌സ്ട്രാ പ്രീമിയം, സ്പീഡ്, പവർ തുടങ്ങിയ പ്രീമിയം ഇന്ധനങ്ങളുടെ ഒക്ടേൻ റേറ്റ് കൂടുതലാണ്. പ്രീമിയം പെട്രോളുകളുടെ ഒക്ടേൻ റേറ്റ് 91 ആണ്. അതിന് മുകളിൽ രാജ്യത്ത് ഇതുവരെ രണ്ട് ഇന്ധനങ്ങൾ മാത്രമാണ് ലഭ്യമായിരുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ 93 ഒക്ടേൻ, ഭാരത് പെട്രോളിയത്തിൽ നിന്നുള്ള സ്പീഡ് 97 എന്നിവയാണവ. ഇപ്പോൾ ലഭ്യമായിരിക്കുന്ന ഒക്ടേൻ 100 നെ രാജ്യത്തെ ഏറ്റവും ശുന്ധമായ ഇന്ധനം എന്ന് വിശേഷിപ്പിക്കുന്നതും അതിനാലാണ്.
പൂർണമായും കത്തിത്തീരുകയും മാലിന്യം പരമാവധികുറച്ച് ഉത്പാദിപ്പിക്കുകയും ചെയ്യുകയാണ് പ്രീമിയം ഇന്ധനങ്ങളുടെ സവിശേഷത. അസമിലെ ഡിഗ്‌ബോയിയിലെ രാജ്യത്തെ ഏറ്റവും പഴയ ഓപ്പറേറ്റിങ് റിഫൈനറിയിൽ നിന്നാണ് എക്സ്പി 100 പെട്രോൾ ഉത്പാദിപ്പിക്കുന്നത്. ഫെറാരി, ലംബോർഗിനി, മാസരട്ടി, ഡ്യൂക്കാട്ടി തുടങ്ങിയ കമ്പനികളുടെ സ്പോർട്സ് കാറുകൾക്ക് ഒക്ടേൻ 100 നിലവാരമുള്ള പെട്രോൾ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.