ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ; പിന്തള്ളിയത് ജപ്പാനെ
text_fieldsവാഹനങ്ങളുടെ വിൽപ്പന കണക്കിൽ ഒരുചുവട് മുന്നേറി ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായാണ് രാജ്യം മാറിയത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കനുസരിച്ച്, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഡെലിവറി ചെയ്യപ്പെട്ടു.
ലൈറ്റ് വെഹിക്കിൾ വിഭാഗത്തിലാണ് രാജ്യം പുതിയ വിൽപ്പന നേട്ടം സ്വന്തമാക്കിയത്. ആറ് ടൺ ഭാരം വരുന്ന പാസഞ്ചർ കാറുകൾ, ചെറിയ വാണിജ്യ വാഹനങ്ങൾ, വാനുകൾ എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ നാലാം പാദത്തിലെ വിൽപ്പന കണക്കുകൾ കൂടി പുറത്തു വരുന്നതോടെ ഇന്ത്യയിലെ വാഹന വിൽപ്പനയുടെ എണ്ണം ഇനിയും ഉയരുമെന്നാണ് സൂചന. ടാറ്റ മോട്ടോഴ്‌സും മറ്റ് വാഹന നിർമ്മാതാക്കളും അവരുടെ വർഷാവസാന ഫലങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആഗോള വാഹന വിപണിയിൽ 2021-ൽ ചൈന 26.27 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം യൂനിറ്റുകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. 2022ൽ ജപ്പാനിൽ വിൽപ്പന കുറഞ്ഞതോടെയാണ് ഇന്ത്യ മുന്നിലെത്തിയത്.
സമീപ വർഷങ്ങളിൽ ഇന്ത്യൻ വാഹന വിപണിയിൽ കാര്യമായ മുന്നേറ്റം ഉണ്ടായതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. 2018ൽ ഏകദേശം 4.4 ദശലക്ഷം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2019-ൽ ഇതിൽ അല്പം കുറവ് വന്നു. ബാങ്ക് ഇതര മേഖലയെ ബാധിച്ച വായ്പാ പ്രതിസന്ധിയെ തുടർന്ന് നാല് ദശലക്ഷം യൂനിറ്റിൽ താഴെയായി 2019 ലെ വിൽപ്പന.
2020-ൽ കൊവിഡ് മഹാമാരി കാരണം ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ വാഹന വിൽപ്പന 3 ദശലക്ഷം യൂനിറ്റിന് താഴെയായി കുറഞ്ഞു. എന്നാൽ 2021-ൽ വിൽപ്പന വീണ്ടും ഉയർന്ന് 4 ദശലക്ഷം യൂനിറ്റിലേക്ക് എത്തി. ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത്തിൽ ഭൂരിഭാഗവും. മാരുതി സുസുക്കിയ്‌ക്കൊപ്പം ടാറ്റ മോട്ടോഴ്‌സും മറ്റ് ഇന്ത്യൻ വാഹന നിർമ്മാതാക്കളും കഴിഞ്ഞ വർഷം വിൽപ്പന വളർച്ച കൈവരിച്ചു.
ജപ്പാൻ ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെയും ജപ്പാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ആൻഡ് മോട്ടോർസൈക്കിൾ അസോസിയേഷന്റെയും കണക്കുകൾ പ്രകാരം ജപ്പാനിൽ, കഴിഞ്ഞ വർഷം 4,201,321 വാഹനങ്ങൾ വിറ്റഴിച്ചു. 2021 നെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണിത്
ജപ്പാന് പുറത്ത് സുസുകിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഹ്യുണ്ടായ്, കിയ, സ്‌കോഡ ഓട്ടോ എന്നിവയുടെ മികച്ച 3 വിപണികളിലും രാജ്യം സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ 2021-ൽ ആഗോളതലത്തിൽ റെനോയുടെ മികച്ച 5 വിപണികളിൽ ഒന്നായും ഇടംപിടിച്ചു. റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിക്ക് ശേഷം ഇന്ത്യയുടെ ഓഹരികൾ ഉയർന്നിരുന്നു.
ഹ്യുണ്ടായ്, കിയ, റെനോ, നിസ്സാൻ, സ്‌കോഡ-ഫോക്‌സ്‌വാഗൺ എന്നിവയെല്ലാം റഷ്യയിൽ നിന്ന് പുറത്തുവരികയും ഭാവിയിലെ വളർച്ചാ സാധ്യതയുള്ള വിപണിയായി ഇന്ത്യയെ കണക്കാക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.