ആയിരക്കണക്കിന് കോടിയുടെ ചൈനീസ് നിക്ഷേപത്തിന് അനുമതി നൽകാനൊരുങ്ങി കേന്ദ്രം; ഗ്രേറ്റ് വാൾ മോട്ടോഴ്സ് ഇന്ത്യയിലെത്തും
text_fieldsഡൽഹി: ആയിരക്കണക്കിന് കോടിയുടെ ചൈനീസ് നിക്ഷേപത്തിന് അനുമതി നൽകാനൊരുങ്ങി കേന്ദ്രം. ചൈനയിൽ നിന്നുള്ള 45 നിക്ഷേപ നിർദേശങ്ങളാണ് രാജ്യം പരിഗണിക്കുന്നത്. ഗ്രേറ്റ് വാൾ മോട്ടോർ, എം.ജിയുടെ ഉടമസ്ഥരായ എസ്.എ.ഐ.സി അഥവാ സായിക് മോട്ടോർ കോർപ്പറേഷൻ എന്നിവയിൽ നിന്നുള്ള നിക്ഷേപം ഇതിൽ ഉൾപ്പെടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതിർത്തി സംഘർഷങ്ങളെ തുടർന്ന് രണ്ട് ബില്യൺ ഡേളർ അഥവാ ഒന്നര ലക്ഷം കോടി രൂപയുടെ 150 നിക്ഷേപക നിർദേശങ്ങൾ രാജ്യം തടഞ്ഞുവച്ചിരുന്നു. ഇതിൽ 45 എണ്ണത്തിനാണ് നിലവിൽ കേന്ദ്രം അനുമതി നൽകാനൊരുങ്ങുന്നത്.
പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരായ പ്രതികാര നടപടിയായി രാജ്യത്ത് ചൈനീസ് നിക്ഷേപത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നേരത്തേ സംഘപരിവാർ വൃത്തങ്ങൾ ആവശ്യപ്പെട്ടിരുന്നു. പുതിയ നിർദേശത്തെപറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചില്ല. 45 നിക്ഷേപക നിർദേശങ്ങളിൽ ഭൂരിഭാഗവും നിർമാണമേഖലയിലാണെന്നും ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഇത് പ്രസക്തമല്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. ഗ്രേറ്റ് വാൾ മോട്ടോഴ്‌സും സായികും പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്രേറ്റ് വാൾ മോട്ടോഴ്‌സും അമേരിക്കയിൽ നിന്നുള്ള ജനറൽ മോട്ടോഴ്‌സും (ജിഎം) കഴിഞ്ഞ വർഷം സംയുക്ത നിർദ്ദേശമായാണ് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നത്. ചൈനീസ് വാഹന നിർമാതാക്കൾക്ക് അമേരിക്കൻ കമ്പനിയുടെ കാർ പ്ലാന്‍റ് ഇന്ത്യയിൽ വാങ്ങാൻ അനുമതി തേടിയായിരുന്നു നിർദേശം. ഏകദേശം 250 മുതൽ 300 മില്യൺ ഡോളർ വിലമതിക്കുന്ന കരാറാണിത്. അടുത്ത കുറച്ച് വർഷങ്ങളിൽ ഒരു ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന കമ്പനിയാണ് ഗ്രേറ്റ് വാൾ. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത് ആഗോള ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഈ വർഷം മുതൽ ഇന്ത്യയിൽ കാറുകളുടെ വിൽപ്പന ആരംഭിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.
ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോറിന് കീഴിൽ 2019 ൽ ഇന്ത്യയിൽ കാറുകൾ വിൽക്കാൻ ആരംഭിച്ച സായിക് ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. കൂടുതൽ നിക്ഷേപം നടത്താൻ അവർക്ക് അനുമതി ആവശ്യമാണ്. ദേശീയ സുരക്ഷയ്ക്കുള്ള അപകടസാധ്യതയെ ആശ്രയിച്ച് 150 ഓളം ചൈനീസ് നിക്ഷേപങ്ങളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാനാണ് പദ്ധതിയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, കെമിക്കൽസ്, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളെ സെൻസിറ്റീവ് അല്ലാത്തതായി കണക്കാക്കും. അതേസമയം ഡാറ്റയും ഫിനാൻസും ഉൾപ്പെടുന്നവ സെൻസിറ്റീവ് ആയി കണക്കാക്കും. സെൻസിറ്റീവ് അല്ലാത്ത മേഖലകളിൽ നിന്നുള്ള നിർദേശങ്ങൾ വേഗത്തിൽ അംഗീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.