രാജ്യത്തെ ആദ്യ സോളാർ കാർ ഓട്ടോ എക്സ്പോയിൽ; ചരിത്രമായി വേവ് മൊബിലിറ്റി ഇവ
text_fieldsമാറ്റത്തിലൂടെ കടന്നുപോകുന്ന വാഹനലോകത്തിൽ പുതിയൊരു വിപ്ലവവുമായി സോളാർ കാർ ഇന്ത്യയിലും എത്തി. ഓട്ടോ എക്സ്പോയുടെ 16-ാമത് എഡിഷനിലാണ് രാജ്യെത്ത ആദ്യ സോളാർ കാർ പ്രോട്ടോടൈപ്പ് അവതരിപ്പിക്കപ്പെട്ടത്. പുണെ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ്പായ വേവ് മൊബിലിറ്റി (Vayve Mobility)യാണ് ഇവ എന്ന പേരിൽ കുഞ്ഞൻ കാർ പുറത്തിറക്കിയത്.
സോളാര്‍ പാനലുകളും ചാര്‍ജിങിനായി ഇലക്ട്രിക് പ്ലഗ്-ഇന്നും സംയോജിപ്പിച്ചിട്ടുള്ള ഇലക്ട്രിക് സ്മാര്‍ട്ട് കാറാണ് വേവ് ഇവ. രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനമാണിത്. ട്രാഫിക്കിലൂടെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനാല്‍ ഇത് പ്രധാനമായും നഗര യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.
മോണോകോക്ക് ഷാസിയിലാണ് ഇവയുടെ നിർമാണം. മുകളില്‍ ഘടിപ്പിക്കാവുന്ന സോളാര്‍ റൂഫ് പാനലാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. കാര്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ സോളാര്‍ റൂഫ് ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ബാറ്ററി പായ്ക്ക് കൂടാതെ ദിവസം 10 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സോളാർ എനർജി സഹായിക്കുമെന്നാണ് വേവ് മൊബിലിറ്റി ചീഫ് ഓപറേറ്റിങ് ഓഫീസര്‍ വിലാസ് ദേശ് പാണ്ഡെ പറയുന്നത്.
ഇവ സോളാർ കാര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. 18 മാസത്തിനുള്ളില്‍ ഈ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 2024-ന്റെ തുടക്കത്തോടെ ഇവ ലോഞ്ചിന് സജ്ജമാകും. 16 bhp പവറും 40 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 6 kW ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോറാണ് കാറിന്റെ ഹൃദയം. 14 kWh ബാറ്ററി പാക്കില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കും. ചാര്‍ജിങിനായി 15A സോക്കറ്റ് ഉണ്ട്. ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ സമയം എടുക്കും.
ഇവയുടെ പവര്‍ട്രെയിന്‍ IP68-സര്‍ട്ടിഫൈഡ് ആണ്. കോയില്‍ സ്പ്രിംഗുള്ള മാക്ഫെര്‍സണ്‍ സ്ട്രട്ട് ആണ് ഫ്രണ്ട് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. പിന്നിലെ സസ്‌പെന്‍ഷന്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളാണ്. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമുണ്ട്. വേവ് ഇവയിലെ കണക്റ്റഡ് കോക്പിറ്റ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
വാഹനം ആദ്യമായി പുറത്തിറക്കുക പുണെയിലും ബെംഗളൂരുവിലും ആയിരിക്കും. കാറിന്റെ വിലയും ബുക്കിങ് വിവരങ്ങളും ആക്‌സസറീസിന്റെ വിലയുമെല്ലാം കമ്പനി വൈകാതെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.