ഇന്നോവ ക്രിസ്റ്റയോ ഹൈക്രോസോ... ഏതുവാങ്ങണം, വ്യത്യാസങ്ങൾ എന്ത്
text_fieldsആദ്യം ക്വാളിസിനെ കൊണ്ടുവന്ന് വാഹനപ്രേമികളെ അമ്പരിപ്പിച്ച കമ്പനി... വിപണിയിൽ കത്തി നിൽക്കുമ്പോൾ പെട്ടെന്ന് ആ മോഡൽ നിർത്തലാക്കി ഞെട്ടിച്ച കമ്പനി... പിന്നീട് ഇന്നോവയെ എത്തിച്ച് വീണ്ടും കരുത്ത് കാട്ടിയ കമ്പനി... അതെ, ടൊയോട്ട തന്നെ. ടൊയോട്ട എന്ന ബ്രാന്‍റിനെ ജനഹൃദയളിലെത്തിക്കാന്‍ ക്വാളിസും ഇന്നോവയും വഹിച്ച പങ്ക് അത്രമാത്രമാണ്.
ഇപ്പോൾ ഇന്നോവ ക്രിസ്റ്റയെന്ന മുന്‍ഗാമിയും ഇന്നോവ ഹൈക്രോസെന്ന പിന്‍ഗാമിയുമാണ് വാഹന ലോകത്തെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ വർഷം ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ്ങ് കമ്പനി നിർത്തിവെച്ചിരുന്നു. മുന്‍വശത്തെ ചെറിയ മിനുക്കുപണികളോടെ കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ ഡീസൽ കമ്പനി അവതരിപ്പിച്ചത്.
മള്‍ട്ടി പര്‍പ്പസ് വെഹിക്കിൾ (എം.പി.വി) ശ്രേണിയിൽ ഈ രണ്ട് ഇന്നോവ മോഡലുകളോടും മുട്ടിനിൽക്കാൻ എതിരാളികൾ ഇല്ലെന്നതാണ് വാസ്തവം. എം.പി.വികളില്‍ കാരന്‍സ് ഡീസൽ, മാരുതി എക്സ്.എൽ.സിക്സ് എന്നിവയേക്കാൾ വില കൂടുതലാണ് ക്രിസ്റ്റക്ക്. ക്രിസ്റ്റയോ ഹൈക്രോസോ? ഇവയിൽ ഏതുവാങ്ങണമെന്ന സംശയം മാത്രം. ക്രിസ്റ്റയേയും ഹൈക്രോസിനേയും തമ്മിൽ ഒന്നു താരതമ്യം ചെയ്യാം.
ഏഴ്, എട്ട് എന്നീ രണ്ട് സീറ്റിങ്ങ് ഓപ്ഷനാണ് ഹൈക്രോസ് പെട്രോള്‍ മോഡലിനുള്ളത്. ഏഴ് സീറ്റിന് 18.55 ലക്ഷവുംഎട്ട് സീറ്റിന് 18.60 ലക്ഷവുമാണ് വില. ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ജി 7 മോഡലിന് 19.13 ലക്ഷവും ജി 8ന് 19.18 ലക്ഷവുമാണ് വില. ഇന്നോവ ക്രിസ്റ്റയുടെ ജി.എക്‌സ് വേരിയന്റിന് 19.99 ലക്ഷം രൂപയാണ് വില. ഇന്നോവ ഹൈക്രോസിനാണെങ്കില്‍ ജി.എക്‌സ് 7 സീറ്റിന് 19.40 ലക്ഷവും ജി.എക്‌സ് 8ന് 19.45 ലക്ഷവുമാണ് വില.
ഹൈക്രോസും ക്രിസ്റ്റയും തമ്മില്‍ ജി മോഡലില്‍ 58,000 രൂപയുടെയും ജി.എക്‌സ് മോഡലില്‍ ഏതാണ്ട് 59,000 രൂപയുടെയും വ്യത്യാസമുണ്ട്.അതേസമയം, വി.എക്‌സ് മോഡലിലേക്കെത്തുമ്പോള്‍ മാറ്റമുണ്ട്. വി.എക്‌സിൽ വില കൂടുതല്‍ ഇന്നോവ ഹൈക്രോസിനാണ്. വി.എക്‌സ് ഏഴ് സീറ്റ് 24.76 ലക്ഷവും എട്ടു സീറ്റ് 24.81 ലക്ഷവും. ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ളതിനാലാണ് ഹൈക്രോസിന് ക്രിസ്റ്റയേക്കാൾ നാലേ മുക്കാല്‍ ലക്ഷത്തിലേറെ രൂപയുടെ വർധന ഉണ്ടായത്.
ജി, ജി.എക്‌സ് വേരിയന്റുകളില്‍ ക്രിസ്റ്റയിലും ഹൈക്രോസിലും ഫീച്ചറുകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളില്ല. ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള ടച്ച് സ്‌ക്രീന്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ്, 16 ഇഞ്ച് അലോയ് വീൽ എന്നിവയെല്ലാം ഒരുപോലെ തന്നെ.
സുരക്ഷയുടെ കാര്യമെടുത്താൽ ക്രിസ്റ്റക്ക് മൂന്നു എയര്‍ബാഗുകളുണ്ട്. എന്നാല്‍ ഹൈക്രോസിന് രണ്ട് എയര്‍ ബാഗുകളാണ് ജി.എക്‌സ് വേരിയന്റിലുള്ളത്. ക്രിസ്റ്റക്ക് ഡ്രൈവര്‍ക്ക് അധികമായി കാല്‍മുട്ടിനാണ് എയര്‍ബാഗുള്ളത്. ഹൈക്രോസിനും ക്രിസ്റ്റക്കും ഏഴ്, എട്ട് സീറ്റ് മോഡലുകളുണ്ട്. മൂന്നു നിരയായി സജ്ജീകരിച്ച സീറ്റില്‍ നടുവിലേത് ക്യാപ്റ്റന്‍ സീറ്റാണെങ്കില്‍ ഏഴും അല്ലെങ്കില്‍ എട്ടും സീറ്റുകളാണ് ഉണ്ടാവുക.
വി.എക്‌സ് വേരിയന്റില്‍ ഹൈക്രോസിനാണ് ക്രിസ്റ്റയേക്കാള്‍ ഫീച്ചറുകളുള്ളത്. 360 ഡിഗ്രി കാമറ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 17 ഇഞ്ചിന്റെ അലോയ് വീലുകള്‍, ഫുള്‍ എല്‍.ഇ.ഡി ടെയിൽ ലാമ്പ്,റിയര്‍ സണ്‍ഷേഡ്എന്നിവ ഹൈക്രോസിനുണ്ട്. ഇവ ക്രിസ്റ്റക്ക് ഇല്ല.
ക്രിസ്റ്റക്ക് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 2.4 ലീറ്റര്‍ ഡീസല്‍ എൻജിൻ മാത്രമാണ് ഉള്ളത്. ഓട്ടോമാറ്റിക്ക് പൂർണമായി ഒഴിവാക്കി. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള 2.7-ലിറ്റർ പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് 2.4-ലിറ്റർ ഡീസൽ എഞ്ചിനും നേരത്തെ ഉണ്ടായിരിന്നു. ഹൈക്രോസിന് ഡീസല്‍ എൻജിനോ മാനുവല്‍ ഗിയര്‍ബോക്‌സോ നല്‍കിയിട്ടില്ല. എന്നാൽ, രണ്ട് എഞ്ചിന്‍ ഓപ്ഷനുണ്ട്. സി.വി.ടി ട്രാൻസ്മിഷനുള്ള 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനും 2.0 ലീറ്റര്‍ ഹൈബ്രിഡ് പവര്‍ സ്‌ട്രെയിനും ഇ ഡ്രൈവ് ട്രാന്‍സ്മിഷനും. ക്രിസ്റ്റയോ ഹൈക്രോസോ... തീരുമാനം നിങ്ങളുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.