റേഞ്ച് റോവർ എസ്.വി: കൂടുതൽ ആഡംബരം, കൂടുതൽ സൗകര്യങ്ങൾ
text_fieldsഅഞ്ചാം തലമുറ റേഞ്ച് റോവറുകൾക്ക് പിന്നാലെ സ്പെഷൽ വെഹിക്കിൾസ് അഥവാ എസ്.വി കൂടി അവതരിപ്പിച്ച് ലാൻഡ്റോവർ. കൂടുതൽ മികച്ച പേഴ്സണലൈസേഷൻ സൗകര്യമുള്ള വാഹനങ്ങളാണ് എസ്.വികൾ. നമ്മുടെ ഇഷ്ടമനുസരിച്ച് റേഞ്ച്റോവറുകൾ രൂപപ്പെടുത്താം എന്നതാണ് ഇതിന്‍റെ പ്രത്യേക. എസ്.വികളുടെ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ക്യുറേറ്റ് ചെയ്ത തീമുകൾ എസ്.വികൾക്കായി തിരഞ്ഞെടുക്കാം. രണ്ട് ഡിസൈൻ തീമുകളിൽ വാഹനം ലഭ്യമാണ്. എസ്.വി സെറിനിറ്റി, എസ്.വി ഇൻട്രെപ്പിഡ് എന്നിവയാണിത്. എക്സ്ക്ലൂസീവ് പെയിന്റ് ഓപ്ഷനുകളും നൽകിയിട്ടുണ്ട്. ലെതറുകൾ, അലോയ്കൾ, വുഡ്ട്രിമ്മുകൾ തുടങ്ങി ഓരോരുത്തർക്കും തിരഞ്ഞെടുക്കാനായി നിരവധി ഓപ്ഷനുകളും എസ്.വികളിലുണ്ട്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവി അടുത്തിടെയാണ് രാജ്യത്ത് അവതരിപ്പിച്ചത്. പഴയ വാഹനത്തെ പുനർരൂപകൽപ്പന ചെയ്യുകയും നവീകരിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്താണ് നിരത്തിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ അവതരിപ്പിച്ച 2022 റേഞ്ച് റോവറിന് ഇന്ത്യയിൽ 2.31 കോടി രൂപയാണ് (എക്സ്-ഷോറൂം) വില. 2024ൽ സമ്പൂർണ വൈദ്യുത കാറായും റേഞ്ച്റോവറിനെ പുറത്തിറക്കാൻ ലാൻഡ് റോവറിന് പദ്ധതിയുണ്ട്. 2030ൽ മുഴുവൻ ലാൻഡ്റോവറുകളും വൈദ്യുതിയിലേക്ക് മാറും.
എം.എൽ.എ ഫ്ലെക്സ് ആർക്കിടെക്ചർ
ലാൻഡ് റോവറിന്റെ പുതിയ എം.എൽ.എ ഫ്ലെക്സ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് പുതിയ റേഞ്ച് റോവർ നിർമിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലോങ് വീൽബേസ് ഫോമുകളിൽ വാഹനം ലഭ്യമാണ്. ഏഴ് സീറ്റർ വാഹനവും ഉണ്ടാകും. ആദ്യമായാണ് റേഞ്ച് റോവറിൽ ഏഴ് സീറ്റുകളുടെ ഓപ്ഷൻ നൽകുന്നത്. നിരവധി പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം പെട്രോൾ ഹൈബ്രിഡ് വകഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്.
80 ശതമാനം അലുമിനിയംകൊണ്ടാണ് ഷാസി നിർമിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ക്രാഷ് പ്രൊട്ടക്ഷനും സൗണ്ട് പ്രൂഫിങ്ങും ഷാസി നൽകും. സ്റ്റാൻഡേർഡ്, പനോരമിക് സൺറൂഫ് മോഡലുകളെല്ലാം സുരക്ഷയിൽ മുന്നിലാണ്. മുൻഗാമിയേക്കാൾ അൽപ്പം ഭാരമുള്ളതാണ് പ്ലാറ്റ്ഫോമെങ്കിലും നിരവധി മേഖലകളിലെ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്.
എക്സ്റ്റീരിയർ
ക്ലീൻ ഡിസൈനാണ് വാഹനത്തിനായി ലാൻഡ്റോവർ എഞ്ചിനീയർമാർ ഒരുക്കിയത്. ക്ലേ മോഡലിനെ അനുസ്മരിപ്പിക്കുന്ന പുറംഭാഗത്ത് ബോഡിലൈനുകളും കയറ്റിറക്കങ്ങളും തീരെയില്ല. ഫ്ലോട്ടിങ് റൂഫ്, ക്ലാംഷെൽ ബോണറ്റ് എന്നിവയുമുണ്ട്. പിൻഭാഗത്ത് വലിയ ഗ്ലോസ് ബ്ലാക്ക് പാനൽ നൽകിയിട്ടുണ്ട്. ബ്രേക്ക് ലൈറ്റുകളും ഇൻഡിക്കേറ്ററുമെല്ലാം ഗ്ലാസ് പാനലിനുള്ളിൽ മറഞ്ഞിരിക്കുന്നു. ഉപയോഗത്തിലില്ലാത്തപ്പോൾ ഇവ അദൃശ്യമാണ്. അടുത്ത തലമുറ ഇവോക്കിലും റേഞ്ച് റോവർ സ്‌പോർട്ടിലും എല്ലാം ഇൗ ഡിസൈൻ പിൻതുടരും.
ടെയിൽ-ലൈറ്റുകൾ നിലവിലുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എൽ.ഇ.ഡികൾ ഉപയോഗിക്കുന്നു. ഓരോ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിലും 1.2 ദശലക്ഷം വ്യക്തിഗത മിററുകൾ അടങ്ങിയിരിക്കുന്നു. അത് പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടിയിൽ നിന്ന് പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഒൗഡിയിലെ മാട്രിക്സ് ഹെഡ്ലൈറ്റിന് സമാനമാണിത്. ഗ്രില്ലും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. വെലാറിൽ ആദ്യം കണ്ട പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകളും വാഹനത്തിന് ആകർഷകമായ രൂപം നൽകുന്നു. വർധിച്ച എയറോഡൈനാമിസിറ്റിയും പ്രത്യേകതയാണ്.
ഇൻറീരിയർ
പുതിയ റേഞ്ച് റോവറിന്റെ ഇന്റീരിയർ പൂർണമായും നവീകരിച്ചു. ഫ്ലോട്ടിങ് 13.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പ്രാഥമിക നിയന്ത്രണങ്ങളെല്ലാം ഉൾക്കൊള്ളുന്നു. ലാൻഡ് റോവറിന്റെ പിവി പ്രോ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ തലമുറയാണ് ഇതിൽ പ്രവർത്തിക്കുന്നത്. രണ്ട് പ്രസ്സുകളിൽ 90% ഫംഗ്‌ഷനുകളിലേക്കും സ്‌ക്രീൻ ആക്‌സസ് നൽകും. വയർലെസ് സ്മാർട്ട്ഫോൺ മിററിങ്, ആമസോൺ അലക്സ സ്പീച്ച് റെക്കഗ്നിഷൻ എന്നിവ എല്ലാ മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 13.7 ഇഞ്ച് ഹൈ-ഡെഫനിഷൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അപ്‌റേറ്റഡ് ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ലഭിക്കും.
എ.സി നിയന്ത്രണത്തിനായി ഫിസിക്കൽ ഡയലുകളും ഉണ്ട്, സ്റ്റിയറിങ് വീൽ തികച്ചും പുതുമയുള്ളതാണ്. സെന്റർ കൺസോളും ഏറെ ഭംഗിയുള്ളതാണ്. പിന്നിൽ, 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും 8.0 ഇഞ്ച് ടച്ച് കൺട്രോൾ പാനലും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലിന് മുമ്പത്തേക്കാൾ 75 എംഎം നീളമുണ്ട്. മെച്ചപ്പെട്ട റിയർ ലെഗ് റൂം ഇതുമൂലം ലഭിക്കും. ലോങ് വീൽബേസ് ഓപ്ഷനിൽ ആക്‌സിലുകൾക്കിടയിൽ 200 എംഎം അധിക ഇടമുണ്ട്. ഇൗ മോഡലിൽ മധ്യനിരയിലെ ലെഗ് റൂം ഒരു മീറ്ററിൽ കൂടുതലാണ്. മൂന്നാം നിര സീറ്റും വിശാലമാണ്. ആറടി ഉയരമുള്ള മുതിർന്നവർക്കും മൂന്നാം നിരയിൽ സുഖമായി ഇരിക്കാമെന്നാണ് ലാൻഡ് റോവർ പറയുന്നത്.
എഞ്ചിൻ
നാല് സിലിണ്ടർ എഞ്ചിൻ ഓപ്ഷനുകൾ ലാൻഡ്റോവർ നൽകുന്നില്ല. ഹൈബ്രിഡുകൾ ഗണ്യമായ മെച്ചപ്പെട്ടു. ഏറ്റവും ഉയർന്ന മോഡലിൽ സൂപ്പർചാർജ്ഡ് 5.0-ലിറ്റർ V8 ഇരട്ട-ടർബോ യൂനിറ്റാണ് വരുന്നത്. ബി.എം.ഡബ്ല്യൂ ആണ് ഇൗ എഞ്ചിൻ നൽകുന്നത്. 523hp ഉം 750Nm ഉം എഞ്ചിൻ ഉത്പ്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 4.6 സെക്കൻഡിൽ 100kph വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. 3.0-ലിറ്റർ ഇൻജീനിയം സ്‌ട്രെയിറ്റ് സിക്‌സുകളാണ് (രണ്ട് പെട്രോൾ, മൂന്ന് ഡീസൽ) പ്രധാന എഞ്ചിൻ ശ്രേണി. 48V മൈൽഡ്-ഹൈബ്രിഡ് യൂനിറ്റും നൽകിയിട്ടുണ്ട്.
എൻട്രി ലെവൽ ഡി 250 ഡീസൽ 246hp മുതൽ പി 400 പെട്രോളിൽ 395hp വരെ പവർ ഔട്ട്‌പുട്ടുകളും ലഭിക്കും.എല്ലാ എഞ്ചിനുകളും എട്ട്-സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ റേഞ്ച് റോവറിൽ സസ്‌പെൻഷനും സ്റ്റിയറിങും പൂർണ്ണമായും പരിഷ്‌ക്കരിച്ചു. മികച്ച ഓഫ് റോഡ് ശേഷിയുള്ള വാഹനമാണിത്. 900 എംഎം വരെ ആഴത്തിൽ വെള്ളത്തിലൂടെ ഓടിക്കാൻ സാധിക്കും. ഡിഫൻഡറിന് സമാനമാണിത്. 295 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ആവശ്യെമങ്കിൽ 145 എംഎം കൂടി ഉയർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.