റെക്കോർഡ് ബുക്കിങ്, എന്നിട്ടും വിൽപ്പന ഇടിഞ്ഞു; ജാഗ്വാർ ലാൻഡ്റോവറിന് ഇതെന്തുപറ്റി
text_fieldsഎണ്ണം പറഞ്ഞ മോഡലുകളുമായി ആഗോളതാരമായി മിന്നുന്ന വാഹന നിർമാതാവാണ് ജാഗ്വാർ ലാൻഡ്റോവർ(ജെ.എൽ.ആർ). നമ്മുടെ സ്വന്തം ടാറ്റയുടെ ഉടമസ്ഥതയിലുള്ള വാഹന കമ്പനികൂടിയാണ് ജെ.എൽ.ആർ. ഡിഫൻഡർ, റേഞ്ച് റോവർ, റേഞ്ച്റോവർ സ്പോർട്സ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ പുത്തൻ പതിപ്പുകൾ അടുത്തിടെ ലാൻഡ്റോവർ പുറത്തിറക്കിയിരുന്നു. വമ്പിച്ച ആവശ്യകതയാണ് ഈ വാഹനങ്ങൾക്ക് ലോകത്താകമാനം ഉയർന്നുവന്നത്.
കാര്യം ഇതൊെക്കയാണെങ്കിലും 2022 ജൂണ്‍ പാദത്തിലെ വില്‍പ്പനയില്‍ 37 ശതമാനം ഇടിവാണ് കമ്പനിക്ക് നേരിടേണ്ടിവന്നത്. 78,825 യൂനിറ്റുകളാണ് കഴിഞ്ഞപാദത്തില്‍ ജെ.എൽ.ആർ വിറ്റഴിച്ചത്. 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജാഗ്വാര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന 48 ശതമാനം ഇടിഞ്ഞ് 15,207 യൂനിറ്റിലെത്തി. ലാന്‍ഡ് റോവറിന്റെ വില്‍പ്പന 33 ശതമാനം കുറഞ്ഞ് 63,618 യൂനിറ്റിലെത്തി.
വില്ലനായി ചിപ്പ് ക്ഷാമം
ആഗോളതലത്തിലുണ്ടായ ചിപ്പ് ക്ഷാമമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയ്ക്ക് തിരിച്ചടിയായത്. റെക്കോര്‍ഡ് ബുക്കിങ് ഉണ്ടായിരുന്നിട്ടും, ആഗോള ചിപ്പ് ക്ഷാമം കാരണം വില്‍പ്പന പരിമിതപ്പെടുത്തുന്നത് തുടരുകയാണ്. ചൈനയിലെ കോവിഡ് ലോക്ഡൗണുകളും വിൽപ്പന ഇടിവിന് കാരണമായതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നിരുന്നാലും, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ശക്തമായി തുടരുകയാണെന്നും കമ്പനി പറഞ്ഞു.
2022 ജൂണ്‍ വരെ, മൊത്തം ബുക്കിങ് ഏകദേശം രണ്ട് ലക്ഷത്തോളമാണ്. 2022 മാര്‍ച്ചില്‍ നിന്ന് ഏകദേശം 32,000 ബുക്കിങ്ങുകളാണ് വര്‍ധിച്ചത്. പുതിയ റേഞ്ച് റോവറിന് 62,000ലധികം ഓര്‍ഡറാണ് ലഭിച്ചത്. പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ടിനും ഡിഫന്‍ഡറിനും യഥാക്രമം 20000, 46000 ഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി വ്യക്തമാക്കി. 2008ലാണ് ടാറ്റ സൺസ് ജാഗ്വാർ ലാൻഡ്റോവറിനെ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.