ജീപ്പ് കോമ്പസിന്‍റെ വില കുറഞ്ഞ മോഡൽ; എതിരാളികളുടെ 'ദിശ' തെറ്റിക്കാൻ ബ്ലാക്ക് ഷാർക്ക്
text_fieldsജീപ്പ് കോമ്പസ് എസ്.യു.വിയുടെ ടൂ വീൽ ഡ്രൈവ് മോഡലായ ബ്ലാക്ക് ഷാർക്ക് എഡിഷൻ അവതരിപ്പിച്ചു. ഇതുവരെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സ്റ്റാൻഡേർഡ് ആയിരുന്ന 4X4 ഹാർഡ്‌വെയർ ഒഴിവാക്കിയാണ് ജീപ്പ് പുതിയ വേരിയന്റിനെ അവതരിപ്പിച്ചത്. ഡീസൽ പവർട്രെയിനിൽ വരുന്ന വാഹനം ജീപ്പിന്‍റെ ഏറ്റവും വിലകുറഞ്ഞ ഇന്ത്യയിലെ കോമ്പസ് മോഡലാണ്. പുതിയ കോമ്പസിന്റെ വില 20.49 ലക്ഷം രൂപയിൽ തുടങ്ങി 23.99 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വരെയാണ്. ജീപ്പ് ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് നിലവില്‍ എക്സ്-ഷോറൂം വില 29 ലക്ഷം രൂപക്ക് മുകളിലാണ്.
പുതിയ ചുവപ്പും കറുപ്പും നിറത്തിലാണ് കോമ്പസ് എത്തിയിരിക്കുന്നത്. എ, ബി പില്ലറുകളും റൂഫും കറുപ്പ് നിറത്തിലാണ്. കറുപ്പണിഞ്ഞ ഗ്രിൽ മുൻവശത്തിന് കൂടുതൽ ഭംഗി നൽകുന്നു. ബ്ലാക്ക് ഷാർക്ക് ബാഡ്ജിങും കാണാം. മെറിഡിയനിൽ നിന്നും എടുത്ത അലോയ് വീലുകളാണ് ബ്ലാക്ക് ഷാർക്കിലുള്ളത്. എന്നാൽ അവക്ക് ഡ്യുവൽ ടോണിന് പകരം ബ്ലാക്ക്ഡ്-ഔട്ട് ഫിനിഷാണ് നൽകിയത്.
കൂടാതെ നിരവധി ഫീച്ചറുകളും ലോഡ് ചെയ്തിട്ടുണ്ട്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു.
9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കോമ്പസിന്‍റെ ഹൃദയം. പരമാവധി 168 ബി.എച്ച്.പി കരുത്തും 350 എൻ.എം ടോർക്കും ഇത് ഉൽപാദിപ്പിക്കും. 16.2 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ജീപ്പ് വാഗ്ദാനം ചെയ്യുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.8 സെക്കൻഡ് മതി.
ബി.എസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ജീപ്പ് നിർത്തലാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ കോമ്പസ് ശ്രേണിയിൽ ഡീസൽ എഞ്ചിൻ മാത്രമായി. പെട്രോൾ വേരിയന്റ് ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.