ജീപ്പിന്‍റെ കറുത്ത കുറുമ്പൻ
text_fieldsകറുത്ത വണ്ടികൾക്ക് പ്രത്യേക അഴകാണ്. വലിപ്പമുള്ള വാഹനങ്ങൾക്ക് ഏഴഴക് വരെ ഉണ്ടത്രേ. ഇക്കാര്യം ഈ അടുത്ത കാലത്താണ് ജീപ്പ് ഇന്ത്യ കാര്യമായി ശ്രദ്ധിച്ചത്. ഉടനെ അവർ അകവും പുറവും കറുത്ത ഒരു ജീപ്പിനെ ഇറക്കി. ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ. കുറച്ചുനാളായി കരിങ്കോഴികൾക്ക് ആരാധകർ കൂടിയതും ഈ തീരുമാനത്തിന് ഒരു കാരണമായിട്ടുണ്ടാവാം. വെറും കോഴിയല്ല പരുന്താണെന്ന് നൈറ്റ് ഈഗിൾ എന്ന പേര് വിളിച്ചുപറയുന്നുണ്ട്. ആഗോള വിപണിയിൽ കഴിഞ്ഞ വർഷം ആണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷൽ എഡിഷൻ എത്തിയത്. നിലവിൽ ടീസർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ശരിക്കുള്ള വണ്ടി ഉടൻ നിരത്തിലെത്തും.
ഗ്ലോസ് ബ്ലാക്ക് കളറുള്ള ഭാഗങ്ങളാണ് കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷൽ എഡിഷനുള്ളത്. ഗ്രിൽ, വിൻഡോ ലൈൻ, ജീപ്പ് ബാഡ്ജ് എന്നിവ കറുപ്പായി. 18 ഇഞ്ച് അലോയ് വീലുകളും കറുപ്പാണ്. കറുപ്പ് നിറത്തിലുള്ള റൂഫ് ആണ് മറ്റൊരു പ്രത്യേകത. കറുപ്പ് നിറത്തിലുള്ള ലെതർ അപ്ഹോൾസ്റ്ററിയും ഡാഷ്ബോർഡിലടക്കമുള്ള കറുപ് ട്രിമ്മുകളും അകംഭാഗവും കറുപ്പിച്ചെടുക്കുന്നു. ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 8.4-ഇഞ്ച് യുകണക്ട് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, സെനോൺ പ്രൊജക്ടർ ഹെഡ്‍ലാംപുകൾ എന്നീ ഫീച്ചറുകളും ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷൽ എഡിഷനിലുണ്ടാകും.
161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമുള്ള 1.4 ലിറ്റർ പെട്രോൾ എൻജിൻ, 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കുമുള്ള 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിൻ എന്നിവയിൽ കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷൽ എഡിഷൻ കിട്ടും. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴൂ സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ എൻജിനൊപ്പമുള്ള ഗിയർബോക്‌സ് ഓപ്ഷനുകൾ. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ആണ് ഡീസൽ എൻജിനൊപ്പമുള്ള ഗിയർ ബോക്സുകൾ. കംപ്ലീറ്റ് കറുപ്പ് എന്നൊക്കെ പറയാമെങ്കിലും കൊളറാഡോ റെഡ്, ഹൈഡ്രോ ബ്ലൂ, മാഗ്നേഷ്യോ ഗ്രേ, മിനിമൽ ഗ്രേ, വോക്കൽ വൈറ്റ് എന്നീ നിറങ്ങളിൽ ആഗോള വിപണിയിൽ കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷൽ എഡിഷൻ വിൽപനക്കുണ്ട്. ഇതിൽ ഏതൊക്കെ നിറങ്ങൾ ഇന്ത്യയിൽ വരുമെന്നത് കാത്തിരുന്ന് കാണണം. വില 22 ലക്ഷത്തിൽ തുടങ്ങും എന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.