90 കോടി മുടക്ക്; 289 കിലോമീറ്റർ വേഗത: ഇത് ജോയ് ആലുക്കാസിന്‍റെ പുതിയ ഹെലികോപ്റ്റർ
text_fieldsതൃശൂർ: അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള ആഢംബര ഹെലികോപ്റ്റർ സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ്. 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എ.ഡബ്ല്യു 109 ഗ്രാന്‍റ് ന്യൂ ഇരട്ട എൻജിൻ കോപ്റ്ററാണ് ജോയ് ആലുക്കാസ് തൃശൂരിലെത്തിച്ചത്.
ആഗോള തലത്തിൽ വ്യവസായികളും ഉന്നത ബിസിനസ് എക്സിക്യൂട്ടീവുകളും സ്വകാര്യ യാത്രകൾക്ക് ഉപയോഗിക്കുന്ന അതീവ സുരക്ഷിത ഹെലികോപ്റ്ററിന് മണിക്കൂറിൽ 289 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയും. ആശീർവാദ കർമം ഫാ. ബില്ലിസ് നിർവഹിച്ചു. തൃശ്ശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്, ജോളി ജോയ്, എൽസ തോമസ് എന്നിവർക്ക് പുറമെ ബിസിനസ്സ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ജോയ് ആലുക്കാസ് മാനേജ്മെന്‍റ് ടീമിന് ആവശ്യമായി വരുന്ന ഇന്ത്യയിലുടനീളമുള്ള യാത്രകൾക്കാണ് ഈ കോപ്റ്റർ പ്രധാനമായും ഉപയോഗിക്കുക. സമാനതകളില്ലാത്ത സാങ്കേതികവിദ്യയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ഇത് പാലിക്കുന്നുണ്ടെന്ന് ജോയ് ആലുക്കാസ് എം.ഡി ജോയ് ആലുക്കാസ് പറഞ്ഞു. ഇറ്റാലിയൻ കമ്പനിയായ ലിയോനാഡോ ഹെലികോപ്റ്റേഴ്സ് നിർമിച്ച കോപ്റ്ററാണിത്.
രണ്ടു പൈലറ്റുമാരേയും ഏഴുവരെ യാത്രക്കാരേയും വഹിക്കാൻ ശേഷിയുണ്ട്. നാലര മണിക്കൂർ വരെ നിലത്തിറങ്ങാതെ പറക്കാൻ ശേഷിയുണ്ട്. ഓട്ടോമാറ്റിക് നേവിഗേഷൻ സംവിധാനം, ഡിജിറ്റൽ ഓട്ടോ പൈലറ്റ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യത നൽകുന്ന ഇ.വി.എസ്, കാർഗോ ഹുക്ക് കാമറകൾ തുടങ്ങിയവ ഹെലികോപ്റ്ററിനെ വേറിട്ടതാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.