17 ലക്ഷത്തിന് ആഡംബര വേരിയന്റ്; കാരെൻസിന് പുതിയ മുഖവുമായി കിയ
text_fields2022ൽ ഇന്ത്യയിലെ ഏറ്റവും മികച്ച കാറുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട വാഹനമാണ് കിയ കാരൻസ്. എം.പി.വി വിഭാഗത്തിൽ നാം ഇതുവരെ കാണാത്തൊരു സൗന്ദര്യശാസ്ത്രവുമായാണ് കിയ കാരെൻസിനെ പുറത്തിറക്കിയത്. ഒരു കംപ്ലീറ്റ് എം.പി.വി എന്നാണ് കിയ കാരൻസ് ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെടുന്നത്. ഇപ്പോഴിതാ കാരെൻസ് എം.പി.വി നിരയിലേക്ക് പുതിയൊരു വേരിയന്റുകൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ലക്ഷ്വറി (ഒ) എന്നതാണ് മോഡൽ നിരയിലേക്ക് ഇപ്പോഴെത്തിയിരിക്കുന്ന വകഭേദത്തിന്റെ പേര്. 17 ലക്ഷം രൂപ മുതലാണ് പുതിയ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രം വരുന്ന വേരിയന്റ് ലക്ഷ്വറിക്ക് മുകളിലും ലക്ഷ്വറി പ്ലസ് ട്രിമ്മുകൾക്ക് താഴെയുമാണ് സ്ഥാനംപിടിക്കുക.
ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ മോഡൽ ഒട്ടും പിന്നിലല്ല. മൾട്ടി ഡ്രൈവ് മോഡുകൾക്കൊപ്പം ആംബിയന്റ് ലൈറ്റിംഗും ഇലക്ട്രിക് സൺറൂഫും വാഹനത്തിലുണ്ട്. പക്ഷേ ടോപ്പ് എൻഡിലെ ചില പ്രധാന സവിശേഷതകൾ കിയ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്.
8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് ലക്ഷ്വറി (ഒ) വേരിയന്റിൽ നിന്ന് ബ്രാൻഡ് ഒഴിവാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങൾ കൂടി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ലക്ഷ്വറി പ്ലസ് വേരിയന്റിലേക്ക് ചേക്കേറാനാവും.
സുരക്ഷയാലും മറ്റ് സൗകര്യങ്ങളാലും ഒട്ടും പിന്നിലല്ലാത്ത കാരെൻസിന്റെ പുതിയ വേരിയന്റിൽ ഡ്രൈവർ, പാസഞ്ചർ, കർട്ടൻ എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, നാല് വീലിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയുമായാണ് വരുന്നത്.
16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, എല്ലാ സീറ്റുകളിലും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇതിൽ സ്റ്റാൻഡേർഡാണ്.
4.2 ഇഞ്ച് കളർ എം.ഐ.ഡി, ഒ.ടി.എ അപ്‌ഡേറ്റുകളുള്ള കിയ കണക്റ്റ് യുഐ, ലെതർ സ്റ്റിയറിങ് വീൽ, എയർ പ്യൂരിഫയർ, സീറ്റ് ബാക്ക് ടേബിളുകൾ, ടെലിസ്‌കോപ്പിക് സ്റ്റിയറിങ് വീൽ, അണ്ടർ സീറ്റ് ട്രേ, ഫുൾ ലെതറെറ്റ് സീറ്റുകൾ, ക്രൂസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവയും പുതിയ ലക്ഷ്വറി (ഒ) വേരിയന്റിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.
1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ വാഹനം ലഭ്യമാണ്. പെട്രോൾ വേരിയന്റിന് 160 bhp കരുത്തിൽ പരമാവധി 253 Nm ടോർക് ഉത്പാദിപ്പിക്കാനാവും. ഡീസൽ എഞ്ചിനാവട്ടെ 115 bhp പവറിൽ 250 Nm ടോർക് വരെയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.