30297 കാരെൻസ് യൂനിറ്റുകൾ തിരിച്ചുവിളിച്ചു; കാരണം വെളിപ്പെടുത്തി കിയ
text_fieldsകിയ കാരെൻസ് എം.പി.വിയുടെ 30000ത്തിലധികം യൂനിറ്റുകൾ തിരിച്ചുവിളിച്ചതായി കിയ ഇന്ത്യ അറിയിച്ചു. 2022 സെപ്തംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ നിർമിച്ച കാരെൻസിന്റെ 30297 യൂനിറ്റുകൾ തിരിച്ചുവിളിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ഒരു തകരാർ പരിഹരിക്കാനാണ് തിരിച്ചുവിളി എന്നാണ് കിയ അറിയിച്ചത്. തകരാർ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ സൗജന്യമായി പരിഹരിക്കുമെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം.
'കിയയുടെ ഗ്ലോബൽ സ്റ്റാൻഡേർഡ് പ്രകാരം നിയന്ത്രിക്കപ്പെടുന്ന ഘടകങ്ങളുടെ പതിവ് പരിശോധനകൾ കമ്പനി നടത്തുന്നുണ്ട്. ക്ലസ്റ്റർ ബൂട്ടിങ് പ്രക്രിയയിലുള്ള പിശക് പരിശോധിക്കുന്നതിനാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. ഈ കാലയളവിൽ ഉപഭോക്താക്കൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് കമ്പനി പരമാവധി ശ്രദ്ധിക്കും. ബന്ധപ്പെട്ട വാഹനങ്ങളുടെ ഉടമകളുമായി നേരിട്ട് ബന്ധപ്പെടും' -കിയ ഇന്ത്യ ഒൗദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എയർബാഗ് കൺട്രോൾ മൊഡ്യൂൾ സോഫ്‌റ്റ്‌വെയറിലെ തകരാർ കാരണം 2022 ഒക്‌ടോബറിലും കാരെൻസിനെ കിയ തിരിച്ചുവിളിച്ചിരുന്നു.
10.45 ലക്ഷം രൂപയിൽ തുടങ്ങി 18.95 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) കിയ കാരൻസിന്‍റെ വില. മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി എക്സ്.എൽ.സിക്സ് എന്നിവയാണ് കാരൻസിന്‍റെ പ്രധാന എതിരാളികൾ. 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടി 115 പി.എസ് കരുത്തും 144 എൻ.എം ടോർക്കുമുള്ള 1.5-ലിറ്റർ സ്മാർട്ട് സ്ട്രീം പെട്രോൾ, 6 സ്പീഡ് ഐ.എം.ടി, 7 സ്പീഡ് ഡി.സി.ടിയോടുകൂടി 160 പി.എസ് കരുത്തും 253 എൻ.എം ടോർക്കുമുള്ള സ്മാർട്ട് സ്ട്രീം ടി-ജി.ഡി.ഐ പെട്രോൾ, 6സ്പീഡ് ഐ.എം.ടി, 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോടുകൂടി 116 പിസ് കരുത്തും 250 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന സി.ആർ.ഡി.ഐ വി.ജി.ടി ഡീസൽ എൻജിൻ എന്നിവയാണ് കാരെൻസിന്‍റെ ഹൃദയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.