കാർണിവൽ എം.പി.വി പിൻവലിച്ച് കിയ; പുതിയ അവതാരപ്പിറവിക്കായി കാത്തിരിക്കണം
text_fieldsകാര്‍ണിവൽ എം.പി.വി പിൻവലിച്ച് കിയ മോട്ടോർസ്. കമ്പനിയുടെ പ്രീമിയം എം.പി.വിയുടെ ബുക്കിങുകള്‍ നിർത്തലാക്കിയെന്നും കാര്‍ താൽക്കാലികമായി വിപണിയില്‍ നിന്ന് പിന്‍വലിച്ചതായുമാണ് ഡീലര്‍ഷിപ്പുകൾ വ്യക്തമാക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റില്‍ ഇന്ത്യയില്‍ ലഭ്യമായ മോഡലുകളുടെ പട്ടികയില്‍ നിന്ന് കിയ കാർണിവലിനെ നീക്കം ചെയ്തിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് കാർണിവൽ പിൻവലിച്ചതെന്നാണ് വിവരം. പുതിയ മാനദണ്ഡങ്ങൾ വന്നതോടെ കാര്‍ണിവല്‍ പുറത്തിറക്കാനാകാത്ത സാഹചര്യത്തില്‍ വൈകാതെ നിര്‍ത്തലാക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റയെ ഒഴിവാക്കി കിയ കാർണിവൽ വാങ്ങിയത് നേരത്തേ വാർത്തകളിൽ നിറഞ്ഞിരുന്നു. മികച്ച വാഹനമായിട്ടും ഉയർന്ന വില കാർണിവലിന് തിരിച്ചടിയായിരുന്നു.
കാർണിവൽ തിരിച്ചുവരും
നിലവിലെ കാര്‍ണിവല്‍ പിൻവലിച്ചെങ്കിലും അടുത്ത വര്‍ഷം പുതിയ അവതാരത്തില്‍ പിറവിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ കാർണിവലിന്റെ പുതിയ വകഭേദമായ KA4 എംപിവി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ മോഡലായിരിക്കും ഇന്ത്യയിലേക്ക് വരിക.
2020-ലാണ് കിയ കാര്‍ണിവല്‍ പ്രീമിയം എം.പി.വി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. മൂന്ന് ട്രിമ്മുകളിലായാണ് കാര്‍ണിവല്‍ വിറ്റിരുന്നത്. സീറ്റിങ് കപ്പാസിറ്റി 9 വരെ വാഗ്ദാനം ചെയ്തിരുന്നു. ഇടയ്ക്ക് എംപിവിയെ കിയ പരിഷ്‍കരിച്ചിരുന്നു. 31 ലക്ഷം മുതല്‍ 35.50 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന്റെ എക്സ്‌ഷോറൂം വില. ഈ പ്രൈസ് റേഞ്ചില്‍ കിയ കാര്‍ണിവലിന് നേരിട്ട് എതിരാളികള്‍ ഉണ്ടായിരുന്നില്ല. കാര്‍ണിവലിന്റെ ഏറ്റവും അടുത്ത എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന വേരിയന്റുകള്‍ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.