അതിവേഗത്തിൽ 10 ലക്ഷം കാറുകളുടെ വില്‍പ്പന; ഇന്ത്യയില്‍ ചുവടുറപ്പിച്ച് കിയ
text_fieldsരൂപഭംഗികൊണ്ടും മികച്ച ഫീച്ചറുകള്‍ കൊണ്ടും വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ കൊറിയന്‍ ബ്രാന്‍ഡാണ് കിയ. വിപണിയില്‍ അവതരിപ്പിച്ച് കുറഞ്ഞ നാളുകള്‍ കൊണ്ട് തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വിപണി വിഹിതവും വില്‍പ്പനയിലെ എണ്ണവും ഇത് സൂചിപ്പിക്കുന്നു. ഏറ്റവുമൊടുവിൽ ആഭ്യന്തര വിപണിയില്‍ 10 ലക്ഷം കാറുകളുടെ വില്‍പ്പനയെന്നയെന്ന ശ്രദ്ധേയമായ നാഴികക്കല്ലാണ് കിയ മറികടന്നത്. അത്യാധുനിക സാങ്കേതികവിദ്യയും നൂതന രൂപകല്‍പ്പനയുമാണ് കിയ കാറുകളുടെ ഹൈലൈറ്റ്. ഇന്ത്യയിലെത്തി 59 മാസങ്ങള്‍ക്കുള്ളിലാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് റെക്കോഡ് കൈവരിച്ചത്. ഇത്രവേഗത്തില്‍ 10 ലക്ഷം യൂണിറ്റിന്റെ വില്‍പ്പന നേടുന്ന ആദ്യ ബ്രാന്‍ഡാണ് കിയ എന്നതും ശ്രദ്ധേയം.
2019ൽ സെല്‍റ്റോസ് എന്ന മിഡ് സൈസ് എസ്.യു.വിയുമായി എത്തിയാണ് കിയ വാഹനപ്രേമികളുടെ മനസ് കീഴടക്കിയത്. അതുവരെ കണ്ട് പരിചയമില്ലാത്ത ഡിസൈനും ഫീച്ചറുകളുമെല്ലാം കോര്‍ത്തിണക്കിയ വാഹനം അതിവേഗമാണ് വിപണി കീഴടക്കിയത്. കാരെന്‍സും കാര്‍ണിവലും കൂട്ടിനെത്തിയതോടെ വിപണിയില്‍ ചെറുചലനങ്ങള്‍ സൃഷ്ടിച്ചു. സോണറ്റിന്റെ പിറവിയോടെ നിരത്തില്‍ തരംഗമായി മാറിയ കിയക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചുരുങ്ങിയ കാലംകൊണ്ട് മറ്റൊരു വാഹന കമ്പനികള്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത ഫാന്‍ബേസും കിയ സ്വന്തമാക്കി. പുതിയ ഇ.വി 9, കാര്‍ണിവല്‍ എന്നിവ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2019 ഓഗസ്റ്റ് മുതല്‍ 2024 ജൂലൈ വരെയുള്ള കമ്പനിയുടെ വില്‍പ്പന 10,23,515 യൂണിറ്റ് കടന്നിരിക്കുകയാണിപ്പോള്‍. വില്‍പ്പനയുടെ 48 ശതമാനവും സെല്‍റ്റോസാണ് കൈയടക്കി വെച്ചിരിക്കുന്നത്. 34 ശതമാനം സോണറ്റും 16 ശതമാനം കാരെന്‍സില്‍ നിന്നുമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഐ.വി.ടി ഓട്ടോമാറ്റിക്, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡി.സി.ടി എന്നീ മൂന്നുതരം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 32 ശതമാനത്തോളം വരും.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സെല്‍റ്റോസ് 4,92,497 യൂണിറ്റുകളും സോണറ്റ് 3,47,670 യൂണിറ്റും കാരെന്‍സ് 1,67,650 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ ഇ.വി 6 1156 യൂണിറ്റുകള്‍ വിറ്റു. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിനുശേഷം കിയ ഇന്ത്യ 265 നഗരങ്ങളിലായി 5,885 ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിച്ചിട്ടുണ്ട്. ആയതിനാല്‍ സര്‍വീസിന്റെയോ സെയില്‍സിന്റെയോ കാര്യത്തില്‍ ആളുകള്‍ക്ക് തലപുകക്കേണ്ടി വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.