44174 കേരൻസ് എം.പി.വി യൂനിറ്റുകൾ തിരിച്ചുവിളിച്ച് കിയ; കാരണം ഇതാണ്
text_fieldsഎയർബാഗുകളിലെ സുരക്ഷാ പ്രശ്‌നങ്ങളെത്തുടർന്ന് 44174 കേരൻസ് എം.പി.വി തിരിച്ചുവിളിച്ച് കിയ ഇന്ത്യ.എയർബാഗ് കൺട്രോൾ മൊഡ്യൂൾ സോഫ്‌റ്റ്‌വെയറിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് നടപടി. സോഫ്‌റ്റ്‌വെയർ നവീകരണത്തിനായുള്ള 'വോളണ്ടറി റീകോൾ കാമ്പെയ്‌ൻ' എന്നാണ് കിയ ഇതിനെ വിശേഷിപ്പിക്കുന്നത്.
'കിയയുടെ ഗ്ലോബൽ സ്റ്റാൻഡേർഡ് അനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന ഘടകങ്ങളുടെ പതിവ് പരിശോധനകൾ നടത്തുന്നുണ്ട്. വാഹനങ്ങൾ തിരിച്ചുവിളിക്കാനും ആവശ്യമെങ്കിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് സൗജന്യമായി നൽകാനും കമ്പനി തീരുമാനിച്ചു. എയർബാഗ് കൺട്രോൾ മൊഡ്യൂളിലെ (എ.സി.യു) സോഫ്‌റ്റ്‌വെയറിൽ എന്തെങ്കിലും പിശകുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
കേരൻസ് ഉടമകളെ നേരിട്ട് ബന്ധപ്പെട്ട് വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന കാര്യം അറിയിക്കും. അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിന് ഉടമകൾ അവരുടെ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകളുമായി ബന്ധപ്പെടണം. കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ കിയ ആപ്പ് സന്ദർശിക്കുകയോ കിയ കോൾ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാം'- കമ്പനി ഇന്ത്യ വ്യക്തമാക്കി
2022 ഫെബ്രുവരിയിലാണ് കാരൻസ് എം.പി.വി ഇന്ത്യയിൽ അവതരിപ്പിച്ചത്. ആറ്, ഏഴ് സീറ്റ് ലേഒൗട്ടും മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് കാരൻസ് എത്തിയത്. 113.4 ബി.എച്ച്.പി കരുത്തും 144 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 138 ബി.എച്ച്.പിയും 242 എൻ.എം ടോർക്കും ഉള്ള 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 113.4 ബി.എച്ച്.പിയും 250 എൻ.എം ടോർക്കും ഉള്ള ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷനുകളിലാണ് കാരൻസ് വിപണിയിലുള്ളത്. 9.59 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.