കിടിലനായി സെൽറ്റോസ്; കർവ്‌ഡ് ഡിസ്‌പ്ലേ മുതൽ എഡാസ് വരെ ഒരുക്കി കിയ മോട്ടോർസ്
text_fieldsസെൽറ്റോസ് എസ്.യു.വി ജൂലൈ നാലിന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് കിയ മോട്ടോർസ്. ഇതോടനുബന്ധിച്ച് ടീസറും കൊറിയൻ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 20 സെക്കൻഡ് നീണ്ടുനിൽക്കുന്ന വിഡിയോ 2023 ജൂലൈ നാലിന് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുമെന്ന സ്ഥിരീകരണമാണ് നൽകുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്.യു.വികളിലൊന്നാണ് സെൽറ്റോസ്. അകത്തും പുറത്തും ധാരാളം മാറ്റങ്ങളോടെയാണ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. ഒരു വർഷം മുമ്പ് ദക്ഷിണ കൊറിയയിലെ ബുസാനിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച കിയ സെൽറ്റോസിന്റെ അതേ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ തന്നെയാണ് ഇന്ത്യയിലേക്കും എത്തുന്നത്.
പുറത്തെ മാറ്റങ്ങൾ
മുൻവശത്തെ പൊളിച്ചെഴുതുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളാണ് കമ്പനി ഇത്തവണ ഒരുക്കിയിട്ടുള്ളത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, പുതിയ ഗ്രില്ല്, ഷാർപ്പ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ എന്നിവ ടീസറിൽ കാണാം. ഫ്രണ്ട് ബമ്പറിന്റെ ഭാഗത്തും സൂക്ഷ്മമായ പുതിയ അലങ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പിൻഭാഗത്തിന് അഴകേകുന്നത് കണക്റ്റഡ് എൽ.ഇ.ഡി ലൈറ്റ് ബാറാണ്. ഇവ ഉപയോഗിച്ച് പുതുതായി രൂപകൽപ്പന ചെയ്ത എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ യോജിപ്പിച്ചിട്ടുണ്ട്. ടെയിൽഗേറ്റും ചെറിയ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ഇതോടൊപ്പം പുത്തൻ കളർ ഓപ്ഷനുകളും മിഡ്-സൈസ് എസ്.യു.വിയിലേക്ക് എത്തും.
അകത്തെ മാറ്റങ്ങൾ
പുറത്തെ പോലെ തന്നെ അകത്തളത്തിലും ധാരാളം മാറ്റങ്ങൾ വാഹനത്തിലുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും സമന്വയിപ്പിക്കുന്ന കർവ്‌ഡ് ഡിസ്‌പ്ലേ പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും. എച്ച്.വി.എ.സി കൺട്രോളുകളും വെന്റുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
പരമ്പരാഗത ഗിയർ ലിവറിന് പകരം റോട്ടറി സെലക്‌ടറായിരിക്കും ഇനിമുതൽ വരിക. ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സർഫസ് ഫിനിഷുകൾ കൂടുതൽ പ്രീമിയമായിരിക്കും. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ റിയർവ്യൂ മിററുകളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ മൊഡ്യൂളാണ് മറ്റൊരു പ്രത്യേകത. 360-ഡിഗ്രി കാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സുരക്ഷ, എഞ്ചിൻ
സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം എഡാസ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ ഫീച്ചറുകൾ കിയ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള 1.5 ലിറ്റർ MPI ഫോർ സിലിണ്ടർ പെട്രോളും 1.5 ലിറ്റർ ഫോർ സിലിണ്ടർ CRDE ഡീസൽ എഞ്ചിനും അതേപടി നിലനിർത്തും. പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ 116 bhp പവറിൽ 250 Nm ടോർക് വരെ നൽകാനാവും.
1.4 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുപകരം പുതിയ കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോ പെട്രോൾ ക്നിറ്റായിരിക്കും വരിക. ഇത് ഇതിനകം തന്നെ പുതിയ തലമുറ വെർനയിലും അൽകസാറിലും ലഭ്യമാണ്. 160 bhp, 253 Nm torque എന്നിങ്ങനെയാണ് ഇതിന്റെ പെർഫോമൻസ് ഔട്ട്പുട്ട്. ഒരു ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലായിരിക്കാം ഇത് അവതരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.