എത്തിയിട്ട് രണ്ട് വർഷം, വിറ്റത് 1.5 ലക്ഷം യൂനിറ്റുകൾ; എതിരാളികളെ വിറപ്പിച്ച് കിയ സോനെറ്റ്
text_fieldsഇന്ത്യയിൽ രണ്ട് വർഷംകൊണ്ട് 1.5 ലക്ഷം സോനെറ്റ് യൂനിറ്റുകൾ വിറ്റഴിച്ച് കിയ മോട്ടോഴ്‌സ്. 2020 സെപ്റ്റംബറിൽ വിപണി വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോയിരുന്ന കോവിഡ് മഹാമാരിയുടെ സമയത്താണ് സോനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീട് ചിപ്പ് ക്ഷാമവും ഉണ്ടായി.
എന്നാൽ, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സോനെറ്റ് മുന്നേറി. മറ്റ് കാർ നിർമ്മാതാക്കൾക്ക് പേടിസ്വപ്നമാവുന്നതാണ് സോനെറ്റിന്‍റെ രണ്ട് വർഷത്തെ വിൽപന. ദക്ഷിണ കൊറിയൻ കാർ കമ്പനിയായ കിയ, ഇന്ത്യയിൽ എത്തിയിട്ട് അധികകാലമായില്ലെങ്കിലും അതിന്റെ മാതൃ കമ്പനിയായ ഹ്യുണ്ടായ്ക്ക് രാജ്യത്ത് ശക്തമായ അടിത്തറയുണ്ട്.
എസ്.യു.വികളോടുള്ള പ്രിയം ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന കാലത്താണ് സോനെറ്റിനെ കിയ ഇന്ത്യയിൽ അവതരിപ്പിച്ചത്. കോംപാക്റ്റ് എസ്.യു.വികൾ, സബ് കോംപാക്റ്റ് എസ്.യു.വികൾ, മൈക്രോ എസ്.യു.വികൾ എന്നിവയുടെ ഒരു പുതിയ വിപണിക്ക് സോനെറ്റിന്‍റെ ജനപ്രീതി കാരണമായി. സബ് കോംപാക്റ്റ് ശ്രേണിയിൽപ്പെടുന്ന സോനെറ്റ് ഇന്ത്യയിലെ കാർ പ്രേമികൾക്ക് പ്രിയങ്കരമാണ്.
ബുക്ക് ചെയ്താൽ 5-6 മാസത്തെ കാത്തിരിപ്പാണ് വേണ്ടിവരുന്നത്. വിപണിയിൽ മികച്ച ട്രാക്ക് റെക്കോർഡിനൊപ്പം രണ്ട് വർഷത്തിനുള്ളിൽ 1.5 ലക്ഷം യൂനിറ്റുകൾ വിറ്റഴിക്കപ്പെട്ടുവെന്നത് കിയയുടെയും സോനെറ്റിന്‍റെയും നാഴികക്കല്ലാണ്.
സോനെറ്റ് അതിന്റെ രൂപകല്പനയിലും പ്രകടനത്തിലും പ്രായോഗികതയിലും മറ്റ് വാഹനങ്ങളെ മറികടക്കുന്നു. െഎ.എം.ടി ട്രാൻസ്മിഷനെ മികച്ചതാക്കിയതോടൊപ്പം ശ്രേണിയിലെ ആദ്യ ഡീസൽ ഓട്ടോമാറ്റിക് അവതരിപ്പിച്ചും സോനെറ്റ് ശ്രദ്ധേയമായി. ഈ വർഷം ഏപ്രിലിൽ, സോനെറ്റിന്റെ താഴ്ന്ന വേരിയന്റുകളിൽ പോലും നാല് എയർബാഗുകൾ സ്റ്റാൻഡേർഡായി ചേർത്ത് വാഹനത്തിന്റെ സുരക്ഷ കിയ കൂടുതൽ വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.